ദില്ലി: 68 ദിവസം നീണ്ട, സംഭവബഹുലമായ ഒരു തെരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജ്യത്ത് നേർക്കു നേർ ഏറ്റുമുട്ടിയ രണ്ട് ദേശീയ നേതാക്കളുടെ വാർത്താ സമ്മേളനങ്ങളോടെ കൊട്ടിക്കലാശം. തീർത്തും അപ്രതീക്ഷിതമായി, നാടകീയതയോടെ, അമിത് ഷായുടെ വാർത്താ സമ്മേളനത്തിന് മോദി എത്തിയതോടെ ആകാംക്ഷയേറി. അഞ്ച് വർഷത്തെ ഭരണകാലയളവിൽ ആദ്യത്തെ വാർത്താ സമ്മേളനം. പക്ഷേ, മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒന്നിന് പോലും മറുപടിയുണ്ടായില്ല. 

രാഹുലാകട്ടെ, അതേസമയം വാർത്താ സമ്മേളനം വിളിച്ചു. നേരത്തേ രാഹുൽ വാർത്താ സമ്മേളനം നടത്തുമെന്ന് അറിയിപ്പുണ്ടായിരുന്നില്ല താനും. മോദിയുടെ വാർത്താ സമ്മേളനത്തെക്കുറിച്ച് രാഹുൽ പരിഹാസത്തോടെയാണ് സംസാരിച്ചത്. 'ബാലാകോട്ടിനെക്കുറിച്ച് മോദി പറഞ്ഞത് കേട്ടിരുന്നില്ലേ? മഴ പെയ്യുകയാണെന്ന് കേട്ടപ്പോൾ മോദി ഇങ്ങനെ പറഞ്ഞത്രെ. മഴ പെയ്യുമ്പോൾത്തന്നെ പ്രത്യാക്രമണം നടത്തണം. കാരണം റഡാറിൽ നമ്മുടെ വിമാനങ്ങൾ അവർക്ക് കാണാനാകില്ല. ആഹാ! ഇന്ത്യയുടെ പ്രധാനമന്ത്രി!'. റഫാലിനെക്കുറിച്ചോ, താൻ ചോദിച്ച ചോദ്യങ്ങൾക്കോ മോദി മറുപടി പറയുമോ എന്നും രാഹുൽ ചോദിച്ചു. 

'പാർട്ടി അധ്യക്ഷൻ സംസാരിക്കുമ്പോൾ അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി ഞാനിവിടെ കേട്ടിരിക്കും, അധ്യക്ഷനാണ് ഞങ്ങൾക്ക് എല്ലാം', എന്നാണ് മോദി പറഞ്ഞത്. എല്ലാവരോടും നന്ദി പറയാനെത്തിയതാണെന്ന് മോദി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കുടുംബാധിപത്യത്തെ തകർത്ത് അധികാരത്തിലെത്തിയ ജനങ്ങളുടെ സർക്കാർ വാഗ്ദാനം നിറവേറ്റി. വീണ്ടും മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്നും മോദി അവകാശപ്പെട്ടു. 

രണ്ടാം തവണയും ജനങ്ങളുടെ സർക്കാർ തുടർച്ചയായി അധികാരത്തിൽ വരികയാണ്. ഇത് ചരിത്രമാണ്. ഇത് രാഷ്ട്രീയഗവേഷകർ പഠിക്കേണ്ടതാണ് - മോദി പറഞ്ഞു. ജനാധിപത്യത്തിന്‍റെ ശക്തി നമ്മുടെ എല്ലാവരുടെയും ഉത്തരവാദിത്തമാണ്. ലോകത്തെ നമ്മുടെ ജനാധിപത്യത്തെക്കുറിച്ച് നമ്മൾ ബോധ്യപ്പെടുത്തേണ്ടതാണ്. പണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നെന്ന പേരിൽ ഐപിഎൽ മാറ്റിയിട്ടുണ്ട്. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുമ്പോൾ, റംസാൻ നടക്കുന്നു, ഐപിഎൽ നടക്കുന്നു എല്ലാ ആഘോഷങ്ങളും നടക്കുന്നു. ഇത് സർക്കാരിന്‍റെ മാത്രം നേട്ടമല്ല. 

റഫാൽ ഉൾപ്പടെയുള്ള അഴിമതികളെക്കുറിച്ച് മോദി സംസാരിക്കണമെന്ന് രാഹുൽ ഗാന്ധി തത്സമയം തന്നെ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടതിന് ഷാ നൽകിയ മറുപടി പറഞ്ഞതിങ്ങനെയാണ്:

''റഫാൽ അഴിമതിയാരോപണത്തിന് രാജ്യത്തിന്‍റെ പ്രതിരോധമന്ത്രി നിർമലാ സീതാരാമൻ തന്നെ പാർലമെന്‍റിൽ വന്ന് മറുപടി പറഞ്ഞതാണ്. മറ്റ് ആരോപണങ്ങളുണ്ടായിരുന്നെങ്കിൽ രാഹുൽ അത് സുപ്രീംകോടതിയിൽ പറയണമായിരുന്നു. അഞ്ച് വർഷത്തെ ഭരണത്തിനിടെ ഒരു അഴിമതിയാരോപണം കേട്ടിട്ടില്ലാത്ത സർക്കാരാണ് ഇത്'', അമിത് ഷാ പറഞ്ഞു.

മോദി സർക്കാർ തന്നെ വീണ്ടും അധികാരത്തിൽ വരുമെന്ന് അമിത് ഷാ അവകാശപ്പെട്ടു. 300 സീറ്റുകൾ മോദി സർക്കാർ നേടും. ഒറ്റയ്ക്ക് ഭൂരിപക്ഷം വീണ്ടും നേടാൻ മോദിയുടെ നേതൃത്വത്തിൽ സർക്കാരിന് കഴിഞ്ഞു. അത് ജനങ്ങൾക്ക് മനസ്സിലായെന്നും അവർ വോട്ട് ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു. ഉത്തരേന്ത്യക്ക് പുറമേ, വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും പശ്ചിമബംഗാളിലും കർണാടകത്തിലും മികച്ച മുന്നേറ്റം ബിജെപി ഉണ്ടാക്കുമെന്ന് അമിത് ഷാ വ്യക്തമാക്കി. 

ലോക്സഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ അവസാന ദിനം മധ്യപ്രദേശിലായിരുന്നു നരേന്ദ്ര മോദിയുടെ റാലി. രാഹുൽ ഹിമാചലിലും പ്രിയങ്ക ഉത്തര്‍പ്രദേശിലും പ്രചാരണത്തിന് എത്തി. കനത്ത സുരക്ഷയാണ് ബംഗാളിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. വോട്ടെടുപ്പ് കഴിയുന്നതുവരെ നേതാക്കൾക്ക് വാര്‍ത്ത സമ്മേളനം നടത്താനും അഭിമുഖങ്ങൾ നടത്താനും തെരഞ്ഞെടുപ്പ് കമ്മീഷൻ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.