മ്യൂച്വൽ ഫണ്ടുകൾ വിൽക്കാൻ റിലയൻസ് ജിയോയുടെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ജിയോമോണി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈ: മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡ് പുതുവർഷത്തിൽ മ്യൂച്വൽ ഫണ്ട്, മറ്റ് സാമ്പത്തിക സേവനം തുടങ്ങിയ മേഖലയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. 

മ്യൂച്വൽ ഫണ്ടുകൾ വിൽക്കാൻ റിലയൻസ് ജിയോയുടെ ഡിജിറ്റൽ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ ജിയോമോണി ഉപയോഗിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മറ്റ് സേവനങ്ങൾക്കൊപ്പം ബില്ലുകൾ അടയ്ക്കുന്നതിനും മൊബൈൽ ഫോണുകളും ഡിടിഎച്ച് കണക്ഷനുകളും റീചാർജ് ചെയ്യുന്നതിനുപുറമെ സംഭാവന നൽകാനും അയയ്ക്കാനും സ്വീകരിക്കാനും ജിയോ മോണി ഉപയോക്താക്കളെ അനുവദിക്കുന്നു. 

റിലയൻസ് ജിയോ ഏതാനും മാസങ്ങളായി സാമ്പത്തിക സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ശ്രമത്തിലാണെന്ന് പ്രമുഖ ദേശീയ മാധ്യമായ ലൈവ് മിന്‍റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ റിലയന്‍സ് ജിയോ ഇതുവരെ തയ്യാറായിട്ടില്ല. ഏതാനും പാദങ്ങളായി തങ്ങളുടെ ജീവനക്കാര്‍ക്കിടയില്‍ ഇത്തരം സാമ്പത്തിക സേവനങ്ങളില്‍ ബീറ്റാ ടെസ്റ്റിംഗ് നടത്തിവരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഔദ്യോഗികമായി ഉല്‍പ്പന്നം പുറത്തിറക്കും മുന്‍പ് ശ്യംഖലയും അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിക്കാന്‍ ഇത് സഹായകരമാകും.