കളമശ്ശേരി അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം നാളെ നടക്കും. ആദ്യ ഘട്ടത്തിൽ 70 ഏക്കറിൽ 600 കോടി രൂപ നിക്ഷേപത്തിലാണ് പദ്ധതി ഒരുങ്ങുന്നത്. ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കൊച്ചി: കേരളത്തിൻ്റേയും കളമശ്ശേരിയുടെയും വ്യവസായ ചരിത്രത്തിലെ നിർണായക ചുവടുവെയ്പായി അദാനി ലോജിസ്റ്റിക്സ് പാർക്കിൻ്റെ നിർമ്മാണോദ്ഘാടനം ശനിയാഴ്ച നടക്കും. സംസ്ഥാന സർക്കാരിന്റെ ‘ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ’ ഭാഗമായി കളമശ്ശേരിയിൽ ആരംഭിക്കുന്ന അദാനി ലോജിസ്റ്റിക്സ് പാർക്കിന്റെ നിർമ്മാണോദ്ഘാടനം നാളെ രാവിലെ 11.30 ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. വ്യവസായ മന്ത്രി പി.രാജീവ് അധ്യക്ഷനാകും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പങ്കെടുക്കും. ഐ.കെ.ജി.എസിലെ നിക്ഷേപ വാഗ്ദാനം അതിവേഗത്തിലാണ് നിർമ്മാണ ഘട്ടത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. ആയിരക്കണക്കിന് തൊഴിലവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു.

70 ഏക്കർ ഭൂമിയിൽ സ്ഥാപിക്കുന്ന ഈ പദ്ധതിയിൽ 600 കോടിയിലധികം രൂപയുടെ നിക്ഷേപമാണ് ആദ്യഘട്ടത്തിൽ വരുന്നത്. 13 ലക്ഷം ചതുരശ്ര അടിയിലധികം വിസ്തൃതിയുള്ള സംയോജിത ലോജിസ്റ്റിക്സ് സൗകര്യങ്ങൾ, ഏറ്റവും പുതിയ സാങ്കേതിക വിദ്യകളും സുസ്ഥിര വികസനത്തിനുള്ള സംവിധാനങ്ങളും ഉൾക്കൊള്ളുന്ന തരത്തിലാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഗതാഗതച്ചെലവ് കുറയ്ക്കുക, ഇ-കൊമേഴ്‌സ്, എഫ്.എം.സി.ജി., ഫാർമസ്യൂട്ടിക്കൽസ്, ഓട്ടോമൊബൈൽ, റീട്ടെയിൽ എന്നീ മേഖലകളിലെ കയറ്റുമതി വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. ഇ.വി ചാർജിംഗ് സ്റ്റേഷനുകൾ, ഡിജിറ്റൽ ഇൻറഗ്രേഷൻ, സ്മാർട്ട് ലോജിസ്റ്റിക്സ് സൊല്യൂഷൻസ് എന്നിവയും ഇവിടെ ഒരുക്കുന്നുണ്ട്. ഇതിലൂടെ 1500ലധികം തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നാണ് സർക്കാരിന്റെ കണക്ക്. പ്രാദേശിക തൊഴിലവസരങ്ങൾ വർധിപ്പിക്കുകയും, ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് കൂടുതൽ പങ്കാളിത്തം ഉറപ്പാക്കുകയും ചെയ്യുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയ്ക്ക് ശക്തമായ പ്രചോദനമേകാനും പദ്ധതിയിലൂടെ കഴിയും.

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിൻ്റെ ഭാഗമായ ഇത്തരം ലോജിസ്റ്റിക്സ് ഹബ്ബുകൾ തൊഴിൽ അവസരങ്ങളും സംരംഭകാവസരങ്ങളും വർധിപ്പിക്കും. ഒരു സാധാരണ ലോജിസ്റ്റിക്സ് കേന്ദ്രമെന്നതിനപ്പുറം, വ്യാപാര വികസനത്തിനും വിപണികളെ ബന്ധിപ്പിക്കാനും സഹായിക്കുന്ന വലിയ പദ്ധതിയാണ്. ആധുനിക, ഡിജിറ്റൽ സൗകര്യങ്ങൾ എല്ലാം സമന്വയിപ്പിച്ചാണ് അദാനി ഗ്രൂപ്പ് ഈ പദ്ധതി നടപ്പാക്കുന്നത്. വിഴിഞ്ഞം രാജ്യാന്തര തുറമുഖം, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം എന്നിവ ഉൾപ്പെടെയുള്ളവയുടെ തുടർ വികസനത്തിനായി 30000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് എംഡി കരൺ അദാനി ഇൻവെസ്റ്റ് കേരള നിക്ഷേപക സംഗമത്തിൽ പ്രഖ്യാപിച്ചത്. ഐ.കെ.ജി.എസിലൂടെ എത്തിയ 94 നിക്ഷേപ പദ്ധതികളുടെ നിർമ്മാണം ഇതിനകം ആരംഭിച്ചു.