2026 ൽ നിലവിൽ വന്ന പുതിയ ഇപിഎഫ് സ്കീം അനുസരിച്ച് നിർബന്ധിത പിഎഫ് വിഹിതം 15,000 രൂപയുടെ വേതന പരിധിയിൽ നിജപ്പെടുത്തുന്നു. ഈ മാറ്റം ചിലർക്ക് ടേക്ക്-ഹോം ശമ്പളം വർദ്ധിപ്പിക്കുമെങ്കിലും, വിരമിക്കൽ ഫണ്ടിനെ പ്രതികൂലമായി ബാധിച്ചേക്കാം.

ജീവനക്കാരെ സംബന്ധിച്ച് വലിയൊരു മാറ്റത്തിനാണ് 2026 സാക്ഷ്യം വഹിച്ചിരിക്കുന്നത്. ഏഴ് പതിറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന 1952-ലെ ഇപിഎഫ് പദ്ധതിക്ക് പകരമായി 'എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) സ്കീം 2026' വിജ്ഞാപനം ചെയ്തിരിക്കുകയാണ്. പണം പിൻവലിക്കാനുള്ള വ്യവസ്ഥകൾ, നിർബന്ധിത നിക്ഷേപങ്ങൾ എന്നിവയിലാണ് സുപ്രധാന മാറ്റങ്ങൾ വന്നിരിക്കുന്നത്. ഇപിഎഫ്ഒ കുറേക്കൂടി യൂസർ ഫ്രണ്ട്ലി ആയി, ഡിജിറ്റലായി മാറുമെന്ന സൂചനയുമുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് (EPF) സ്കീം 2026 വിജ്ഞാപനം ചെയ്തത് മുതൽ ഏറ്റവും കൂടുതൽ ഇതിൽ ചർച്ച നടന്നിട്ടുള്ള ഒരു വിഷയം പിഎഫ് നിർബന്ധിത വിഹിതം സംബന്ധിച്ചാണ്. ജീവനക്കാരന്റെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും 12 ശതമാനമാണ് നിലവിൽ പിഎഫ് അക്കൗണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ഇത് ശമ്പളമനുസരിച്ച് മാറുന്ന ഒരു തുകയാണ്. എന്നാൽ, എത്ര കൂടുതൽ ശമ്പളം വാങ്ങിക്കുന്നയാൾക്കും വേതന പരിധിയായ 15,000 രൂപയുടെ 12 ശതമാനം തന്നെ പിഎഫ് തുകയായി നിർബന്ധിത അടവ് മതിയെന്നാണ് പുതിയ നിയമത്തിൽ പറയുന്നത്. ഇത് 1800 രൂപയാണ്. പ്രത്യേകം ശ്രദ്ധിക്കണം, ഇത് നിർബന്ധിത നിക്ഷേപ തുകയാണ്. ഇതിൽക്കൂടുതൽ പണം അടക്കാൻ താൽപര്യമുള്ളർക്ക് അതും സംഭാവന ചെയ്യാം. തീരുമാനമെടുക്കേണ്ടത് ജീവനക്കാരും തൊഴിലുടമയുമാണെന്ന് മാത്രം. ഇതിന് തൊഴിലുടമയുടെ സമ്മതം ആവശ്യമാണ്.

ഉയർന്ന ശമ്പളമുള്ളവരുടെ പിഎഫ് വിഹിതം കണക്കാക്കുന്നതിൽ നിലനിന്നിരുന്ന ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനും എല്ലാ സ്ഥാപനങ്ങളിലും ഒരേ രീതിയിലുള്ള പിഎഫ് സിസ്റ്റം കൊണ്ട് വരാനും ഇതിലൂടെ സാധിക്കും. ഇനി പ്രധാനപ്പെട്ട കാര്യം, തൊഴിലുടമയും ജീവനക്കാരനും മിനിമം നിർബന്ധിത വിഹിതം മാത്രം തിരഞ്ഞെടുക്കുകയാണെങ്കിൽ ചില ജീവനക്കാർക്ക് ടേക്ക്- ഹോം സാലറി വർധിച്ചേക്കാമെന്നതാണ്. ഉയർന്ന ശമ്പളം വാങ്ങിക്കുന്നവർ പിഎഫ് തുക അടയ്ക്കുന്ന തുക കുറയുന്നതോടെ ശമ്പളത്തിൽ ആ മാറ്റം പ്രകടമാകും. ഈ തുക ലോൺ അടവുകൾക്കോ, മറ്റ് വ്യക്തിഗത ആവശ്യങ്ങൾക്കോ ഉപകരിക്കും.

എന്നാൽ, തിരിച്ച് മറ്റൊരു രീതിയിൽ ചിന്തിച്ച് നോക്കാം. അപ്പപ്പോൾ കയ്യിൽക്കിട്ടുന്ന ശമ്പളത്തിൽ വരുമാനമുണ്ടാകുമെന്നത് ശരിയാണ്. എന്നാൽ, ഭാവിയിലെ പെൻഷൻ ഫണ്ടിനെ ഇത് നല്ല രീതിയിൽ ബാധിക്കും. പിഎഫ് വിഹിതം കുറയ്ക്കുമ്പോൾ ജോലിയിൽ നിന്ന് വിരമിക്കുമ്പോൾ കിട്ടുന്ന ആകെ തുകയിൽ അതായത് റിട്ടയർമെന്റ് കോർപ്പസിൽ ആനുപാതികമായ കുറവുണ്ടാകും.

ഇനി, തൊഴിലുടമകൾക്ക് എന്താണ് ഇതിലൂടെ നേട്ടമെന്ന് നോക്കാം. കമ്പനികളെ സംബന്ധിച്ച് തങ്ങളുടെ ജീവനക്കാരുടെ ശമ്പള ഇനത്തിലുള്ള ചെലവുകൾ (Payroll Costs) കൃത്യമായി ഡിവൈഡ് ചെയ്യാനും പ്ലാൻ ചെയ്യാനും ഈ തീരുമാനം സഹായിക്കും. ഓരോ ജീവനക്കാരന്റെയും ശമ്പളത്തിനനുസരിച്ച് പിഎഫ് വിഹിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടാത്തതിനാൽ കമ്പനികളുടെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ലളിതമാകും. കൂടുതൽ ജീവനക്കാരുള്ള കമ്പനികൾക്ക് ഇത് നിയമനടപടികളും പിഎഫുമായി ബന്ധപ്പെട്ട തർക്കങ്ങളും ഒഴിവാക്കാൻ സഹായിക്കും.

ഈ മാറ്റം ആർക്കാണ് കൂടുതൽ നേട്ടമുണ്ടാക്കുന്നതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരമില്ല. അത് നമ്മളെങ്ങനെ സാമ്പത്തികം വിനിയോഗിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കുന്നുവെന്ന് പറയാം. ഉദാഹരണത്തിന് ഇപ്പോൾ മ്യൂച്വൽ ഫണ്ട് പോലെയുള്ളവയിൽ നിക്ഷേപങ്ങൾ നടത്തുന്നവർ, കൂടുതൽ ഇഎംഐകൾ അടച്ചു തീർക്കാനുള്ളവർ, സ്കിൽ ഡെവലെപ്മെന്റിനോ ആരോഗ്യത്തിനോ വേണ്ടി പണം മാറ്റി വക്കുന്നവർ തുടങ്ങിയ വിഭാഗക്കാർക്ക് ഈ പണം ഇപ്പോൾ വിനിയോഗിക്കാം. ചുരുക്കിപ്പറഞ്ഞാൽ, ഇപ്പോൾ കൂടുതൽ പണം കൈയിൽ വേണമെന്ന് ആഗ്രഹിക്കുന്നവർക്ക്. കൃത്യമായ പേറോൾ ആസൂത്രണം ചെയ്യാൻ പറ്റുന്നതിലൂടെ കമ്പനികൾക്കും ഇത് അനുകൂലമായ തീരുമാനമാണ്. എന്നാൽ, റിട്ടയർമെന്റ് കാലം മുന്നിൽക്കണ്ട് പിഎഫ് പ്ലാൻ ചെയ്യുന്നവർക്ക് ഈ മാറ്റം അത്ര പോസിറ്റീവല്ല. വർഷങ്ങളായി സംഭാവന ചെയ്യുന്ന പിഎഫ് വിഹിതം കുറയുന്നതോടെ വിരമിക്കുമ്പോൾ ലഭിക്കുന്ന ആകെ പിഎഫ് കോർപ്പസ് ഗണ്യമായി കുറയും. അപ്പോൾ നമ്മുടെ സാമ്പത്തിക സ്ഥിതിയും, ഭാവിയും മുന്നിൽക്കണ്ട് കാര്യങ്ങൾ പ്ലാൻ ചെയ്യാം...