തിരുവനന്തപുരം: തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ട് അപ്പ് സംരംഭമായ വേബിയോ(Waybeo)യെ ഏറ്റെടുത്ത് ടെലികോം രംഗത്തെ ഭീമനായ ഭാരതി എയർടെൽ. ക്ലൗഡ് രംഗത്ത് പ്രവർത്തന മുന്നേറ്റം ലക്ഷ്യമിട്ടാണ് എയർടെലിന്റെ നീക്കം. ഇത് കേരളത്തിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് സംരംഭങ്ങൾക്ക് നൽകുന്ന ആത്മവിശ്വാസം വലുതാണ്.

എന്നാൽ എത്ര നിക്ഷേപമാണ് നടത്തിയിരിക്കുന്നതെന്ന് എയർടെൽ വ്യക്തമാക്കിയിട്ടില്ല. ആർട്ടിഫിഷൽ ഇന്റലിജൻസ് അടിസ്ഥാനമാക്കി ക്ലൗഡ് ടെലിഫോൺ രംഗത്ത് അനലറ്റിക്സ് നടത്തുന്ന സ്ഥാപനമാണ് വേബിയോ. എയർടെൽ സ്റ്റാർട്ട്അപ്പ് ആക്സിലറേറ്റർ പ്രോഗ്രാമിന്റെ ഭാഗമാകുന്ന അഞ്ചാമത്തെ സ്ഥാപനമാണിത്. വഹൻ, സ്പെക്ടാകോം, ലട്ടു കിഡ്സ്, വോയ്സ് സെൻ എന്നിവയാണ് മുൻപ് ഭാഗമായ കമ്പനികൾ. 

ക്ലൗഡ് ഓഫറിങ്സിലെ മുന്നേറ്റം ലക്ഷ്യമിട്ടാണ് വേബിയോ ഏറ്റെടുത്തതെന്ന് എയർടെൽ തന്നെയാണ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചത്.  2024 ഓടെ ഇന്ത്യയിലെ ക്ലൗഡ് സേവന വിപണി 7.1 ബില്യൺ ഡോളർ വളർച്ച നേടുമെന്നാണ് കരുതുന്നത്. ഇതിൽ തന്നെ ക്ലൗഡ് ടെലിഫോണി മാർക്കറ്റ് വലിയ മുന്നേറ്റമാണ് നേടിക്കൊണ്ടിരിക്കുന്നത്. എയർടെലിന്റെ പിന്തുണ ലഭിക്കുന്നതോടെ വേബിയോയ്ക്ക് വലിയ മുന്നേറ്റം തന്നെ നേടാനാവുമെന്നാണ് വിലയിരുത്തൽ.