Asianet News MalayalamAsianet News Malayalam

ഗോതമ്പിനായി റഷ്യയെ സമീപിച്ച് ബംഗ്ലാദേശ്; വെർച്വൽ കൂടിക്കാഴ്ച ഇന്ന്

ബംഗ്ലാദേശിലേക്ക് ഏറ്റവും കൂടുതൽ ഗോതമ്പ് എത്തിയിരുന്നത് ഇന്ത്യയിൽ നിന്നായിരുന്നു. ഇന്ത്യ കയറ്റുമതി നിർത്തിയതോടെ ഗോതമ്പിനായി ബുദ്ധിമുട്ടുകയാണ് ബംഗ്ലാദേശ്

 Bangladesh Looks To Russia For Wheat
Author
Trivandrum, First Published Jun 23, 2022, 12:10 PM IST

മുംബൈ : ആഭ്യന്തര വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചതോടുകൂടി ബംഗ്ലാദേശ് ഗോതമ്പിനായി റഷ്യയെ സമീപിച്ചതായി റോയിട്ടേഴ്‌സ്  റിപ്പോർട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതിക്കാരായ റഷ്യയുമായി കരാറിലെത്തുന്നതോടെ ഗോതമ്പിന്റെ ലഭ്യത ഉറപ്പാക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ബംഗ്ലാദേശ്. 

ഗോതമ്പ് ലഭിക്കാനുള്ള കരാറിന് അന്തിമരൂപം നൽകുന്നതിനായി റഷ്യയുമായി ബംഗ്ലാദേശ് ഇന്ന് വെർച്വൽ മീറ്റിംഗ് നടത്തും. റഷ്യയിൽ നിന്ന് കുറഞ്ഞത് 200,000 ടൺ ഗോതമ്പെങ്കിലും ഇറക്കുമതി ചെയ്യാനാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ട്. 

ബംഗ്ലാദേശ് ഏറ്റവും കൂടുതൽ ഗോതമ്പ് ഇറക്കുമതി ചെയുന്നത് ഇന്ത്യയിൽ നിന്നായിരുന്നു. പ്രതിവർഷം  7 ദശലക്ഷം ടൺ ഗോതമ്പ് ബംഗ്ലാദേശ് ഇറക്കുമതി ചെയ്യാറുണ്ട്. അതിൽ മൂന്നിൽ രണ്ട് ഭാഗവും ഇന്ത്യയിൽ നിന്നാണ്. ഇന്ത്യയുടെ കയറ്റുമതി നിരോധനത്തിന് ശേഷം അന്താരാഷ്ട്ര വിപണിയിൽ നിന്നും ഗോതമ്പ് വാങ്ങാൻ ശ്രമിച്ചെങ്കിലും ഉയർന്ന വില കാരണം പിൻവാങ്ങുകയായിരുന്നു. ചരക്ക് അടിസ്ഥാനമാക്കി  ഇന്ത്യൻ ഗോതമ്പിന്  ടണ്ണിന് 400 ഡോളറിൽ താഴെയാണ് ബംഗ്ലാദേശ് നൽകുന്നത്. എന്നാൽ ആഭ്യന്തര വിപണിയിലെ വില കുതിച്ചു കയറിയതോടെ ഇന്ത്യ കയറ്റുമതി നിരോധിച്ചു. ഇതോടെ മറ്റ് വിതരണക്കാർ 460 ഡോളറിന് മുകളിൽ ആണ് ഈടാക്കുന്നത്. ഇങ്ങനെ ഗോതമ്പ് വാങ്ങിയപ്പോൾ  ബംഗ്ലാദേശിലെ ഗോതമ്പിന്റെ പ്രാദേശിക വില ഉയർത്തി. മെയ് മാസത്തിൽ പണപ്പെരുപ്പം എട്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയപ്പോൾ കുതിച്ചുയരുന്ന വിലക്കയറ്റം  പിടിച്ചുനിർത്താൻ ബംഗ്ലാദേശ് സർക്കാർ പാടുപെടുകയാണ്. 

ഇന്ന് നടക്കുന്ന  വെർച്വൽ കൂടിക്കാഴ്ചയിൽ വിലയും പണമടയ്ക്കലും ഉൾപ്പെടെയുള്ള എല്ലാ കാര്യങ്ങളും ചർച്ച ചെയ്യും.  ആഗോള വിലയേക്കാൾ കിഴിവ് നൽകാൻ  റഷ്യയ്ക്ക് കഴിയും എന്നാണ്  ബംഗ്ലാദേശ് പ്രതീക്ഷിക്കുന്നത്. 

Follow Us:
Download App:
  • android
  • ios