അദാനിക്ക് കൈനിറയെ കടംകൊടുത്ത് ബാങ്കുകൾ; ആകെ കടം 2.40 ലക്ഷം കോടി
അദാനി ഗ്രൂപ്പിന്റെ കടം മൊത്തം കടത്തിന്റെ 36 ശതമാനത്തിലെത്തിയെന്നാണ് റിപ്പോർട്ട്.
ലോക സമ്പന്ന പട്ടികയില്‍ അതിവേഗം ഇടംപിടിച്ച ഗൗതം അദാനിയുടെ കടബാധ്യതയ്ക്കും കുറവൊന്നുമില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ അദാനിയുടെ മൊത്തം കടം ഗണ്യമായി വർദ്ധിച്ചു. 2022ലെ 2.27 ലക്ഷം കോടിയില്‍ നിന്നും 2023 സാമ്പത്തിക വര്‍ഷമായപ്പോഴേക്കും അദാനി ഗ്രൂപ്പിന്റെ കടം 2.40 ലക്ഷം കോടിയായി. രാജ്യത്തെ പ്രാദേശിക ബാങ്കുകളിൽ നിന്നെടുത്ത വായ്പയിൽ മാത്രം ഏകദേശം 18,000 കോടി രൂപയുടെ വർധനയുണ്ടായി എന്ന് കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം വിദേശ ബാങ്കുകളിൽ നിന്നെടുത്ത വായ്പകൾ കുറഞ്ഞിട്ടുണ്ട്. പ്രാദേശിക ബാങ്കുകൾ, എൻബിഎഫ്‌സികൾ എന്നിവയിൽ നിന്നെടുത്ത കടം അദാനി ഗ്രൂപ്പിന്റെ കടം മൊത്തം കടത്തിന്റെ 36 ശതമാനത്തിലെത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ വർഷം ഇത് 31 ശതമാനം മാത്രമായിരുന്നു. അതായത് പ്രാദേശിക ബാങ്കുകളിൽ നിന്നും എൻബിഎഫ്‌സികളിൽ നിന്നും എടുത്ത വായ്പകൾ 5 ശതമാനം വർദ്ധിച്ചിട്ടുണ്ട്.
2024 മാർച്ച് 31 വരെ ഗൗതം അദാനി ഇന്ത്യൻ വായ്പാ ദാതാക്കളിൽ നിന്ന് 88,100 കോടി രൂപ വായ്പ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഗ്രൂപ്പിന്റെ മൊത്തം കടമായ 2,41,394 കോടിയുടെ 36 ശതമാനമാണിത്. അതേസമയം, 2023 മാർച്ച് 31 വരെ, ഗ്രൂപ്പ് ആഭ്യന്തര വായ്പ ദാതാക്കൾക്കും എൻബിഎഫ്‌സികൾക്കും 70,213 കോടി രൂപ നൽകാനുണ്ട് . സ്റ്റേറ്റ് ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, കാനറ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ബാങ്കുകൾ ആണ് അദാനി ഗ്രൂപ്പിന്റെ പ്രധാന വായ്പാദാതാക്കൾ. വിമാനത്താവളങ്ങൾ ഏറ്റെടുക്കുക വഴിയുള്ള അധിക മൂലധനച്ചെലവും ഹരിത ഊർജ പദ്ധതികൾക്ക് വേണ്ടി വന്ന ചെലവുമാണ് ഗ്രൂപ്പിന്റെ കടം വർധിപ്പിച്ചതെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
ആഗോള ബാങ്കുകളിൽ നിന്നെടുത്ത വായ്പ കുറച്ചു : ആഗോള ബാങ്കുകളിൽ നിന്ന് അദാനി ഗ്രൂപ്പ് എടുത്ത വായ്പകൾ 2024 മാർച്ച് മാസം വരെയുള്ള കണക്കുകൾ പ്രകാരം 63,296 കോടി രൂപയാണ്. ഒരു വർഷം മുമ്പ് ഇത് 63,781 കോടി രൂപയായിരുന്നു. ആഗോള ബാങ്കുകളുടെ വായ്പകളിൽ നേരിയ കുറവുണ്ടായി എന്ന് ചുരുക്കം.
പ്രവർത്തന ലാഭത്തിൽ 45 ശതമാനം വർധന: മാർച്ച് അവസാനത്തോടെ അദാനി ഗ്രൂപ്പിന്റെ കടം പ്രതിവർഷം 6 ശതമാനം വർദ്ധിച്ചെങ്കിലും പ്രവർത്തന ലാഭം 2023-24 സാമ്പത്തിക വർഷത്തിൽ 45 ശതമാനം വർധിച്ച് 82,917 കോടി രൂപയായി. ഈ സാമ്പത്തിക വർഷം 1,00,000 കോടി രൂപയുടെ പ്രവർത്തന ലാഭമാണ് ഇപ്പോൾ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.