Asianet News MalayalamAsianet News Malayalam

മാനേജ്മെന്റ് മീറ്റിങിൽ ഷര്‍ട്ടിടാതെ വിമാനക്കമ്പനി സിഇഒ, കൂടെ മസാജും; ഇത്രയും 'തുറന്ന സമീപനം' വേണ്ടെന്ന് കമന്റ്

വിമാനക്കമ്പനിയായ എയര്‍ ഏഷ്യയുടെ ടോണി ഫെര്‍ണാണ്ടസാണ് ഷര്‍ട്ട് ധരിക്കാതെ കമ്പനിയുടെ മാനേജ്മെന്റ് യോഗത്തില്‍ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്.

Airline company CEO attends management meeting without wearing a shirt and many people respond afe
Author
First Published Oct 17, 2023, 2:38 PM IST

കമ്പനിയുടെ മാനേജ്മെന്റ് യോഗത്തില്‍ ഷര്‍ട്ടിടാതെ പങ്കെടുക്കുന്ന ചിത്രം പോസ്റ്റ് ചെയ്ത് എയര്‍ ഏഷ്യ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ടോണി ഫെര്‍ണാണ്ടസ്. സോഷ്യല്‍ നെറ്റ്‍വര്‍ക്കിങ് പ്ലാറ്റ്ഫോമായ ലിങ്ക്ഡ്ഇന്നിലാണ് അദ്ദേഹം കമ്പനിയുടെ തൊഴില്‍ സംസ്കാരത്തെക്കൂടി പുകഴ്ത്തിക്കൊണ്ട് ചിത്രം പങ്കുവെച്ചത്. ഷര്‍ട്ടിടാതെ യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ അദ്ദേഹത്തെ ഒരാള്‍ മസാജ് ചെയ്യുന്നതും കാണാം. വ്യാപക വിമര്‍ശനം ടോണി ഫെര്‍ണാണ്ടസിന്റെ നടപടിയില്‍ ഉയരുമ്പോള്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നവരും കുറവല്ല.

തനിക്ക് മസാജിനൊപ്പം മാനേജ്മെന്റ് യോഗത്തിലും പങ്കെടുക്കാന്‍ കഴിയുന്ന തരത്തിലുള്ള തൊഴില്‍ സംസ്കാരമാണ് കമ്പനിയില്‍ ഉള്ളതെന്ന് വിവരിച്ചും അതിനെ പുകഴ്ത്തിക്കൊണ്ടുമാണ് ടോണി ഫെര്‍ണാണ്ടസ് ലിങ്ക്ഡ്ഇന്നില്‍ ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സമ്മര്‍ദ്ദങ്ങള്‍ നിറഞ്ഞ ദിവസങ്ങള്‍ക്കൊടുവില്‍, കമ്പനിയുടെ ഇന്തോനേഷ്യന്‍ സിഇഒ ആയ വെറനിറ്റ യോസഫൈനാണ് മസാജ് നിര്‍ദേശിച്ചതെന്നും ഇന്തോഷ്യയെയും, മാനേജ്മെന്റ് മീറ്റിങിനൊപ്പം മസാജ് കൂടി സാധ്യമാവുന്ന എയര്‍ ഏഷ്യയുടെ രീതിയും തനിക്ക് ഏറെ ഇഷ്ടമാണെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു. കമ്പനിയുടെ നേട്ടങ്ങളെക്കുറിച്ചും പിന്നാലെ അദ്ദേഹം വിവരിക്കുന്നുണ്ട്. 

Read also: മകന്റെ വിവാഹ തീയതി പറഞ്ഞ് മുകേഷ് അംബാനി; അനന്ത് - രാധിക വിവാഹ മാമാങ്കം എന്ന്?

ലിങ്ക്ഡ്ഇന്നില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് നിരവധി പ്രതികരണങ്ങളും കുറഞ്ഞ സമയത്തിനകം തന്നെ ലഭിച്ചു. മുതിര്‍ന്ന ഒരു വ്യക്തി, അതും ഒരു പബ്ലിക് ലിസ്റ്റഡ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ട് പദവി വഹിക്കുന്നയാള്‍ ഷര്‍ട്ടിടാതെ കമ്പനി മാനേജ്മെന്റ് യോഗം നടത്തുന്നത് തികച്ചും അനുചിതമാണെന്ന് ഒരാള്‍ കമന്റ് ചെയ്തു. കമന്റുകളില്‍ ഭൂരിഭാഗവും ടോണി ഫെര്‍ണാണ്ടസ് ചെയ്തത് ശരിയായില്ലെന്ന് അഭിപ്രായപ്പെടുന്നവയാണ്. അതേസമയം യാത്രക്കാര്‍ക്ക് എയര്‍ ഏഷ്യയില്‍ നിന്ന് കിട്ടുന്ന അതേ സമീപനം തന്നെയാണ് മനേജ്മെന്റ് യോഗത്തില്‍ സിഇഒയും കാണിക്കുന്നതെന്ന് ചിലര്‍ പരിഹസിക്കുകയും ചെയ്യുന്നു. 
 

ഓഫീസ് സമയം കഴിഞ്ഞ് നടന്ന മീറ്റിങ് ആണെങ്കില്‍ പോലും കുറഞ്ഞത് ഒരു ഷര്‍ട്ടെങ്കിലും സിഇഒക്ക് ധരിക്കാമായിരുന്നുവെന്നാണ് ചിലരുടെ അല്‍പം മയപ്പെടുത്തിയുള്ള അഭിപ്രായം. തൊഴില്‍ സംസ്കാരം കാണിച്ചുകൊടുക്കാന്‍ പറ്റിയ ഫോട്ടോ ആണെന്നും താങ്കള്‍ ഉദ്ദേശിച്ചത് നടന്നുവെന്ന് തോന്നുന്നുണ്ടോയെന്നും ചിലര്‍ ചോദിക്കുന്നു. തുറന്ന സംസ്കാരമാണ് എയര്‍ ഏഷ്യയില്‍ ഉള്ളതെന്ന് കേട്ടപ്പോള്‍ അത് ഇത്രത്തോളം തുറന്നതായിരിക്കുമെന്ന് പ്രതീക്ഷിച്ചില്ലെന്ന് മറ്റൊരാളുടെ അഭിപ്രായം. അതേസമയം തന്നെ പലരും സിഇഒയുടെ പ്രവൃത്തിയെ അഭിനന്ദിക്കുന്നുമുണ്ട്. കൂളായ ബോസാണെന്നും അദ്ദേഹത്തെ ഇഷ്ടപ്പെടുന്നുവെന്നും ചിലരുടെ കമന്റുണ്ട്. 

Follow Us:
Download App:
  • android
  • ios