കൊച്ചി: രാജ്യത്തെ കര്‍ഷകരോടുള്ള പ്രതിജ്ഞാബദ്ധത ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 14,000 ഗ്രാമീണ -അര്‍ധ നഗര ബ്രാഞ്ചുകളിലൂടെ ആഗസ്റ്റ് 20 ന് 'കിസാന്‍ മിലന്‍' എന്ന പേരില്‍ കര്‍ഷകരുടെ മെഗാ മീറ്റ് സംഘടിപ്പിക്കുന്നു. കിസാന്‍ മിലനിലൂടെ കര്‍ഷകരായ ഉപഭോക്താക്കളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും ബാങ്കിന്റെ വിവിധ പരിപാടികളെയും അവരുടെ അവകാശങ്ങളെക്കുറിച്ചും ബോധവാന്മാരാക്കുകയാണ് ലക്ഷ്യം. 1.40 കോടി കര്‍ഷക ഉപഭോക്താക്കളുള്ള എസ്ബിഐ, കിസാന്‍ മിലനിലൂടെ 10 ലക്ഷം കര്‍ഷകരുമായെങ്കിലും ബന്ധപ്പെടാനാണ് ശ്രമിക്കുന്നത്.

കിസാന്‍ മിലനിലൂടെ കര്‍ഷകര്‍ക്ക് പുതിയ കാര്‍ഷിക വായ്പകള്‍ ലഭ്യമാക്കാനും കിസാന്‍ ക്രെഡിറ്റ് കാര്‍ഡിനു (കെസിസി) കീഴില്‍ നിലവിലുള്ള വായ്പകള്‍ പുതുക്കി നല്‍കാനും സഹായിക്കും. കെസിസി റുപേ കാര്‍ഡിലൂടെ ഡിജിറ്റല്‍ ബാങ്കിങ് സേവനങ്ങള്‍ കൂടുതലായി ഉപയോഗിക്കാനും മെഗാ മീറ്റില്‍ ബോധവല്‍ക്കരിക്കും. കാര്‍ഷിക വായ്പകളെക്കുറിച്ചും ബന്ധപ്പെട്ട ഉല്‍പ്പന്നങ്ങള്‍ സേവനങ്ങള്‍ എന്നിവയെ കുറിച്ചും ഉപഭോക്താക്കളെ പഠിപ്പിക്കും. ബാങ്കിന്റെ ഏറ്റവും പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ യോനോയെയും കാര്‍ഷിക മേഖലയിലെ അതിന്റെ നേട്ടങ്ങളെ കുറിച്ചും കര്‍ഷക ഉപഭോക്താക്കളെ പരിചയപ്പെടുത്തും. 

ബാങ്കിന്റെ നിബന്ധനകള്‍ പ്രകാരം പഴയ വായ്പകളുടെ മുടക്കങ്ങള്‍ ഒറ്റത്തവണ സെറ്റില്‍ ചെയ്യാനും കിസാന്‍ മിലനില്‍ അവസരം ഒരുക്കും.