എന്നാല്‍ എമര്‍ജന്‍സി ഫണ്ട് എന്നത് ഒരിക്കല്‍ ഉണ്ടാക്കി വെച്ച് മറന്നുകളയാനുള്ള ഒന്നല്ല. വരുമാനവും ചെലവുകളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും മാറുന്നതിനനുസരിച്ച് ഈ തുകയിലും മാറ്റം വരുത്തേണ്ടതുണ്ട്.

സാമ്പത്തിക ഉപദേശങ്ങളില്‍ നമ്മള്‍ ആദ്യം കേള്‍ക്കുന്ന ഒന്നാണ് 'എമര്‍ജന്‍സി ഫണ്ട്' അഥവാ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള പണം മാറ്റിവെക്കുക എന്നത്. പലരും ഒരു നിശ്ചിത തുക സേവിങ്‌സ് അക്കൗണ്ടിലോ സ്ഥിര നിക്ഷേപങ്ങളിലോ എത്തിക്കഴിഞ്ഞാല്‍ പിന്നെ അതിനെക്കുറിച്ച് ചിന്തിക്കാറേയില്ല. അപ്രതീക്ഷിതമായി എന്ത് പ്രതിസന്ധി വന്നാലും നേരിടാന്‍ ഈ തുക മതിയാകും എന്നൊരു ധാരണയിലാകും അവര്‍.

എന്നാല്‍ എമര്‍ജന്‍സി ഫണ്ട് എന്നത് ഒരിക്കല്‍ ഉണ്ടാക്കി വെച്ച് മറന്നുകളയാനുള്ള ഒന്നല്ല. വരുമാനവും ചെലവുകളും കുടുംബപരമായ ഉത്തരവാദിത്തങ്ങളും മാറുന്നതിനനുസരിച്ച് ഈ തുകയിലും മാറ്റം വരുത്തേണ്ടതുണ്ട്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാറ്റിവെച്ച തുക ഇന്നത്തെ സാഹചര്യത്തില്‍ മതിയാകണമെന്നില്ല. എമര്‍ജന്‍സി ഫണ്ട് അടുത്തിടെയൊന്നും പരിശോധിച്ചിട്ടില്ലെങ്കില്‍, അതിന് ഏറ്റവും പറ്റിയ സമയമാണിത്. പെട്ടെന്നൊരു ദിവസം നിങ്ങളുടെ വരുമാനം നിലച്ചുപോയാല്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഈ തുക മതിയാകുമോ എന്ന് സ്വയം ചോദിച്ചുനോക്കുക.

കണക്കുകൂട്ടലുകള്‍ എങ്ങനെ വേണം?

പലരും തങ്ങളുടെ മാസച്ചെലവുകളുടെ മൊത്തം തുക കണക്കാക്കിയാണ് എമര്‍ജന്‍സി ഫണ്ട് തീരുമാനിക്കുന്നത്. എന്നാല്‍ അത്യാവശ്യ ചെലവുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കുന്നതാണ് ഇതിലും നല്ലത്. അതായത്, അനാവശ്യ ചെലവുകള്‍ വെട്ടിച്ചുരുക്കിയാലും ഒഴിവാക്കാനാവാത്ത ചില ബാധ്യതകളുണ്ട്. ഭവന വായ്പയുടെ തിരിച്ചടവ്, വീട്ടുവാടക, പലചരക്ക് സാധനങ്ങള്‍, കറന്റ് ബില്‍ ഉള്‍പ്പെടെയുള്ള യൂട്ടിലിറ്റി ബില്ലുകള്‍, കുട്ടികളുടെ സ്‌കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ് പ്രീമിയം, മറ്റു വായ്പകളുടെ ഇഎംഐ, മരുന്നുകള്‍, യാത്രാച്ചെലവുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ തുക കൃത്യമായി കണക്കാക്കിയാല്‍, പെട്ടെന്നൊരു സാമ്പത്തിക പ്രതിസന്ധി വന്നാല്‍ ഓരോ മാസവും കുടുംബത്തിന് എത്ര രൂപ അനിവാര്യമായി വരുമെന്ന് വ്യക്തമാകും.

എത്ര രൂപ മാറ്റിവെക്കണം?

ആറു മാസത്തെ ചെലവുകള്‍ക്ക് വേണ്ട തുക എമര്‍ജന്‍സി ഫണ്ടായി സൂക്ഷിക്കണം എന്നതാണ് സാധാരണയായി നമ്മൾ കേട്ടുവരാറുള്ള ഉപദേശം. ഇതൊരു നല്ല തുടക്കമാണെങ്കിലും, എല്ലാ കുടുംബങ്ങള്‍ക്കും ഇത് അനുയോജ്യമാകണമെന്നില്ല. കുടുംബത്തില്‍ ഒരാള്‍ മാത്രമാണ് വരുമാനമുള്ളതെങ്കിലോ, ജോലി പോയാല്‍ മറ്റൊന്ന് കണ്ടെത്താന്‍ സമയമെടുക്കുന്ന മേഖലയിലാണെങ്കിലോ അല്പം കൂടി വലിയ ഫണ്ട് വേണ്ടിവരും. സ്വന്തമായി ബിസിനസ്സ് നടത്തുന്നവരും, പ്രായമായ മാതാപിതാക്കളോ ചെറിയ കുട്ടികളോ ആശ്രയിച്ചു കഴിയുന്നവരും 9 മുതല്‍ 12 മാസം വരെ മുന്നോട്ട് കൊണ്ടുപോകാന്‍ ആവശ്യമായ തുക മാറ്റിവെക്കുന്നതാണ് കൂടുതല്‍ സുരക്ഷിതം.

നേരെമറിച്ച്, കുടുംബത്തില്‍ രണ്ടുപേര്‍ക്ക് വരുമാനമുണ്ടെങ്കില്‍ ഇത്രയും വലിയ ഫണ്ട് ആവശ്യമായി വരില്ല. കാരണം ഒരാളുടെ ജോലി പോയാലും കുടുംബത്തിലേക്ക് മറ്റൊരു വരുമാനം വരുന്നുണ്ടാകും. എന്നാല്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്കും സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്കും വലിയൊരു തുക എമര്‍ജന്‍സി ഫണ്ടായി ഉള്ളത് വരുമാനം നിലക്കുന്ന ഘട്ടങ്ങളില്‍ വലിയ ആശ്വാസമാകും.

ചെലവുകള്‍ മറക്കരുത്

കണക്കുകൂട്ടലുകളില്‍ പലപ്പോഴും നാം മറന്നുപോകുന്ന മറ്റൊരു കാര്യമുണ്ട്. മാസച്ചെലവുകളായ ഇഎംഐ, ബില്ലുകള്‍ എന്നിവയെല്ലാം നമ്മള്‍ കണക്കാക്കുമെങ്കിലും, വാര്‍ഷിക ചെലവുകളെ പലരും ഇതില്‍ ഉള്‍പ്പെടുത്തില്ല. സാമ്പത്തിക ബുദ്ധിമുട്ടുള്ള സമയമാണെങ്കിലും കുട്ടികളുടെ സ്‌കൂള്‍ ഫീസ്, ഇന്‍ഷുറന്‍സ് പുതുക്കല്‍, വസ്തു നികുതി, വാഹനങ്ങളുടെ സര്‍വീസ് തുടങ്ങിയവ കൃത്യസമയത്ത് അടയ്‌ക്കേണ്ടി വരും. ഇവ പരിഗണിക്കാതിരുന്നാല്‍, നിങ്ങളുടെ എമര്‍ജന്‍സി ഫണ്ട് യഥാര്‍ത്ഥത്തില്‍ ഉള്ളതിനേക്കാള്‍ വലുതാണെന്ന തെറ്റായ തോന്നല്‍ ഉണ്ടാക്കും.