ദില്ലി: വിവരാവകാശ നിയമപ്രകാരം രാജ്യത്തെ പൗരന് നൽകിയ നേട്ടങ്ങൾ ചെറുതല്ല. എന്നാൽ ഈ വിവരാവകാശ നിയമം അധികാര കേന്ദ്രങ്ങളിൽ മാത്രമല്ല, വീടിനകത്ത് വരെ പ്രാബല്യത്തിലുള്ളതാണെന്ന് പറയുകയാണ് ചീഫ് ഇൻഫർമേഷൻ കമ്മീഷൻ.

ജോധ്പൂറിലെ റഹ്മത്ത് ബാനോ എന്ന സ്ത്രീയാണ് തന്റെ ഭർത്താവിന്റെ ഗ്രോസ് സാലറി എത്രയാണെന്നും നികുതി കിഴിച്ചുള്ള വേതനം എത്രയാണെന്നും അറിയണമെന്ന് ആവശ്യപ്പെട്ട് ഇൻകം ടാക്സ് വകുപ്പിന് വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകിയത്.

ഭാര്യയാണെങ്കിലും അവർ മൂന്നാം കക്ഷിയാണെന്ന കാരണം ചൂണ്ടിക്കാട്ടി ഇൻകം ടാക്സ് വിവരം നൽകാൻ വിസമ്മതിച്ചു. എന്നാൽ പിന്മാറാൻ ബാനോ തയ്യാറായില്ല. അവർ മുഖ്യ വിവരാവകാശ കമ്മീഷനെ സമീപിച്ചു. അവിടെ നിന്നും ബാനോയ്ക്ക് അനുകൂലമായ മറുപടിയാണ് ലഭിച്ചത്.

ഒരാളുടെ വേതനം മൂന്നാം കക്ഷിയെ അറിയിക്കേണ്ടതില്ല എന്ന നിബന്ധന ഭാര്യമാരുടെ കാര്യത്തിൽ ബാധകമാകില്ലെന്ന് സിഐസി വിധിച്ചു. ഉത്തരവ് പുറപ്പെടുവിച്ച് 15 ദിവസത്തിനുള്ളിൽ ബാനോ ചോദിച്ച എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ മറുപടി നൽകണം എന്ന് വ്യക്തമാക്കി ഇൻകം ടാക്സ് വകുപ്പിന് നിർദ്ദേശവും നൽകി.