Asianet News MalayalamAsianet News Malayalam

അവശ്യ സാധനങ്ങൾ ഇറക്കുമതി ചെയ്യാനാവാതെ നേപ്പാളും; കടുത്ത സാമ്പത്തിക പ്രതിസന്ധിക്ക് പിന്നാലെ നിയന്ത്രണം

വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെയും പ്രതിസന്ധിയിൽ വീഴ്ത്തിയത്. സമാനമായ പ്രയാസമാണ് നേപ്പാളും നേരിടുന്നത്

After Srilanka Nepal too faces financial crisis impose ban on foreign liquor Car
Author
Kathmandu, First Published Apr 29, 2022, 4:32 PM IST

ദില്ലി: ശ്രീലങ്കയ്ക്ക് പിന്നാലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ വലഞ്ഞ് ഇന്ത്യയുടെ മറ്റൊരു അയൽരാജ്യമായ നേപ്പാളും. വിദേശ നാണ്യ കരുതൽ ശേഖരം ഇടിഞ്ഞതിനെ തുടർന്നാണ് പ്രതിസന്ധി. ഇത് മറികടക്കാൻ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് നേപ്പാൾ ഗവണ്മെന്റ്. രാജ്യത്തേക്ക് കാറുകളും മദ്യവും പുകയില ഉൽപ്പന്നങ്ങളും ഇറക്കുമതി ചെയ്യുന്നത് വിലക്കിയാണ് ഉത്തരവിട്ടിരിക്കുന്നത്.

വിദേശ നാണ്യ ശേഖരത്തിന്റെ കുറവാണ് ശ്രീലങ്കയെയും പ്രതിസന്ധിയിൽ വീഴ്ത്തിയത്. സമാനമായ പ്രയാസമാണ് നേപ്പാളും നേരിടുന്നത്. ഇനിയൊരു അറിയിപ്പുണ്ടാവുന്നത് വരെ കാറുകൾ, മദ്യം, പുകയില തുടങ്ങിയവ ആഡംബര വസ്തുക്കളുടെ ഇറക്കുമതിക്ക് നിരോധനമേർപ്പെടുത്തി നേപ്പാളിലെ വാണിജ്യ കാര്യ മന്ത്രാലയം ഉത്തരവിട്ടു. വിദേശനാണ്യം അവശ്യ സാധനങ്ങളുടെ ഇറക്കുമതിക്ക് വേണ്ടി മാത്ര ചെലവഴിക്കാനാണ് ഈ നിലയിൽ വിലക്ക് ഏർപ്പെടുത്തിയത് എന്നാണ് സർക്കാരിന്റെ വിശദീകരണം.

കളിപ്പാട്ടങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കും വിലക്കുണ്ട്. ഇന്ത്യയിൽ നിന്ന് പൂർണമായും ഇറക്കുമതി ചെയ്യേണ്ട ഇന്ധനത്തിന്റെ വിലയിൽ കാര്യമായ വർധനയുണ്ടായതും നേപ്പാളിന് വലിയ തിരിച്ചടിയായി. കൽക്കരി ക്ഷാമത്തിന്റെ പേരിൽ ഇന്ത്യയിൽ നിന്ന് വേണ്ടത്ര വൈദ്യുതി കിട്ടാതെയാതോടെ രാജ്യത്ത് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താനും തീരുമാനമായി. നിലവിൽ വ്യവസായ മേഖലയിൽ പവർ കട്ട് ഏർപ്പെടുത്താനാണ് നേപ്പാൾ ആലോചിക്കുന്നത്.

നേപ്പാളിൽ 400 മെഗാവാട്ട് വൈദ്യുതിയാണ് പ്രതിദിനം വേണ്ടത്. ഇന്ത്യയിൽ നിന്ന് അനുവദിച്ച് കിട്ടുന്നത് 300 മെഗാവാട്ട് വൈദ്യുതിയാണ്. കോവിഡ് കേസുകൾ കുറഞ്ഞതോടെ ടൂറിസം മേഖല മെച്ചപ്പെടുമെന്നും, അതിലൂടെ പ്രതിസന്ധിയെ മറികടക്കാമെന്നുമാണ് നേപ്പാൾ ഭരണകൂടത്തിന്റെ ഇപ്പോഴത്തെ പ്രതീക്ഷ.

Follow Us:
Download App:
  • android
  • ios