Asianet News MalayalamAsianet News Malayalam

പ്രതീക്ഷകൾക്ക് മേലെ പറന്ന് 5ജി ലേലം; മൂന്നാം ദിനവും തുടരും, രണ്ടാം ദിനം നടന്നത് 4000 കോടി രൂപയുടെ ലേലം വിളി

രാവിലെ 10 മുതൽ  വൈകിട്ട് ആറു വരെ ഓൺലൈൻ ആയാണ് ലേലം നടക്കുക. റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികൾ സജീവമായി ലേലത്തിൽ പങ്കെടുത്തു

5g spectrum auction day 3 live updates
Author
New Delhi, First Published Jul 28, 2022, 12:45 AM IST

ദില്ലി: ഫൈവ് ജി സ്പെക്ട്രം ലേലം പ്രതീക്ഷകൾക്ക് മേലെ പറന്ന് മുന്നേറുകയാണ്. രണ്ട് ദിനം കൊണ്ട് അവസാനിക്കും എന്നായിരുന്നു കേന്ദ്രത്തിന്‍റെ പ്രതീക്ഷയെങ്കിലും ലേലം വിളി മൂന്നാം ദിനത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്നലെ ഒമ്പതാം റൗണ്ട് വരെയാണ് ലേലം നടന്നത്. അതുകൊണ്ടു തന്നെ ലേലം മൂന്നാം ദിനത്തിലേക്ക് കടക്കുകയാണെന്ന് കേന്ദ്ര ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. രാവിലെ 10 മുതൽ  വൈകിട്ട് ആറു വരെ ഓൺലൈൻ ആയാണ് ലേലം നടക്കുക. റിലയൻസ് ജിയോ, വോഡഫോൺ, എയർടെൽ, അദാനി ഗ്രൂപ്പ് എന്നീ കമ്പനികൾ സജീവമായി ലേലത്തിൽ പങ്കെടുത്തു. ഇന്നലെ നാലായിരം കോടി രൂപയുടെ ലേലം വിളിയാണ് നടന്നത്. ഇതോടെ ഒമ്പതാം റൗണ്ട് വരെയുള്ള ലേലം വിളി 1,49,454 കോടി രൂപയിലേക്ക് ഉയർന്നു. 72 ഗിഗാ ഹെർട്സിലേറെ എയർവേവ്സാണ് ലേലത്തിൽ വെക്കുന്നത്.  5ജി ലേലത്തിന്‍റെ ആദ്യ ദിനം റെക്കോർഡ് വിളിയാണ് നടന്നത്. 1.45 ലക്ഷം കോടി രൂപയാണ് ലേലം വിളിച്ചത്. 8000 കോടി രൂപയെന്ന കേന്ദ്ര സർക്കാർ പ്രതീക്ഷിച്ച തുകയെ മറികടക്കുന്നതായിരുന്നു ഇത്.

റിലയൻസ് ജിയോ ലേലത്തിന് മുന്നോടിയായി പതിനാലായിരം കോടി രൂപ കെട്ടിവെച്ചിരുന്നു. ഭാരതി എയർടെൽ 5500 കോടി രൂപയും, വോഡഫോൺ ഐഡിയ 2200 കോടി രൂപയും കെട്ടിവെച്ചു. അദാനി 100 കോടി രൂപയാണ് കെട്ടിവെച്ചത്. ഏറ്റവും കൂടുതൽ പണം കെട്ടിവെച്ച കമ്പനി എന്ന നിലയ്ക്ക് റിലയൻസിനാണ് ലേലത്തിൽ കൂടുതൽ സാധ്യത. കഴിഞ്ഞ മാസം ആദ്യമാണ് കേന്ദ്ര മന്ത്രിസഭായോഗം 5ജി ലേലത്തിന് അംഗീകാരം നല്‍കിയത്.

ഇന്റർനെറ്റ് നെറ്റ്‌വർക്കിനെ ചെറു ഉപവിഭാഗങ്ങളായി വിഭജിക്കാമെന്നതാണ് 5ജി നൽകുന്ന സൗകര്യം. സർവ്വീസ് പ്രൊവൈഡർമാർക്ക് പ്രത്യേക മേഖലകളിൽ വേഗതയും നെറ്റ്‌വർക്ക് ഉപയോഗവും നിയന്ത്രിക്കാനും അതു വഴി ഉപയോക്താവിന് മെച്ചപ്പെട്ട സേവനം നൽകാനുമാകും. കൂടുതൽ ഉപകരണങ്ങൾ ഓൺലൈനാകും. വീട്ടിലെ ഫ്രിഡ്ജും എ സിയുമൊക്കെ ഇപ്പോൾ തന്നെ ഓൺലൈനായിക്കഴിഞ്ഞു. പുതിയ കാല സ്മാർട്ട് വാഹനങ്ങൾ സ്വന്തം സിം കാ‍ർഡും ഡാറ്റ കണക്ഷനുമായി നിരത്തിലിറങ്ങി തുടങ്ങിയിട്ടുമുണ്ട്. ഈ മാറ്റത്തിനെ അടുത്ത പടിയിലേക്കുയർത്തുന്നതാണ് ഫൈവ് ജി. ഒരു വീട്ടിലെ എല്ലാ ഇലക്ട്രോണിക് ഉപകരവും ഓൺലൈനാകുന്ന കാലമാണ് ഇനി വരാൻ പോകുന്നത്.

സ്വയം ഡ്രൈവ് ചെയ്യുന്ന വാഹനങ്ങൾക്ക് നെറ്റ്‌വർക്കിലേക്ക് അനായാസം ബന്ധിപ്പിക്കാനാവും. വീട്ടിലിരുന്ന് റിമോട്ട് കൺട്രോൾ പോലെ കാറിനെ നിയന്ത്രിക്കാനും കഴിയും. മൊബൈലിൽ നൽകുന്ന കമാന്റിന് അനുസരിച്ച് വാഹനം അതിവേഗം ചലിപ്പിക്കാനാകും. പരസ്പരം ബന്ധപ്പെടുന്ന കാറുകളും ട്രാഫിക് നിയന്ത്രണ സംവിധാനവും ഒന്ന് ചേർന്നാൽ റോഡിലെ തടസവും തിരക്കുമെല്ലാം പരിഗണിച്ച് പരമാവധി സുഗമമായ യാത്രാ പാത തെരഞ്ഞെടുക്കാനാകും. ഒരു പക്ഷേ അപകടങ്ങളും ട്രാഫിക് ബ്ലോക്കുകളും ഇല്ലാത്ത ഒരു സുന്ദര ഉടോപ്യൻ യാഥാർത്ഥ്യത്തിലേക്ക് ലോകം കൂടുതൽ അടുത്തേക്കും. നഗരമൊന്നാകെ ഓൺലൈനാകുന്ന കാലത്ത് സ്മാർട്ട് സിറ്റി എന്ന വിശേഷണം പൂർണ അർത്ഥത്തിൽ അനുഭവിക്കാനാവും.

Follow Us:
Download App:
  • android
  • ios