പതിനായിരത്തോളം പേർക്ക് ജോലി ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലിയിൽ നിന്നുള്ള 600 പേരെ ജീവനക്കാരായി നിയമിച്ചു.
തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ മാളുകളിലൊന്നായി ലുലു മാൾ (Lulu Mall) തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചതോടെ ജോലി ലഭിക്കുക പതിനായിരത്തോളം പേർക്ക് ( Job in Trivandrum Lulu Mall). ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാളാണ് തിരുവനന്തപുരത്ത് ഇന്ന് പ്രവർത്തനം ആരംഭിക്കുന്നത്. നാളെ മുതൽ മാൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
പതിനായിരത്തോളം പേർക്ക് ജോലി ലഭിക്കുമെന്ന് ലുലു ഗ്രൂപ്പ് സിഎംഡി എം എ യൂസഫലി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം ജില്ലിയിൽ നിന്നുള്ള 600 പേരെ ജീവനക്കാരായി നിയമിച്ചു. 100 പേർ ലുലു മാൾ സ്ഥിതി ചെയ്യുന്ന ആക്കുളം നിവാസികളാണ്. മാളിലെത്തുന്ന ഭിന്നശേഷിക്കാർക്കായി മോട്ടറൈസ്ഡ് വീൽ ചെയർ ഉൾപ്പെടെ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനെ നിർവ്വഹിക്കുന്ന മാൾ നാളെ രാവിലെ 9 മണിക്കാണ് തുറന്നുകൊടുക്കുക. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ രണ്ടാമത്തെ മാളാണ് തിരുവനന്തപുരത്ത് തുറക്കുന്നത്. 20 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ 2000 കോടി രൂപ ചെലവഴിച്ച് ടെക്നോ പാർക്കിന് സമീപം ദേശീയപാതയോരത്താണ് മാൾ നിർമ്മിച്ചിരിക്കുന്നത്. മാളിലെ ലുലു ഹൈപ്പർ മാർക്കറ്റ് മാത്രം രണ്ട് ലക്ഷം ചതുരശ്ര അടിയിലാണ് ഒരുക്കിയിരിക്കുന്നത്.
ലുലു കണക്ട്, ലുലു സെലിബ്രിറ്റ്, ലുലു ഫാഷൻ സ്റ്റോർ എന്നിവയും ഇവിടെയുണ്ട്. ലുലു മാളിലെ ഫുഡ് കോർട്ടിൽ 2500 പേർക്ക് ഒരുമിച്ചിരിക്കാം. ഫൺട്രൂറ എന്ന പേരിൽ എന്റർടെയ്ൻമെന്റ് സെന്ററും കുട്ടികൾക്കായി 80000 ചതുരശ്ര അടിയിൽ ഒരുക്കിയിട്ടുണ്ട്. പ്രവർത്തനം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ലുലു 3,5151300 രൂപയാണ് കോർപ്പറേഷനിൽ നികുതിയായി അടച്ചത്.
കടകംപള്ളി സോണൽ ഓഫീസിന് കീഴിലാണ് ലുലു മാൾ സ്ഥിതി ചെയ്യുന്നത്. മൂന്ന് ജീവനക്കാർ മൂന്ന് ദിവസം രാവും പകലും ചിലവഴിച്ചാണ് നികുതി നിർണ്ണയം പൂർത്തിയാക്കിയത്. ടെക്നോപാർക്ക് കഴിഞ്ഞാൽ ഏറ്റവുമധികം നികുതിയടയ്ക്കുന്ന സ്ഥാപനമായിരിക്കുകയാണ് തിരുവനന്തപുരത്തെ ലുലുമാൾ. 17 കെട്ടിടങ്ങൾ ഉള്ള ടെക്നോപാർക്ക് സമുച്ചയത്തിൽ നിന്ന് പ്രതിവർഷം 9 കോടിയോളം രൂപയാണ് കെടിട നികുതിയിനത്തിൽ സർക്കാർ ഖജനാവിലെത്തുന്നത്.
