ദില്ലി: പൊതു സ്വകാര്യ പങ്കാളിത്തതോടെ പ്രവർത്തിക്കുന്ന വിമാനത്താവളങ്ങൾ വിദേശ ടൂറിസ്റ്റുകളെ ഇന്ത്യയിലേക്ക് അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ നിയോഗിച്ച പ്രത്യേക സമിതിയും സ്ഥിതി വിലയിരുത്തി ഇതേ ആവശ്യം തന്നെ മുന്നോട്ട് വച്ചിട്ടുണ്ട്. കൂടുതൽ രാജ്യങ്ങളിലേക്ക് വിമാന സർവീസ് ആരംഭിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഏപ്രിലിനും സെപ്തംബറിനും ഇടയിൽ ആറ് മെട്രോ എയർപോർട്ടുകളിലൂടെ 16 ലക്ഷം അന്താരാഷ്ട്ര യാത്രികരാണ് യാത്ര ചെയ്തത്. മുൻവർഷത്തെ അപേക്ഷിച്ച് ഏഴ് ശതമാനം മാത്രമായിരുന്നു യാത്രക്കാരുടെ എണ്ണം. അന്താരാഷ്ട്ര യാത്രക്കാർക്ക് വിലക്ക് ഇളവ് ചെയ്തത് ഏവിയേഷൻ സെക്ടറിന് മാത്രമേ ഗുണം ചെയ്യൂ. സമ്പദ് വ്യവസ്ഥയുടെ നേട്ടത്തിന് അന്താരാഷ്ട്ര ടൂറിസ്റ്റ് വിസകളും അനുവദിക്കണമെന്നാണ് അസോസിയേഷൻ ഓഫ് പ്രൈവറ്റ് എയർപോർട് ഓപ്പറേറ്റേർസിന്റെ ആവശ്യം.

അടുത്ത ഘട്ടത്തിൽ വിദേശ ടൂറിസ്റ്റുകൾക്കും ഇന്ത്യയിലേക്ക് അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അമേരിക്ക, യുകെ, യുഎഇ, മാലിദ്വീപ്, എത്യോപ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ടൂറിസ്റ്റുകൾക്ക് ആദ്യ ഘട്ടത്തിലും മറ്റിടങ്ങളിൽ നിന്നുള്ളവർക്ക് പിന്നീട് ഘട്ടം ഘട്ടമായും അനുമതി നൽകണമെന്നാണ് എയർപോർട് ഓപ്പറേറ്റേർസ് പറയുന്നത്.