തിരുവനന്തപുരം: കൊവിഡിനെതിരെ പോരാടുന്നതിന് സ്വാശ്രയസംഘങ്ങള്‍ക്ക് അടിയന്തിര സാമ്പത്തിക സഹായമായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് പ്രത്യേക വായ്പ പദ്ധതി അവതരിപ്പിച്ചു. പദ്ധതി ഈ ജൂണ്‍ 30 വരെ ലഭ്യമാണ്. ഈ വായ്പ ലഭിക്കുന്നതിന് നല്ല ട്രാക്ക് റെക്കോര്‍ഡും ഉണ്ടായിരിക്കണം. ബാങ്കിന്റെ ചട്ടമനുസരിച്ച്, 2020 മാര്‍ച്ച് 1ന് പ്രവര്‍ത്തിച്ചിരുന്നതുമായ  സ്വാശ്രയസംഘങ്ങള്‍ക്ക് മാത്രമേ ഈ പ്രത്യേക പദ്ധതി പ്രകാരം വായ്പ ലഭിക്കുകയുള്ളൂ.

സ്വാശ്രയസംഘങ്ങള്‍ അവരുടെ അപേക്ഷകള്‍ ബ്രാഞ്ചിലേ നേരിട്ടോ ബിസിനസ് കറസ്‌പോണ്ടന്റുകളിലൂടെയോ സമര്‍പ്പിക്കാം. ഗ്രൂപ്പിലെ ഓരോ അംഗത്തിനും പരമാവധി 5,000 രൂപയും, ഗ്രൂപ്പിന് ഒരു ലക്ഷം രൂപയുമാണ് ലഭിക്കുക. സ്വാശ്രയസംഘങ്ങള്‍ അപേക്ഷ സമര്‍പ്പിച്ച് ആറ് പ്രവൃത്തി ദിവസത്തിനുള്ളില്‍ വായ്പ തുക അനുവദിക്കും. ആറ് മാസത്തെ പ്രാരംഭ മൊറട്ടോറിയത്തിന് ശേഷം 30 ഇഎംഐകളിലായി വായ്പകള്‍ തിരിച്ചടയ്ക്കാം. പ്രീ-പേയ്‌മെന്റ് ചാര്‍ജുകളോ പ്രോസസ്സിംഗ് ഫീസോ വായ്പയെടുക്കുന്നവരില്‍ നിന്ന് ബാങ്ക് ഈടാക്കുന്നതല്ല.

സ്വാശ്രയസംഘങ്ങള്‍ സമ്പത്ത് വ്യവസ്ഥയുടെ ഒരു പ്രധാന ഭാഗമാണ് അതിനാല്‍ കൊറോണ മഹാമാരിയുടെ സമയത്ത് സ്വയം സഹായ സംഘങ്ങള്‍ക്ക് പിന്തുണ നല്‍കാനും അവരെ സഹായിക്കാനുമുള്ള തങ്ങളുടെ ഭാഗമായാണ് ഈ പ്രത്യേക വായ്പ പദ്ധതി അവതരിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എംഡിയും സിഇഒയുമായ കര്‍ണാം ശേഖര്‍ പറഞ്ഞു.