Asianet News MalayalamAsianet News Malayalam

'റിസര്‍വ് ബാങ്കിന്‍റെ പണം കൊള്ളയടിക്കുന്നു'; കരുതല്‍ ധനത്തിന്‍റെ ഒരുഭാഗം മോദി സര്‍ക്കാറിന് നല്‍കുന്ന നടപടിയെ വിമര്‍ശിച്ച് രാഹുല്‍

'സ്വയം നിര്‍മ്മിത സാമ്പത്തിക മാന്ദ്യത്തിനുള്ള പരിഹാരത്തിന് വഴികാണാതെ ഉഴറുകയാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും'

'PM & FM are clueless about how to solve their self created economic disaster' Rahul gandhi
Author
Delhi, First Published Aug 27, 2019, 12:16 PM IST

ദില്ലി: റിസര്‍വ് ബാങ്കിന്‍റെ കരുതല്‍ ധനത്തിന്‍റെ ഒരു ഭാഗം കേന്ദ്ര ഗവണ്‍മെന്‍റിന് നല്‍കാനുള്ള തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. റിസര്‍ബാങ്കിന്‍റെ കൊള്ളടിക്കാനുള്ള തീരുമാനമെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.'സ്വയം നിര്‍മ്മിത സാമ്പത്തിക മാന്ദ്യത്തിനുള്ള പരിഹാരത്തിന് വഴികാണാതെ ഉഴറുകയാണ് പ്രധാനമന്ത്രിയും ധനമന്ത്രിയും. റിസര്‍ബാങ്കിന്‍റെ പണം കൊള്ളയടിക്കുന്നത് ഒരു പരിഹാരമാര്‍ഗമല്ല. വെടിയേറ്റുണ്ടായ വലിയ മുറിവുണക്കാനായി ആശുപത്രിയില്‍ നിന്നും ബാന്‍ഡ് എയ്‍ഡ് മോഷ്ടിക്കുന്നതുപോലെയാണ് അതെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

രാജ്യത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെന്നും സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നുവെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നതിടെയാണ് കരുതല്‍ ധനത്തില്‍ നിന്നും  1.76 ലക്ഷം കോടി രൂപ കേന്ദ്രത്തിന് നല്‍കാന്‍ റിസര്‍വ് ബാങ്ക്  തീരുമാനിക്കുന്നത്. ബിമൽ ജലാൻ സമിതി നിര്‍ദ്ദേശം അംഗീകരിച്ചാണ് ആര്‍ബിഐ സെൻട്രൽ ബോര്‍ഡ് തുക കേന്ദ്രത്തിന് നല്‍കാന്‍ തീരുമാനിച്ചത്.

കരുതൽ ധനം കേന്ദ്രത്തിന് കൈമാറുന്ന കീഴ്വഴക്കം മുമ്പില്ലാത്തതാണ്. ഈ വിഷയത്തിലുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെത്തുടര്‍ന്നാണ് നേരത്തെ ഗവർണറായിരുന്ന ഊർജിത് പട്ടേല്‍ രാജിവെച്ചൊഴിഞ്ഞത്. തുക കൈമാറുന്നതോടെ വരുന്ന മാര്‍ച്ച് മാസത്തിനകം കേന്ദ്ര സര്‍ക്കാരിന് ബജറ്റിൽ പ്രതീക്ഷിച്ചിരുന്നതിലും അറുപത്തിനാല് ശതമാനം തുക അധികമായി ലഭിക്കും.

Follow Us:
Download App:
  • android
  • ios