Asianet News MalayalamAsianet News Malayalam

ലോകത്തെ ഞെട്ടിച്ച് ചൈന: ക്രിപ്റ്റോകറൻസി വിരുദ്ധ നിലപാടിൽ തളർന്ന് ബിറ്റ്കോയിൻ

സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. 

all cryptocurrency related transactions are illegal Chinese policy
Author
Shanghai, First Published Sep 24, 2021, 7:37 PM IST

ഷാങ്ഹായ്: സാമ്പത്തിക രംഗത്തിന്റെ ഭാവിയായി കരുതുന്ന ക്രിപ്റ്റോകറൻസി ചൈന നിരോധിച്ചതോടെ തളർന്ന് ബിറ്റ്കോയിൻ. ഇന്ന് ചൈനയിലെ കേന്ദ്രബാങ്കായ പീപ്പിൾസ് ബാങ്ക് ഓഫ് ചൈനയുടെ വെബ്സൈറ്റിലാണ് നിരോധനം സംബന്ധിച്ച് അറിയിപ്പ് വന്നത്. ചൈനയുടെ തീരുമാനം വന്നതിന് പിന്നാലെ വെള്ളിയാഴ്ചത്തെ വിപണിയിൽ ബിറ്റ്കോയിൻ 5.5 ശതമാനം ഇടിഞ്ഞു. ആഗോള വിപണി ചൈനയിലെ എവർഗ്രന്റെ ഗ്രൂപ്പിന്റെ തകർച്ചയെ ആശങ്കയോടെ നോക്കിയിരിക്കുന്ന ഘട്ടത്തിലാണ് ക്രിപ്റ്റോകറൻസികൾക്ക് എതിരായ വിലക്കും വരുന്നത്. 

എന്നാൽ ചൈന സർക്കാർ നേരത്തെ തന്നെ ഇതിന്റെ സൂചനകൾ നൽകിയതിനാൽ വലിയ തിരിച്ചടി ഉണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ക്രിപ്റ്റോകറൻസി എക്സ്ചേഞ്ച് ലൂണോയുടെ ഏഷ്യാ പസഫിക് തലവൻ വിജയ് അയ്യാറുടെ പ്രതികരണം. സാമ്പത്തിക രംഗത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന മാറ്റങ്ങൾ വലിയ വെല്ലുവിളിയാണെന്ന് മെയ് മാസത്തിൽ ചൈനയിലെ സ്റ്റേറ്റ് കൗൺസിൽ വിലയിരുത്തിയിരുന്നു. എന്നാൽ ഇതിന്റെ വിശദാംശങ്ങളിലേക്ക് കൗൺസിൽ പോയിരുന്നില്ല. അന്ന് തന്നെ ക്രിപ്റ്റോകറൻസികൾ ചൈനയിലെ നിക്ഷേപകർ വിറ്റൊഴിക്കാൻ തുടങ്ങിയിരുന്നു. പിന്നാലെ പ്രാദേശിക ഭരണകൂടങ്ങളടക്കം ക്രിപ്റ്റോകറൻസിക്ക് എതിരെ ചട്ടങ്ങൾ ആവിഷ്കിച്ച് തുടങ്ങിയിരുന്നു. 

എല്ലാ ക്രിപ്റ്റോകറൻസി ഇടപാടുകളും ഇവയുടെ വാങ്ങലും നിയമവിരുദ്ധമാണെന്നാണ് ചൈനയിലെ റെഗുലേറ്ററി ബോർഡ് പ്രഖ്യാപിച്ചത്. ഇതിനായി ചൈനയിലെ കേന്ദ്ര ബാങ്ക് അടക്കം പത്ത് ഏജൻസികൾ ഒത്തൊരുമിച്ചാണ് നിലപാടെടുത്തത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ രാജ്യത്തെ ഏജൻസികളെല്ലാം ഒരുമിച്ച് ഒരു തീരുമാനമെടുക്കുന്നത്. ലോക സാമ്പത്തിക ചരിത്രത്തിലെ തന്നെ നിർണായക ഏടായാണ് ഇതിനെ വിലയിരുത്തുന്നത്.

ചൈനയിൽ വൻകിട കമ്പനികൾക്കും അവയുടെ മൂലധന ഒഴുക്കിനുമെല്ലാം മുകളിൽ ഭരണകൂടത്തിന്റെ നിയന്ത്രണം ശക്തമാണ്. ക്രിപ്റ്റോകറൻസിയുടെ വരവ് ഭരണകൂട നിയന്ത്രണത്തിന് തടസമായേക്കുമെന്ന വിലയിരുത്തൽ ചൈനീസ് സർക്കാരിനുണ്ടെന്ന് മുൻ നിലപാടുകളിൽ നിന്ന് തന്നെ വ്യക്തമായതുമാണ്. ദേശീയ തലത്തിൽ ക്രിപ്റ്റോകറൻസി സേവനങ്ങൾ നൽകുന്ന സാമ്പത്തിക സ്ഥാപനങ്ങൾ, പേമെന്റ് കമ്പനികൾ, ഇന്റർനെറ്റ് സ്ഥാപനങ്ങൾ എന്നിവയ്ക്ക് എല്ലാം പുതിയ തീരുമാനത്തോടെ നിലനിൽപ്പ് തന്നെ അനിശ്ചിതത്വത്തിലായി.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios