Asianet News MalayalamAsianet News Malayalam

പൗരത്വ ഭേദഗതി നിയമ പ്രക്ഷോഭം; വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടി

വിനോദസഞ്ചാരത്തിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ധാരാളം പേർ ഇന്ത്യക്കകത്ത് തങ്ങൾ പോകാൻ ഉദ്ദേശിച്ചിരുന്ന സ്ഥലം മാറ്റി യാത്ര വിദേശത്തേക്കാക്കിയെന്നാണ് റിപ്പോര്‍ട്ട്.

As protests against CAA intensify, domestic tourism industry faces the heat
Author
Mumbai, First Published Dec 22, 2019, 5:21 PM IST

ദില്ലി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭം ഇന്ത്യയിലെമ്പാടും ശക്തമായത് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്. ശൈത്യകാലത്തെ വിനോദസഞ്ചാരത്തെ ഇത് പ്രതികൂലമായി ബാധിച്ചതായാണ് ഈ മേഖലയിൽ നിന്നുള്ളവർ പറയുന്നത്. ആഭ്യന്തര വിനോദസഞ്ചാരത്തിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. ധാരാളം പേർ ഇന്ത്യക്കകത്ത് തങ്ങൾ പോകാൻ ഉദ്ദേശിച്ചിരുന്ന സ്ഥലം മാറ്റി യാത്ര വിദേശത്താക്കിയെന്ന് ട്രാവൽ ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ജ്യോതി മായൽ പിടിഐയോട് പറഞ്ഞു. 

പ്രക്ഷോഭം തുടരുകയാണെങ്കിൽ യാത്രകൾ വൻതോതിൽ റദ്ദാക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, യുകെ, കാനഡ, യുഎഇ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളെല്ലാം
തങ്ങളുടെ പൗരന്മാർക്ക് ഇന്ത്യ സന്ദർശിക്കുന്നതുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിന് പിന്നാലെ രാജ്യത്തെ പ്രക്ഷോഭ സാഹചര്യം അറിയാൻ നിരവധി പേരാണ് വിദേശത്ത് നിന്ന് ട്രാവൽ ഏജൻസികളെ ബന്ധപ്പെടുന്നത്.

നടപ്പുസാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതി പിന്നിടുമ്പോൾ വിനോദസഞ്ചാര മേഖലയിൽ നേരിയ വളർച്ച മാത്രമാണ് കണ്ടത്. 2018 നെ അപേക്ഷിച്ച് 2019 ലെ ആദ്യ ആറ് മാസം 52.66 ലക്ഷം പേരാണ് ഇന്ത്യയിൽ അധികമായി എത്തിയത്. കഴിഞ്ഞ വർഷം ആദ്യ ആറ് മാസത്തിൽ വിദേശത്ത് നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ 7.7 ശതമാനമായിരുന്നു വളർച്ച. ഇത് ഇക്കുറി വെറും 2.2 ശതമാനം മാത്രമാണ്. കേന്ദ്രസർക്കാരിന്റെ വിദേശനാണ്യ വരുമാനത്തിൽ 2019 സാമ്പത്തിക വർഷത്തിലെ ആദ്യപകുതി പിന്നിടുമ്പോൾ  3.3 ശതമാനം വളർച്ചയുണ്ടായി. 

ഇതേ കാലയളവിൽ 2018 ൽ 12.6 ശതമാനം വളർച്ചയാണ് വിദേശനാണ്യ വരുമാനത്തിൽ ഉണ്ടായത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രക്ഷോഭം ശക്തമായതാണ് വിനോദസഞ്ചാര മേഖലയ്ക്ക് തിരിച്ചടിയായത്. ശൈത്യകാലത്ത്  വൻതോതിൽ ആഭ്യന്തര-വിദേശ വിനോദസഞ്ചാരികൾ ഇന്ത്യയിലെ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിലേക്ക് എത്താറുണ്ട്. എന്നാൽ ഇത്തവണ വിദേശത്തെ ശീതകാല വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചാണ് ആഭ്യന്തര വിനോദസഞ്ചാരികളിൽ അധികം പേരും അന്വേഷിച്ചത്. നിലവിലെ സാഹചര്യത്തിൽ അടിയന്തിര ഇടപെടൽ കേന്ദ്രസർക്കാരിനോട് വിനോദസഞ്ചാര മേഖലയിലെ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios