പോസ്റ്റോ ഓഫീസിൽ നിക്ഷേപിക്കുന്നത് കൊണ്ടുള്ള ലാഭമെന്താണെന്ന് ചിന്തിക്കുന്നവരുണ്ട്. ഇന്ന് മികച്ച നേട്ടമുണ്ടാക്കിത്തരാൻ കൂടുതൽ ഉപകാരപ്പെടുന്ന പദ്ധതികളാണ് പോസ്റ്റ് ഓഫീസുകളിലുള്ളത്. ചെറിയ നിക്ഷേപങ്ങൾക്ക് അടക്കം ഉയർന്ന തുക തിരിച്ചുകിട്ടാൻ സഹായിക്കുന്ന പദ്ധതികളും ഇത്തരം നിക്ഷേപങ്ങളിലുണ്ട്.

എന്നിരുന്നാൽപോലും പോസ്റ്റ് ഓഫീസിലെ പദ്ധതികൾ തെരഞ്ഞെടുക്കുന്നതിന് മുൻപ് അതിലെ നിബന്ധനകൾ വ്യക്തമായി മനസിലാക്കിയിരിക്കണം. നമ്മളുടെ ആവശ്യങ്ങൾക്ക് പൂർണ്ണമായും ഉതകുന്നതാണ് ഈ പദ്ധതിയെന്ന് തിരിച്ചറിഞ്ഞിരിക്കണം.

കേന്ദ്ര സർക്കാർ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ അടിക്കടി ഉയർത്തുമെന്നതാണ് മറ്റൊരു പ്രധാന കാര്യം. മിക്ക പദ്ധതികൾക്കും കഴിഞ്ഞ അഞ്ച് വർഷത്തിനിടെ പലിശ നിരക്ക് ഉയർത്തിയിരുന്നു. സ്ഥിര നിക്ഷേപങ്ങൾക്ക് അടക്കം ലഭിക്കുന്നതിനേക്കാൾ ഉയർന്ന പലിശയാണ് പല നിക്ഷേപ പദ്ധതികൾക്കും കിട്ടുന്നത്.

ഒരു കോടി വരെ കൈയിലെത്തും

പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ട്, നാഷണൽ സേവിംഗ്സ് റിക്കറിംഗ് ഡെപ്പോസിറ്റ് അക്കൗണ്ട്, നാഷണൽ സേവിംഗ്സ് ടൈം ഡെപ്പോസിറ്റ് അക്കൗണ്ട്, നാഷണൽ സേവിംഗ്സ് പ്രതിമാസ വരുമാന അക്കൗണ്ട്, സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം അക്കൗണ്ട്, പബ്ലിക് പ്രൊവിഡന്റ്സ് ഫണ്ട്, നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്സ് അക്കൗണ്ട്, കിസാൻ വികാസ് പത്ര അക്കൗണ്ട്, സുകന്യ സമൃദ്ധി അക്കൗണ്ട് തുടങ്ങിയ നിരവധി പദ്ധതികളുണ്ട്.

ഒരു കോടി രൂപ നിക്ഷേപ പദ്ധതികളിലൂടെ സമാഹരിക്കാനാണ് ശ്രമമെങ്കിൽ എൻഎസ്‌സി, പിപിഎഫ് അക്കൗണ്ടുകളാണ് ഏറ്റവും അനുയോജ്യം. പിപിഎഫ് അക്കൗണ്ടുകളിൽ 15 കൊല്ലത്തിലധികം വരുന്ന നിക്ഷേപ കാലത്തിലൂടെ ഈ നേട്ടം കൊയ്യാം. പക്ഷെ 15 വർഷം പിന്നിട്ടാൽ അഞ്ച് വർഷങ്ങളുടെ ബാച്ചായാണ് നിക്ഷേപത്തിന്റെ മെചുരിറ്റി പീരീഡ് നിശ്ചയിക്കുന്നത്. അതായത് 300 അല്ലെങ്കിൽ 400 രൂപ പ്രതിദിനം നിക്ഷേപിക്കാൻ സാധിക്കുമെങ്കിൽ 26.8 വർഷമോ 23.5 വർഷമോ കൊണ്ട് ഒരു കോടി സമ്പാദിക്കാനാവും.

കൂടുതല്‍ അടുത്തറിഞ്ഞ‌ാലോ? 

ഉദാഹരണം നോക്കാം #1 : 365 ദിവസം 300 രൂപ നീക്കിവയ്ക്കാനായാൽ വർഷാവസാനം നിങ്ങളുടെ അക്കൗണ്ടിൽ 1,09,500 രൂപ ഉണ്ടാകും. ഈ പദ്ധതിയിൽ 1.5 ലക്ഷം വരെ പ്രതിവർഷം നിക്ഷേപിക്കാനാവും. നിലവിലെ 7.9 ശതമാനം പലിശ നിരക്കിൽ 26.8 വർഷം കൊണ്ട് അക്കൗണ്ടിൽ ഒരു കോടി രൂപ ഉണ്ടായിരിക്കും.

എന്നാൽ, അഞ്ചിന്റെ ഗുണിതങ്ങളായാണ് കാലാവധി എന്നതിനാൽ തന്നെ 30 കൊല്ലമായാൽ മാത്രമേ നിക്ഷേപം പിൻവലിക്കാനാവൂ. ഈ പദ്ധതിയിൽ പ്രതിമാസ ഇടവേളയിലും നിക്ഷേപം നടത്താം.

ഉദാഹരണം #2 : പ്രതിദിനം 400 രൂപ നീക്കിവയ്ക്കാൻ സാധിക്കുന്ന ഒരാളാണ് നിങ്ങളെന്ന് കരുതുക. 365 ദിവസം കൊണ്ട് 1.46 ലക്ഷം രൂപ അക്കൗണ്ടിൽ നിക്ഷേപിക്കാം. 7.9 ശതമാനം പലിശ നിരക്കിൽ 23.5 വർഷം കൊണ്ട് ഒരു കോടി രൂപ അക്കൗണ്ടിൽ ഉണ്ടാകും. ഈ തുക 25 വർഷം കഴിയുമ്പോൾ പിൻവലിക്കാം.

സാമ്പത്തിക വർഷത്തിന്റെ ആദ്യം തന്നെ പ്രതിവർഷ നിക്ഷേപം നടത്തുന്നവർക്ക് ഉയർന്ന റിട്ടേൺ നേടാനാവുന്നതാണ്. പോസ്റ്റ് ഓഫീസിലെ സേവിംഗ്സ് സ്കീം അക്കൗണ്ടിൽ നിക്ഷേപിക്കുന്നതും ലാഭകരമാണ്. പോസ്റ്റ് ഓഫീസ് സ്കീമുകൾ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഇന്ത്യ പോസ്റ്റിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് അറിയാനാവും.