Asianet News MalayalamAsianet News Malayalam

Gold 2021 Data 2022 Forecast : 2021 ൽ കുത്തനെ ഇടിഞ്ഞ സ്വർണ വിലയ്ക്ക് 2022 ൽ എന്ത് സംഭവിക്കും?

2021 ൽ ജനുവരി 1 മുതൽ ഒരു വർഷം കണക്കാക്കിയാൽ സ്വർണവില ഏകദേശം നാല് ശതമാനത്തോളം കുറഞ്ഞു

2021 gold price 2022 forecast
Author
Thiruvananthapuram, First Published Dec 30, 2021, 10:24 PM IST

തിരുവനന്തപുരം: ഒരു കലണ്ടർ വർഷം കൂടെ പുറകോട്ട് പോകുമ്പോൾ സ്വർണ വിപണിയിൽ നിരാശ വലുതാണ്. 2021 കലണ്ടർ വർഷം സ്വർണ്ണവിലയിൽ കാര്യമായ നേട്ടമുണ്ടായില്ല. ഇന്ത്യൻ ഓഹരി വിപണി 20 -21 ശതമാനം നേട്ടവും അമേരിക്കൻ വിപണി 16-28 ശതമാനം വരെ നേട്ടവും ഉണ്ടാക്കിയപ്പോൾ സ്വർണത്തിന്റെ പ്രകടനം മോശമായിരുന്നു.

2019 ജനുവരിയിൽ ഇന്ത്യയിൽ പവൻ വില 24000 രൂപയായിരുന്നത് 75 ശതമാനം ഉയർന്ന് 2020 ഓഗസ്റ്റിൽ 42000 വരെയെത്തിയിരുന്നു. എന്നാൽ ഇപ്പോഴത്തെ സ്ഥിതി 2020 ഓഗസ്റ്റിനെ അപേക്ഷിച്ച് 14 ശതമാനം താഴെയാണ്. 2021 ൽ ജനുവരി 1 മുതൽ ഒരു വർഷം കണക്കാക്കിയാൽ സ്വർണവില ഏകദേശം നാല് ശതമാനത്തോളം കുറഞ്ഞു. വെള്ളി വില ഏകദേശം 12 ശതമാനം കുറഞ്ഞു. കോവിഡ് വാക്സീൻ കണ്ടെത്തിയതും അമേരിക്കയിലെ ഭരണ മാറ്റവുമൊക്കെ വില ഉയരുന്നതിന് തടസമായ ചില ഘടകങ്ങളായിരുന്നു.

അമേരിക്കയിലെ ഉയർന്ന പണപ്പെരുപ്പം സ്വർണത്തിന് അനുകൂലമാണെങ്കിലും 2022 ൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ സർക്കാർ പലിശ നിരക്ക് കൂട്ടുന്നതും ബോണ്ട് വാങ്ങൽ കുറക്കുന്നതും അടക്കം, നടപടികൾ സ്വർണ്ണവില കുറയാൻ കാരണമായേക്കാമെന്നാണ്  കേരള ഗോൾഡ് ആന്റ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ പ്രതീക്ഷിക്കുന്നു. ജെപി മോർഗൻ അടക്കമുള്ള സ്ഥാപനങ്ങൾ 1630 മുതൽ 1500 വരെ കുറയും എന്നും പ്രവചിക്കുന്നുണ്ട്. അന്തർ ദേശീയ സാഹചര്യങ്ങൾ മാറുകയും ,ബോണ്ട് മാർക്കറ്റിന്റെ ചലനങ്ങളും, ഓഹരി വിപണികൾ തിരുത്തലിലേക്കു കടക്കുകയും ചെയ്താൽ വില ഇനിയും ഉയരാം. വില കൂടുമോ കുറയുമോ എന്നതിനെക്കാൾ ഉയർച്ച താഴ്ച്ചകൾ ദീർഘകാലത്തിൽ അവസരങ്ങളാക്കി മാറ്റുകയെന്നതാണ് നിഷേപകരെ സംബന്ധിച്ച് പ്രധാനം.

