ബെംഗളൂരു: 200 കോടിയുടെ ജിഎസ്ടി വെട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിന് വിവിധ കേസുകളിലായി ബെംഗളൂരുവില്‍ നാല് പേര്‍ പിടിയില്‍. കഴിഞ്ഞ ആഴ്ചകളിലായാണ് ഇവരെ പിടികൂടിയത്. ചൈനീസ് കമ്പനിയടക്കം വന്‍ കമ്പനികള്ക്ക് വ്യാജ ഇന്‍വോയിസ് നിര്‍മ്മിച്ചാണ് ഇവര്‍ നികുതി വെട്ടിപ്പിന് ശ്രമിച്ചത്. രാജ്യത്തെ ഏറ്റവും ബെംഗളൂരുവിലെ വലിയ ജിഎസ്ടി വെട്ടിപ്പാണ് പിടികൂടിയത്  സംശയിക്കുന്നു. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചൈനീസ് കമ്പനിയടക്കം നിരവധി സ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥര്‍ റെയ്ഡ് ചെയ്തു. വ്യാജ ഇന്‍പുട് ടാക്‌സ് ക്രെഡിറ്റുമായി ബന്ധപ്പെട്ട് നിരവധി രേഖകള്‍ പിടിച്ചെടുത്തു. കണക്കുകകള്‍ പുറത്തുവരുമ്പോള്‍ കൂടുതല്‍ തുക വെട്ടിച്ചത് വ്യക്തമാകുമെന്നും അന്വേഷണ സംഘം പ്രതീക്ഷിക്കുന്നു. ബെംഗളൂരു സോണല്‍ യൂണിറ്റാണ് അന്വേഷിക്കുന്നത്. വ്യാജ കമ്പനികളുടെ പേരില്‍ ദില്ലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമലേഷ് മിശ്ര എന്നയാളാണ് 500 കോടിയുടെ വ്യാജ ഇന്‍വോയിസുകള്‍ നിര്‍മ്മിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പാവപ്പെട്ടവരുടെ പേരുകളില്‍ 23 വ്യാജ കമ്പനികളാണ് സൃഷ്ടിച്ചത്. ഇവരുടെ രേഖകള്‍ പണം നല്‍കി ഉപയോഗിച്ച് കമ്പനികള്‍ തുടങ്ങുകയായിരുന്നു. പിന്നീട് ഇവയുടെ പേരില്‍ വ്യാജ ഇന്‍വോയിസ് നിര്‍മ്മിച്ചു. പിന്നീട് ഈ കമ്പനികള്‍ വന്‍ ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നവായണെന്ന് ധരിപ്പിച്ച് ബില്‍ ഡിസ്‌കൗണ്ടുകളും ബാങ്കുകളില്‍ വായ്പയും തരപ്പെടുത്തി. 

ചില ചൈനീസ് പൗരന്മാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ബിയാലഡുഗു കൃഷ്ണയ്യ എന്ന ബിസിനസുകാരന്‍ ജമ്പ് മങ്കി പ്രൊമോഷന്‍സ് ഇന്ത്യ ലിമിറ്റഡ് എന്ന കമ്പനി സ്ഥാപിക്കുകയും തട്ടിപ്പ് നടത്തുകയും ചെയ്തതായി ഉദ്യോഗസ്ഥര്‍ പറയുന്നു. പ്രശസ്തമായ ചൈനീസ് കമ്പനികള്‍ക്ക് വ്യാജ ഇന്‍വോയിസ് നിര്‍മ്മിക്കുകയും കൈക്കൂലിയായി സാധനങ്ങളും സേവനങ്ങളും വിറ്റതായും പറയുന്നു. ഇതുവഴി ചൈന കണ്‍സ്ട്രക്ഷന്‍ സോസം ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ക്വിങ്ദാവോ കണ്‍സ്ട്രക്ഷന്‍ എന്നീ കമ്പനികളില്‍ നിന്ന് 53 കോടി സ്വന്തമാക്കിയതായും പറയുന്നു. വീ ചാറ്റ് വഴി ഇവരുമായി നിരന്തരം സമ്പര്‍ക്കം പുലര്‍ത്തി ചൈനീസ് വ്യക്തികള്‍ക്കുവേണ്ടി വന്‍ തുകക്ക് ക്രിപ്‌റ്റോ കറന്‍സികള്‍ വാങ്ങിയതായും ഇന്റലിജന്‍സ് ഓഫിസര്‍ പറഞ്ഞു. അറസ്റ്റ് ചെയ്ത കൃഷ്ണയ്യയെ ജയിലിലേക്ക് മാറ്റി. 

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബെന്‍സ്റ്റാര്‍ പവര്‍ ടെക്‌നോളജീസ് കമ്പനിയും വ്യാജ ഇന്‍വോയിസുകള്‍ നിര്‍മ്മിച്ച് നല്‍കി.  ബെന്‍സ്റ്റാര്‍ പവര്‍ ടെക്‌നോളജീസ് കമ്പനിയുടെ സൂത്രധാരന്‍ സുരേഷ് മേത്ത എന്നയാളും അറസ്റ്റിലായി. കോടിക്കണക്കിന് രൂപയുടെ വ്യജ ഇന്‍പുട്ട് ടാക്‌സ് ക്രെഡിറ്റ് ലഭ്യമാക്കിയ സ്‌ക്രാപ് ഡീലര്‍ ഹനീഫ് മുഹമ്മദ് ഖ്വാജ എന്നയാളും അറസ്റ്റിലായി.