റിലയൻസും ഫ്യൂചർ ഗ്രൂപ്പും തമ്മിലുള്ള 24713 കോടി രൂപയുടെ ഇടപാടിനെ കുറിച്ച് ആമസോൺ കമ്പനിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്ന് 2020 ഒക്ടോബറിലും ഫ്യൂചർ ഗ്രൂപ്പ് പറഞ്ഞിരുന്നു.

ദില്ലി: ബിസിനസ് ലോകത്ത് കത്തിനിൽക്കുന്ന വിവാദമാണ് ആമസോൺ- ഫ്യൂചർ ഗ്രൂപ്പ് തർക്കം. റിലയൻസിന് ഫ്യൂചർ ഗ്രൂപ്പിനെ വിൽക്കാനുള്ള തീരുമാനത്തെ, ഫ്യൂചർ ഗ്രൂപ്പുമായുണ്ടാക്കിയ മുൻ നിക്ഷേപ ധാരണയിലെ കരാർ ലംഘിച്ചെന്ന് പറഞ്ഞ് കോടതി കയറ്റിയിരിക്കുകയാണ് ആമസോൺ. എന്നാൽ ഇതേ ആമസോൺ ഈ ഇടപാട് അംഗീകരിക്കാൻ 290 കോടി രൂപ നഷ്ടപരിഹാരം ചോദിച്ചെന്നാണ് ഇന്ന് ഫ്യൂചർ ഗ്രൂപ്പ് പുറത്തുവിട്ടത്. ഇടപാടുമായി ബന്ധപ്പെട്ട കാര്യം ആമസോണിനെ അറിയിച്ചിരുന്നില്ലെന്ന വാദം തെറ്റാണെന്നും കിഷോർ ബിയാനിയുടെ കമ്പനി, തർക്കത്തിൽ വാദം കേൾക്കുന്ന ആർബിട്രേഷന് മുന്നിൽ സമർപ്പിച്ചിരിക്കുന്ന സത്യവാങ്മൂലത്തിൽ പറയുന്നുണ്ട്.

റിലയൻസും ഫ്യൂചർ ഗ്രൂപ്പും തമ്മിലുള്ള 24713 കോടി രൂപയുടെ ഇടപാടിനെ കുറിച്ച് ആമസോൺ കമ്പനിക്ക് വ്യക്തമായി അറിയാമായിരുന്നുവെന്ന് 2020 ഒക്ടോബറിലും ഫ്യൂചർ ഗ്രൂപ്പ് പറഞ്ഞിരുന്നു. 2020 ആഗസ്റ്റ് മാസത്തിൽ കിഷോർ ബിയാനിയും രാകേഷ് ബിയാനിയും ആമസോൺ കമ്പനിയുടെ അഭിജിത് മജുംദാറുമായി നടത്തിയ രണ്ട് ടെലിഫോൺ സംഭാഷണങ്ങളിൽ 40 ദശലക്ഷം ഡോളർ ആവശ്യപ്പെട്ടതായാണ് ആർബിട്രേഷന് മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്. 

റിലയൻസുമായി ചർച്ചകൾ നടത്തുന്നുണ്ടെന്ന് മജുംദാറിനെ അറിയിച്ച ശേഷമാണ് 2020 ആഗസ്റ്റ് 29 ന് റിലയൻസ് ഇടപാട് പ്രഖ്യാപിച്ചത് എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇടപാട് ഔദ്യോഗികമായി പ്രഖ്യാപിച്ചതിന് ഒരു മാസം മുൻപ് ഇക്കാര്യം ആമസോണിന് വ്യക്തമായി അറിയാമായിരുന്നുവെന്നും സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ ആർബിട്രേഷൻ എന്ത് നിലപാടെടുക്കുമെന്ന് കാത്തിരുന്ന് കാണാം.