ദില്ലി: കർഷകർക്കായി പ്രത്യേക കാർഷിക ബജറ്റൊരുക്കുമെന്നും കൃഷി ആവശ്യങ്ങൾക്കായി വായ്പയെടുത്ത കർഷകർക്ക് ഒരിക്കലും ജയിലിൽ പോകേണ്ടി വരില്ലെന്നും ഉറപ്പ് നൽകി കോൺ​ഗ്രസിന്റെ പ്രകടന പത്രിക. കർഷകരുടെ ക്ഷേമത്തിന് മുൻതൂക്കം നൽകിക്കൊണ്ടുള്ള പ്രകടന പത്രികയാണ് കോൺ​ഗ്രസ് പുറത്തിറക്കിയിട്ടുള്ളതെന്ന് രാഹുൽ ​​ഗാന്ധി ഉറപ്പ് നൽകുന്നു. പാർട്ടി അധ്യക്ഷൻ രാഹുൽ ​ഗാന്ധി അവതരിപ്പിച്ച പ്രകടന പത്രികയ്ക്ക് കോൺ​ഗ്രസ് നടപ്പാക്കും എന്നാണ്  തലക്കെട്ട് നൽകിയിരിക്കുന്നത്.

തൊഴിൽ മേഖല, കാർഷികം, പ്രതിരോധം, സ്വയംഭരണം, സ്ത്രീകൾക്ക് തൊഴിൽ സംവരണം എന്നീ മേഖലകൾക്കാണ് പത്രികയിൽ ഊന്നൽ നൽകിയിരിക്കുന്നത്. രാജ്യം നേരിടുന്ന പ്രധാന പ്രതിസന്ധി തൊഴിലില്ലായ്മ കർഷക പ്രശ്നങ്ങളുമാണെന്ന് രാഹുൽ ​ഗാന്ധി പത്രികയിൽ വ്യക്തമാക്കുന്നു. കർഷകർ വായ്പ തിരിച്ചടയ്ക്കാത്തത് ക്രിമിനൽ കുറ്റമായി കണക്കാക്കില്ലെന്നും സിവിൽ നടപടികൾ മാത്രമേ നേരിടേണ്ടി വരൂ എന്നും പ്രകടന പത്രികയിൽ പറയുന്നു. 

2020 മാർച്ചിനകം ​ഗവൺമെന്റ് തൊഴിലവസരങ്ങൾ നികത്തും, പാവപ്പെട്ടവർക്ക് പ്രതിവർഷം 72,000 രൂപ വീതം ലഭ്യമാക്കുന്ന ന്യായ് പദ്ധതി നടപ്പിലാക്കും, സ്ത്രീസംവരണം സാധ്യമാക്കും, സമ്പദ് വ്യവസ്ഥയെ മെച്ചപ്പെടുത്തും. ജിഡിപിയുടെ ആറ് ശതമാനം വിദ്യാഭ്യാസത്തിന് വേണ്ടി ഉപയോ​ഗിക്കും എന്നീ വാ​ഗ്ദാനങ്ങളാണ് പ്രകടന പത്രികയിലുള്ളത്. യാതൊരു വിധത്തിലുള്ള കള്ളങ്ങളും ഈ തെരഞ്ഞെടുപ്പ് പത്രികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് രാഹുൽ ​ഗാന്ധി ഉറപ്പ് നൽകുന്നു.