പുതിയ വീടോ ഫ്ലാറ്റോ വാങ്ങുമ്പോൾ പരസ്യങ്ങളിലെ വാഗ്ദാനങ്ങളിൽ വീഴാതെ മറഞ്ഞിരിക്കുന്ന ചിലവുകളെക്കുറിച്ച് ബോധവാന്മാരാകണം. റെറ രജിസ്ട്രേഷൻ, ബിൽഡറുടെ ചരിത്രം, കാർപെറ്റ് ഏരിയ, കരാർ വ്യവസ്ഥകൾ എന്നിവ കൃത്യമായി പരിശോധിക്കേണ്ടതുണ്ട്.

ഒരു പുതിയ വീട് അല്ലെങ്കില്‍ ഫ്‌ലാറ്റ് വാങ്ങുക എന്നത് മിക്ക കുടുംബങ്ങളുടെയും ജീവിതത്തിലെ ഏറ്റവും വലിയ സാമ്പത്തിക നിക്ഷേപങ്ങളില്‍ ഒന്നാണ്. മനോഹരമായ സാമ്പിള്‍ ഫ്‌ലാറ്റും ആകര്‍ഷകമായ ഓഫറുകളും കണ്ട് പെട്ടെന്ന് സെയില്‍സ്മാന്റെ വാഗ്ദാനങ്ങളില്‍ വീഴരുത്. പലപ്പോഴും പരസ്യങ്ങളില്‍ കാണുന്ന വിലയല്ല വീട് കൈയ്യില്‍ കിട്ടുമ്പോള്‍ നമ്മള്‍ കൊടുക്കേണ്ടി വരുന്നത്. മറഞ്ഞിരിക്കുന്ന ചിലവുകളും നിര്‍മ്മാണത്തിലെ താമസമോ പ്ലാനിലെ മാറ്റങ്ങളോ നിങ്ങളുടെ ബജറ്റിനെ പൂര്‍ണ്ണമായും തകിടം മറിച്ചേക്കാം. ഒരു വീട് ബുക്ക് ചെയ്യുന്നതിന് മുന്‍പ് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍ ഇതാ:

റെറ രജിസ്‌ട്രേഷന്‍ ഉറപ്പാക്കുക

ഏതൊരു പ്രോജക്റ്റും വാങ്ങും മുന്‍പ്, ആ സംസ്ഥാനത്തെ ആര്‍.ഇ.ആര്‍.എ (റെറ) വെബ്സൈറ്റില്‍ പ്രൊജക്റ്റ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുക. പരസ്യം ചെയ്യുന്നതിനോ വില്‍ക്കുന്നതിനോ മുന്‍പ് മിക്ക പദ്ധതികളും രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. പ്രൊമോട്ടറുടെ വിവരങ്ങള്‍, സര്‍ക്കാര്‍ അനുമതികള്‍, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തീയതി എന്നിവയെല്ലാം ഈ വെബ്സൈറ്റിലൂടെ മനസ്സിലാക്കാന്‍ സാധിക്കും.

ബില്‍ഡറുടെ മുന്‍കാല ചരിത്രം പരിശോധിക്കുക

സാമ്പിള്‍ ഫ്‌ലാറ്റിലെ ആഡംബരങ്ങള്‍ കണ്ട് മാത്രം ഒരു പ്രോജക്റ്റ് തിരഞ്ഞെടുക്കരുത്. ആ ബില്‍ഡറുടെ മുന്‍കാല പ്രോജക്റ്റുകള്‍ ഏതൊക്കെയാണെന്നും, പറഞ്ഞ സമയത്ത് തന്നെ താക്കോല്‍ കൈമാറിയിട്ടുണ്ടോ എന്നും അന്വേഷിക്കുക.

'സൂപ്പര്‍ ബില്‍റ്റ്-അപ്പ്' അല്ല, കാര്‍പെറ്റ് ഏരിയ നോക്കുക

നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഫ്‌ലാറ്റിന്റെ അംഗീകൃത പ്ലാന്‍, സ്ഥലത്തിന്റെ വിവരങ്ങള്‍, നിര്‍മ്മാണം പൂര്‍ത്തിയാകുന്ന തീയതി എന്നിവയോടൊപ്പം പ്രധാനമായും പരിശോധിക്കേണ്ടത് കാര്‍പെറ്റ് ഏരിയയാണ്

പരസ്യത്തിലെ വിലയല്ല, അന്തിമ വില

പത്രപരസ്യങ്ങളിലോ ബ്രോഷറുകളിലോ കാണുന്ന വിലയായിരിക്കില്ല നിങ്ങള്‍ ഒടുവില്‍ നല്‍കേണ്ടി വരുന്നത്. പാര്‍ക്കിംഗ് ചാര്‍ജ്, ഫ്‌ലോര്‍-റൈസ് ചാര്‍ജ്, മെയിന്റനന്‍സ് ഡെപ്പോസിറ്റ്, ക്ലബ്ബ് ചാര്‍ജ്, ലീഗല്‍ ഫീസ്, സ്റ്റാമ്പ് ഡ്യൂട്ടി, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയെല്ലാം ഇതിലേക്ക് വലിയ രീതിയില്‍ കൂട്ടിച്ചേര്‍ക്കപ്പെടും.

ഒരു ഉദാഹരണം: ഡെവലപ്പര്‍ 80 ലക്ഷം രൂപയ്ക്ക് ഒരു ഫ്‌ലാറ്റ് പരസ്യം ചെയ്യുന്നുവെന്ന് കരുതുക. വിവിധ ചാര്‍ജുകളും നികുതികളും ചേര്‍ത്ത് 8 മുതല്‍ 10 ലക്ഷം രൂപ വരെ അധികമായി നല്‍കേണ്ടി വന്നാല്‍ നിങ്ങളുടെ മുഴുവന്‍ സാമ്പത്തിക പ്ലാനിങ്ങും മാറും.

കരാര്‍ വായിച്ചു മനസ്സിലാക്കുക

സെയില്‍സ്മാന്‍ വാക്കാല്‍ പറയുന്ന വാഗ്ദാനങ്ങളേക്കാള്‍ ശ്രദ്ധിക്കേണ്ടത് രേഖാമൂലമുള്ള സെയില്‍സ് അഗ്രിമെന്റിനെക്കുറിച്ചാണ്. കാര്‍പെറ്റ് ഏരിയ, ഫ്‌ലാറ്റ് നമ്പര്‍, നിര്‍മ്മാണ സാമഗ്രികളുടെ വിവരങ്ങള്‍, മൊത്തത്തിലുള്ള വില, പണം നല്‍കേണ്ട രീതി, വീട് കൈമാറുന്ന തീയതി എന്നിവ ഇതില്‍ വ്യക്തമായി ഉണ്ടെന്ന് ഉറപ്പുവരുത്തുക.

നിര്‍മ്മാണ പുരോഗതിയും താക്കോല്‍ കൈപ്പറ്റുന്നതും

നിര്‍മ്മാണ ഘട്ടങ്ങള്‍ക്കനുസരിച്ചാണ് പണം നല്‍കേണ്ടതെങ്കില്‍, പ്രവൃത്തി ആ കൃത്യം ആ ഘട്ടത്തിലെത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം പണം നല്‍കുക. നല്‍കിയ പണത്തിന്റെ രസീതുകളും ഡിമാന്‍ഡ് ലെറ്ററുകളും സൂക്ഷിച്ചു വെക്കുക.