Asianet News MalayalamAsianet News Malayalam

നട്ടെല്ല് സർജറി കഴിഞ്ഞ് അതേ ദിവസം വീട്ടിലേക്ക് മടങ്ങാം; ആസ്റ്ററിൽ ഡേ കെയർ സ്‌പൈൻ സെന്റർ

കുറഞ്ഞ ആശുപത്രിവാസം സാധ്യമായ രോ​ഗികളിൽ ശസ്ത്രക്രിയയും നടപടിക്രമങ്ങളും ഒറ്റ ദിവസത്തിൽ പൂർത്തിയാകും. ഇത് അണുബാധ സാധ്യത കുറയ്ക്കുമെന്നും ആസ്റ്റർ മെഡ്സിറ്റി.

AsterMedcity center for day care spine surgery
Author
First Published Oct 7, 2022, 11:45 AM IST

നട്ടെല്ല് ശസ്ത്രക്രിയക്കായി എത്തുന്ന രോഗികൾക്കായി ഡേ കെയർ സ്‌പൈൻ ശസ്ത്രക്രിയ കേന്ദ്രം ആരംഭിച്ച് ആസ്റ്റർ മെഡ്‌സിറ്റി. രോഗികൾക്ക് ശസ്ത്രക്രിയ കഴിഞ്ഞ് അതേ ദിവസം തന്നെ ഡിസ്ചാർജായി വീട്ടിലേക്ക് മടങ്ങാൻ സാധിക്കുന്ന രീതിയിലുള്ള നൂതന കേന്ദ്രമാണ് സജ്ജമാക്കിയിരിക്കുന്നത്. യുകെ ഹൗസ് ഓഫ് ലോർഡ്‌സിലെ സ്വതന്ത്ര അംഗമായ ജോൺ ഡെസ്മണ്ട് ഫോർബ്‌സ് ആൻഡേഴ്‌സൺ (ലോർഡ് വേവർലി) ആണ് ഡേ കെയർ സ്‌പൈൻ ശസ്ത്രക്രിയ സെന്റർ ഉദ്ഘാടനം ചെയ്തത്. 

ഏറ്റവും കുറഞ്ഞ ആശുപത്രിവാസം സാധ്യമായ രോഗികളിൽ ശസ്ത്രക്രിയയും നടപടിക്രമങ്ങളും ഒറ്റ ദിവസത്തിൽ പൂർത്തിയാക്കുകയും, അതുവഴി അണുബാധയ്ക്കുള്ള സാധ്യത കുറയ്ക്കാനുമാണ് സെന്റർ ലക്ഷ്യമിടുന്നത്. ഡേ കെയർ സെന്റർ പരമ്പരാഗത ശസ്ത്രക്രിയ രീതികളിൽ മാറ്റം കൊണ്ടുവരുമെന്ന് ജോൺ ഡെസ്മണ്ട് ഫോർബ്‌സ് ആൻഡേഴ്‌സൺ പറഞ്ഞു. നട്ടെല്ല് സംബന്ധമായ ശസ്ത്രക്രിയകൾക്ക് കൂടുതൽ ആശുപത്രി വാസവും നിരീക്ഷണവും ആവശ്യമാണെന്ന പൊതുധാരണകളെ മാറ്റാനും ഡേ കെയർ ആശയത്തിനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

വളരെ സുരക്ഷിതമായ കീഹോൾ സർജറി രീതിയാണ് സ്‌പൈൻ സർജറി ഡേ കെയർ സെന്ററിൽ സ്വീകരിച്ചിരിക്കുന്നത്. ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിവാസം ആവശ്യമില്ല.വീട്ടിലെ വിശ്രമം കൊണ്ട് തന്നെ സുഖംപ്രാപിക്കാൻ സാധിക്കും .ഏറ്റവും ലളിതമായ നടപടിക്രമങ്ങളുള്ള നട്ടെല്ല് ശസ്ത്രക്രിയകളാണ് ഡേ കെയർ സർജറികൾ. ഡിസ്‌ക് പ്രോലാപ്സ്, സ്‌പൈൻ ഫ്രാക്ചർ, സ്‌പൈനൽ ട്യൂമർ, സ്‌പൈനൽ ഡീജനറേറ്റീവ് ഡിസോർഡേഴ്‌സ് എന്നിവയ്ക്കായി ഏറ്റവും കുറവ് മുറിവുകളുള്ള ശസ്ത്രക്രിയകളും സെന്ററിൽ നടക്കും.

ജനങ്ങൾക്ക് അത്യാധുനിക ചികിത്സ സൗകര്യങ്ങൾ ലഭ്യമാക്കാൻ ആസ്റ്റർ മെഡ്സിറ്റി പ്രതിജ്ഞാബന്ധമാണെന്നും, പുതിയ ഡേ കെയർ സ്‌പൈൻ ശസ്ത്രക്രിയ സെന്റർ രോഗികൾക്ക് വലിയ രീതിയിൽ പ്രയോജനം ചെയ്യുമെന്നും ആസ്റ്റർ ഹോസ്പിറ്റൽസ് കേരള ആന്റ് ഒമാൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസീൻ പറഞ്ഞു. ശസ്ത്രക്രിയയ്ക്ക് ശേഷം രോഗികൾക്ക് അവരുടെ സാധാരണ ജീവിതത്തിലേക്ക് വളരെ വേഗം മടങ്ങാനാവും. ആരോഗ്യ സേവന രംഗത്തെ മുൻനിര പോരാളികൾ എന്ന നിലയിൽ രോഗികളുടെ ക്ഷേമം ഉറപ്പാക്കുന്ന ഇത്തരത്തിലുള്ള വിപുലമായ സൗകര്യങ്ങൾ ആസ്റ്റർ മെഡ്‌സിറ്റി തുടർന്നും അവതരിപ്പിക്കുമെന്നും ഫർഹാൻ യാസീൻ വ്യക്തമാക്കി.

യുകെ ഹൗസ് ഓഫ് ലോർഡ്‌സിലെ സ്വതന്ത്ര അംഗമായ ജോൺ ഡെസ്മണ്ട് ഫോർബ്‌സ് ആൻഡേഴ്‌സൺ, ഫർഹാൻ യാസീൻ, ആസ്റ്റർ മെഡ്‌സിറ്റി ന്യൂറോസ്‌പൈൻ സർജറി കൺസൾട്ടന്റ് ഡോ. അനുപ് പി നായർ, സീനിയർ കൺസൾട്ടന്റ് - ന്യൂറോ സർജറി ഡോ ദീലീപ് പണിക്കർ,ആസ്റ്റർ മെഡ്‌സിറ്റി ഡയറക്ടർ ഓഫ് മെഡിക്കൽ അഫയേഴ്‌സ് ഡോ. ടി ആർ ജോൺ, കൺസൾട്ടന്റ്- ഓർത്തോപീഡിക് സ്‌പൈൻ സർജറി ഡോ.രഞ്ജിത്ത് കെ.ആർ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.

Follow Us:
Download App:
  • android
  • ios