ജോലി മാറുമ്പോള്‍ പലരും ഇപിഎഫ്ഒ സ്‌കീം സര്‍ട്ടിഫിക്കറ്റ് വാങ്ങാന്‍ മറന്നുപോകാറുണ്ട്. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലെ നിങ്ങളുടെ സേവന കാലാവധി നഷ്ടപ്പെടാതെ സൂക്ഷിക്കാനും, ഭാവിയില്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സുരക്ഷിതമാക്കാനും ഈ രേഖ അത്യാവശ്യമാണ്.

ജോലി മാറുമ്പോള്‍ നമ്മള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാറുണ്ട്. പിഎഫ് അക്കൗണ്ട് മാറ്റാനും, റിലീവിങ് ലെറ്റര്‍ വാങ്ങാനും, മറ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനുമൊക്കെ നമ്മള്‍ തിടുക്കം കൂട്ടും. എന്നാല്‍ ഇതിനിടയില്‍ പലരും മറന്നുപോകുന്ന ഒരു പ്രധാന രേഖയുണ്ട്- ഇപിഎഫ്ഒ സ്‌കീം സര്‍ട്ടിഫിക്കറ്റ്. ജോലി മാറുമ്പോള്‍ റിട്ടയര്‍മെന്റ് കാര്യങ്ങളെക്കുറിച്ച് ആരും അധികം ചിന്തിക്കാറില്ല എന്നതാണ് സത്യം. എന്നാല്‍ ഈ രേഖ വാങ്ങാന്‍ മറന്നാല്‍ അതൊരു വലിയ അബദ്ധമായി മാറിയേക്കാം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിലേക്ക് പണമടയ്ക്കുന്ന ആളാണെങ്കില്‍, വര്‍ഷങ്ങളായി അധ്വാനിച്ചു നേടിയ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ സുരക്ഷിതമാക്കി വെക്കാന്‍ ഈ സ്‌കീം സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. ഭാവിയില്‍ പെന്‍ഷന്‍ ക്ലെയിം ചെയ്യുമ്പോള്‍ ഈ രേഖ കയ്യിലുള്ളത് നിങ്ങള്‍ക്ക് വലിയ ആശ്വാസമാകും. എത്ര വര്‍ഷം പെന്‍ഷന്‍ ഫണ്ടിലേക്ക് പണമടച്ചു എന്നതിന്റെ കൃത്യമായ രേഖയാണിത്. ഇതില്‍ നിങ്ങളുടെ അര്‍ഹരായ കുടുംബാംഗങ്ങളുടെ വിവരങ്ങളും ഉള്‍പ്പെടുന്നു. ലളിതമായി പറഞ്ഞാല്‍, ഇതൊരു പെന്‍ഷന്‍ റെക്കോര്‍ഡാണ്. പെന്‍ഷന്‍ ലഭിക്കാന്‍ അര്‍ഹത നേടുന്നതിന് മുന്‍പ് ഇപിഎഫ് പരിരക്ഷയുള്ള ഒരു ജോലിയില്‍ നിന്ന് മാറുകയാണെങ്കില്‍, ഈ സര്‍ട്ടിഫിക്കറ്റ് മുന്‍കാല സേവനങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കാന്‍ സഹായിക്കും. പിന്നീട് പെന്‍ഷന് അര്‍ഹത നേടുമ്പോള്‍ ഉപയോഗിക്കാന്‍ സാധിക്കുകയും ചെയ്യും.

ജോലി മാറുമ്പോള്‍ ഈ രേഖ പ്രധാനമാകുന്നത് എന്തുകൊണ്ട്?

കരിയറില്‍ പലരും പല തവണ തൊഴിലുടമകളെ മാറ്റാറുണ്ട്. ചിലര്‍ ജോലിയില്‍ നിന്ന് ഇടവേളയെടുക്കുകയും സ്വയം തൊഴിലിലേക്ക് മാറുകയും ചെയ്യും. അല്ലെങ്കില്‍ ഇപിഎഫ് പരിരക്ഷയില്ലാത്ത സ്ഥാപനങ്ങളിലേക്ക് മാറും. ഇത്തരം സാഹചര്യങ്ങളില്‍ പലരും പിഎഫ് ബാലന്‍സ് മാത്രമാണ് പ്രധാനമെന്ന് തെറ്റിദ്ധരിക്കാറുണ്ട്.

ഇപിഎസ് പ്രകാരം ഇതിനകം പൂര്‍ത്തിയാക്കിയ സേവന കാലാവധി നിലനിര്‍ത്താന്‍ സ്‌കീം സര്‍ട്ടിഫിക്കറ്റ് സഹായിക്കും. പിന്നീട് ഇപിഎഫ് പരിരക്ഷയുള്ള മറ്റൊരു സ്ഥാപനത്തില്‍ ജോലിക്ക് ചേരുമ്പോള്‍, പെന്‍ഷന്‍ കണക്കാക്കുന്നതിനായി ഈ പഴയ സേവന കാലയളവ് പുതിയതിനൊപ്പം ചേര്‍ക്കാന്‍ കഴിയും. ചുരുക്കത്തില്‍, പെന്‍ഷന് അര്‍ഹതയുള്ള വര്‍ഷങ്ങള്‍ വീണ്ടും പൂജ്യത്തില്‍ നിന്ന് തുടങ്ങേണ്ടി വരില്ല; പഴയത് എവിടെ നിര്‍ത്തിയോ അവിടെ നിന്ന് തുടരാനാകും.