ദില്ലി: വേനല്‍ക്കാലത്ത് യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി അടുത്ത മാസം മുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര റൂട്ടുകളില്‍ പുതിയ വിമാന സര്‍വീസുകള്‍ ആരംഭിക്കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. ജൂണ്‍ ഒന്ന് മുതലുളള സര്‍വീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ ഒന്ന് മുതല്‍ മുംബൈ- ദുബായ്- മുംബൈ റൂട്ടില്‍ ആഴ്ചയില്‍ 3,500 സീറ്റുകള്‍ നല്‍കുമെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.

ഇതുകൂടാതെ ദില്ലി- ദുബായ്-ദില്ലി റൂട്ടിലും ആഴ്ചയില്‍ 3,500 സീറ്റുകള്‍ അധികമായി നല്‍കാന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ഇതിനായി ബി 787 ഡ്രീം ലൈനര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ച് പുതിയ രണ്ട് ഫ്ലൈറ്റുകള്‍ സര്‍വീസ് നടത്തും. 2019 ജൂലൈ 31 വരെ ദില്ലിയില്‍ നിന്നും മുംബൈയില്‍ നിന്നും ദുബായിലേക്ക് വണ്‍ വേ 7,777 രൂപയായിരിക്കും ഇക്കണോമി ക്ലാസ് പ്രമേഷണല്‍ ഓഫര്‍ എന്നും എയര്‍ ഇന്ത്യ അറിയിച്ചു. ചെന്നൈ, ബാംഗ്ലൂര്‍ തുടങ്ങിയ ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്കും പുതിയ നിരവധി സര്‍വീസുകള്‍ ആരംഭിക്കുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയിലൂടെ പറഞ്ഞു.