Asianet News MalayalamAsianet News Malayalam

Adani Power : ഇത് അദാനിയുടെ കാലമല്ലേ..! അദാനി പവർ വരുമാനത്തിലും പവർഫുൾ, മൂന്നുമാസത്തെ ലാഭം ഇങ്ങനെ

കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 278.22 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങ്ങിൽ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

adani power 2022 quarter 1 profit details here
Author
Delhi, First Published Aug 8, 2022, 3:48 AM IST

ദില്ലി: അദാനി ഗ്രൂപ്പിന് കീഴിലെ പ്രധാനപ്പെട്ട കമ്പനികളിലൊന്നായ അദാനി പവർ ലിമിറ്റഡിന്റെ മൂന്നുമാസത്തെ ലാഭം 4779.86 കോടി രൂപയാണെന്ന് കണക്കുകൾ. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മൂന്ന് മാസക്കാലയളവിൽ ആണ് കമ്പനി ഇത്രയും വലിയ നേട്ടം ഉണ്ടാക്കിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ആകെ 278.22 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. സ്റ്റോക്ക് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യയിൽ സമർപ്പിച്ച റെഗുലേറ്ററി ഫയലിങ്ങിൽ ആണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്.

ജൂണിൽ അവസാനിച്ച സാമ്പത്തിക പാദത്തിൽ കമ്പനിയുടെ വരുമാനം 15509 കോടി രൂപയായി ഉയർന്നിരുന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേകാലയളവിൽ 7213.21 കോടി രൂപയായിരുന്നു ആകെ വരുമാനം. കഴിഞ്ഞ വർഷം ജൂൺ പാദത്തിൽ 6763.5 കോടി രൂപയായിരുന്ന ചെലവ്, ഇക്കഴിഞ്ഞ സാമ്പത്തിക പാദത്തിൽ 9642.8 കോടി രൂപയായി ഉയർന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ താപ വൈദ്യുത ഉൽപ്പാദകരാണ് അദാനി പവർ ലിമിറ്റഡ്. ഗുജറാത്തിനു പുറമെ ഏഴ് ഇടങ്ങളിൽ ആയുള്ള താപവൈദ്യുത നിലയങ്ങളിൽ നിന്ന് 13610 മെഗാവാട്ട് വൈദ്യുതിയാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. അതേസമയം, സമീപകാലത്ത് ബിസിനസിൽ വൻ വളർച്ചയാണ് ഗൗതം അദാനി നേടിയതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്ന് 115 ബില്യൺ ഡോളറിന്റെ ആസ്തിയാണ് അദാനിക്കുള്ളത്. ഒരു സെക്കൻഡിൽ 1.4 കോടി രൂപയാണ് ഇദ്ദേഹത്തിന്റെ വരുമാനം എന്നാണ് വിവരം.

ഒരു മണിക്കൂർ 83.4 കോടി രൂപ ഇദ്ദേഹം വരുമാനമായി നേടുന്നുണ്ട്. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് പ്രകാരം ഒരുദിവസം 1000 കോടി രൂപയാണ് ഗൗതം അദാനിയുടെ വരുമാനം. അദാനി ഗ്രൂപ്പിന്റെ ചെയർമാനാണ് ഗൗതം അദാനി. ചെയർമാൻ സ്ഥാനത്തെ പ്രതിഫലമായി ഒരു വർഷം 1.8 ലക്ഷം കോടി രൂപയാണ് അദ്ദേഹത്തിന് കിട്ടുന്നത്. ഒരുമാസം അദാനിയുടെ വരുമാനം 15,000 കോടി രൂപയാണ്. ബിൽഗേറ്റ്സിനെ പിന്തള്ളിയാണ് അദാനി അതിസമ്പന്നരുടെ പട്ടികയിൽ നാലാമതെത്തിയിരിക്കുന്നത്.

ഫോർബ്‌സിന്റെ ശതകോടീശ്വരൻമാരുടെ പട്ടികയിലാണ് അദാനി ബിൽ ഗേറ്റ്‌സിനെ വെട്ടിയത്. 104.6 ബില്യൺ ഡോളറാണ് ബിൽ ഗേറ്റ്‌സിന്റെ ആസ്തി. 90 ബില്യൺ ഡോളറുമായി മുകേഷ് അംബാനി പട്ടികയിൽ പത്താം സ്ഥാനത്താണ്. 2026-ഓടെ ബിൽ & മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷന് വാർഷിക ധനസഹായം 50 ശതമാനം വർദ്ധിപ്പിക്കാനുള്ള ഫൗണ്ടേഷന്റെ ശ്രമത്തിന്റെ ഭാഗമായി ഈ മാസം 20 ബില്യൺ ഡോളർ സംഭാവന ചെയ്യുന്നതായി ബിൽ ഗേറ്റ്സ് തയ്യാറായി. ഇതോടെ സമ്പന്നരുടെ പട്ടികയിൽ നിന്നും ബിൽ ഗേറ്റ്സ് താഴേക്ക് പോവുകയായിരുന്നു. 

ചിറകുവിരിച്ച് പറന്നുയർന്ന് ആകാശ എയർ; ആദ്യഘട്ടം വൻ ഹിറ്റ്, കൊച്ചിക്കും ഹാപ്പിയാകാം, 28 സർവ്വീസ്

Follow Us:
Download App:
  • android
  • ios