ദില്ലി: ഒരു ഇ-കൊമേഴ്സ് ഓർഡറോ, ഓൺലൈനായി വാങ്ങിയ വിമാനടിക്കറ്റോ ഒക്കെ ക്യാൻസൽ ചെയ്യുമ്പോൾ ഇതുവരെയുണ്ടായിരുന്ന പ്രധാന വെല്ലുവിളി റീഫണ്ടിനായി
കാത്തിരിക്കേണ്ട ദിവസങ്ങളായിരുന്നല്ലോ. എന്നാലിതാ, റേസർപേയുടെ ഏറ്റവും പുതിയ സംവിധാനം ഈ കാത്തിരിപ്പ് അവസാനിപ്പിച്ചിരിക്കുകയാണ്.

കച്ചവടക്കാർക്കും ഉപഭോക്താക്കൾക്കും ഒരേപോലെ ഗുണകരമാകുന്നതാണ് പുതിയ സംവിധാനം. ബെംഗളുരു ആസ്ഥാനമായി പ്രവർത്തിക്കുന്ന റേസർപേ ഇൻസ്റ്റന്റ്
റീഫണ്ട്സ് എന്ന പുതിയ ഉൽപ്പന്നമാണ് വിപണിയിൽ ഇറക്കിയിരിക്കുന്നത്. ഐഎംപിഎസ്, ക്രഡിറ്റ് കാർഡ്, നെറ്റ് ബാങ്കിങ്, യുപിഐ തുടങ്ങിയ സങ്കേതങ്ങൾ
വഴി നടത്തിയ പേമെന്റാണെങ്കിൽ, ഓർഡർ കാൻസൽ ചെയ്ത് ഉടൻ തന്നെ ഉപഭോക്താവിന് റീഫണ്ട് ലഭിക്കും.

ഡിജിറ്റൽ ഇടപാടുകൾ പൂർണ്ണമായും തടസങ്ങൾ ഇല്ലാത്തതാക്കാനാണ് ഈ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നതെന്നാണ് കമ്പനി വ്യക്തമാക്കിയിരിക്കുന്നത്. ഓൺലൈൻ
റീട്ടെയ്ൽ മാർക്കറ്റ് അതിവേഗം വളരുന്ന ഇടമാണ് ഇന്ത്യൻ വിപണി. ഇവിടെയുള്ള ഉപഭോക്താക്കളിൽ 71 ശതമാനം പേരും ഇന്റർനെറ്റ് വഴി സാധനങ്ങൾ വാങ്ങുന്നവരാണ്.

പുതിയ ടെക്നോളജി ആദ്യമായി സ്വിഗി ആപ്പിലാണ് പരീക്ഷിച്ചത്. ഇത് വൻവിജയമാവുകയും ചെയ്തു. ഉപഭോക്താക്കളുടെ ഓൺലൈൻ ഇടപാടിലൂടെയുള്ള സംതൃപ്തി
പത്ത് ശതമാനത്തോളം വർധിച്ചെന്നും കണ്ടെത്തി. എട്ട് ലക്ഷത്തോളം ബിസിനസുകൾക്ക് പേമെന്റ് സംവിധാനം നിലവിൽ റേസർപേ ഒരുക്കിയിട്ടുണ്ട്. 

ഇന്റിഗോ, ബിഎസ്ഇ, തോമസ് കുക്, റിലയൻസ്, സ്പൈസ്ജെറ്റ്, ആദിത്യ ബിർള, സോണി, ഒയോ തുടങ്ങിയ കമ്പനികളെല്ലാം റേസർപേയുടെ പേമെന്റ് സംവിധാനം സ്വീകരിച്ചിട്ടുണ്ട്. ഈ വർഷം തങ്ങളുടെ പേമെന്റ് സംവിധാനം 14 ലക്ഷം ബിസിനസ് സംരംഭങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് റേസർപേയുടെ ശ്രമം.  പുതിയ ഫീച്ചർ ഈ ശ്രമത്തിന് കരുത്തുപകരും എന്നാണ് പ്രതീക്ഷിക്കുന്നത്.