മലപ്പുറം: മലപ്പുറം തുവ്വൂരിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധിയുടെ പ്രചാരണ പൊതുയോഗത്തിൽ പങ്കെടുക്കാതെ നടിയും  എ ഐ സി സി സെക്രട്ടറിയുമായ ഖുശ്ബു മടങ്ങി. പരിപാടിക്ക് ആളുകളുടെ പങ്കാളിത്തം കുറഞ്ഞതിനെ തുടർന്നാണ് ഖുശ്ബു സ്ഥലത്തെത്തിയ ശേഷം പങ്കടുക്കാതെ മടങ്ങിയത്.

വൈകിട്ട് നാല് മണിക്ക് നിശ്ചയിച്ച പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ നാലരയോടെയാണ് ഖുശ്ബു തുവ്വൂരിലെത്തിയത്. പരിപാടിക്ക് സംഘാടകർ ആവശ്യമായ ഒരുക്കം നടത്താത്തതും ആളുകളുടെ പങ്കാളിത്തം കുറഞ്ഞതും ഖുശ്ബുവിനെ ദേഷ്യം പിടിപ്പിച്ചു. ഇതോടെ കാറിൽ നിന്നും ഇറങ്ങാൻ കൂട്ടാക്കാതെ അവർ മടങ്ങുകയായിരുന്നു. പരിപാടിയുടെ സമയം സംബന്ധിച്ച ആശയക്കുഴപ്പമാണ് ആളുകള്‍ കുറയാൻ കാരണമെന്ന് കോൺഗ്രസ് നേതൃത്വം വിശദീകരിച്ചു.

സംഭവത്തിൽ മലപ്പുറം ഡിസിസി പ്രസിഡന്‍റ് വി വി പ്രകാശ് പ്രാദേശിക നേതൃത്വത്തോട് വിശദീകരണം തേടിയിട്ടുണ്ട്. തുവ്വൂർ മണ്ഡലം പ്രസിഡന്‍റ് നാളെത്തന്നെ വിശദീകരണം നൽകണമെന്ന് നിർദ്ദേശം.