സ്വർണ്ണ വ്യാപാര സ്ഥാപനങ്ങളെ സംബന്ധിച്ച് വില ഉയരുമോ കുറയുമോ എന്നതിനെക്കാൾ മാർക്കറ്റിനെ കുറിച്ച് വ്യക്തമായ പഠനങ്ങളുള്ള ഒരു റിസ്ക്ക് മാനേജ്മെന്റ് സംവിധാനവും ഹെഡ്ജിംഗും ഉണ്ടാവുകയും ഉയർച്ച താഴ്ച്ചകൾ സ്ഥാപനത്തിന്റെ മൂലധനത്തിന് നഷ്ടം വരുത്താത്ത  രീതിയിൽ ഗുണകരമായി ഉപയോഗിക്കുകയും ചെയ്യുകയാണ്  പ്രധാനം. സ്വർണ്ണ വ്യാപാര മേഖലയിൽ  BIS - HUID നിർബന്ധമാക്കൽ , സ്പോട്ട് എക്ചേഞ്ച് (Spot Exchange) തുടങ്ങിയ  മാറ്റങ്ങൾ കൂടുതൽ സുതാര്യമാക്കുമെന്ന് അസോസിയേഷൻ പറയുന്നു. കൃത്യമായ അക്കൗണ്ടിംഗ് സമ്പ്രദായത്തിലേക്ക് വന്ന് സാങ്കേതിക വിദ്യയുടെയും  ടെക്നോളജിയുടെയും സാധ്യതകൾ പരിപൂർണ്ണമായും ഉപയോഗിച്ച് മുന്നോട്ട് നീങ്ങുന്നതിനാണ് പ്രാധാന്യം.

2021 ലെ സ്വർണം - വെള്ളി വില

സ്വർണ്ണവില ഡോളർ (1810) 

ഉയർന്ന വില   :1954
താഴ്ന്ന വില    :1678

വെള്ളി ഡോളർ ( 22.70) 

ഉയർന്ന വില: 29.50
താഴ്ന്ന വില : 21.49

ഇന്ത്യൻ വില (36280) 

ഉയർന്ന വില പവൻ  :  38448
കുറഞ്ഞ വില പവൻ : 32880
ഉയർന്ന വില ഗ്രാം      :4806
കുറഞ്ഞ വില ഗ്രാം.   :4110.

വെള്ളി ഉയർന്ന വില.  :74000
വെള്ളി കുറഞ്ഞ വില :58300


2021 ജനുവരി ഒന്ന്

സ്വർണ്ണവില  ഡോളർ   : 1893

ഇന്ത്യൻ കറൻസി           :  73.53

ഇംപോർട്ട് ഡ്യൂട്ടി            : 12.5%

സ്വർണ്ണവില പവൻ.        : 37440

സ്വർണ്ണവില GM               : 4680


2021 ഡിസംബർ 31

സ്വർണ്ണവില  ഡോളർ     : 1800

ഇന്ത്യൻ കറൻസി            : 74.55

ഇംപോർട്ട് ഡ്യൂട്ടി              :10.75
( 7.5+2.5+ .75)

സ്വർണ്ണവില പവൻ.       : 35920

സ്വർണ്ണവില GM      : 4490

നിലവിൽ  ഇറക്കുമതി തീരുവ 10.74 ശതമാനമാണ്. ഇറക്കുമതി നികുതി പൂർണമായും പൂർണമായും ഒഴിവാക്കണമെന്നാണ് സ്വർണ വ്യാപാര മേഖലയുടെ ആവശ്യം. സ്വർണക്കള്ളക്കടത്ത് ഇല്ലാതാക്കാൻ ഇത് സഹായിക്കും. ഇറക്കുമതി  കുറച്ചാൽ കള്ളക്കടത്ത് കുറഞ്ഞ്, സ്വർണ ഇറക്കുമതി കൂടാനും സാധ്യതയുണ്ട്. പുതിയ പ്രതീക്ഷകളോടെ 2022 നെ വരവേൽക്കാനൊരുങ്ങുകയാണ് ലോകം. കോവിഡ് വകഭേദങ്ങളെ ജാഗ്രതയോടെ നേരിട്ട് പുതിയ ദിശാബോധത്തോടെ തയ്യാറെടുക്കുകയാണ് ഇന്ത്യയിലെ സ്വർണാഭരണ വ്യവസായ മേഖലയെന്നും കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ അഡ്വ എസ് അബ്ദുൽ നാസർ പറഞ്ഞു.

Follow Us:
Download App:
  • android
  • ios