തിരുവനന്തപുരം: ഏഴ് വർഷം മുൻപ് പ്രവാസി വ്യവസായിയുടെ ഇമെയിൽ ഐഡി ഹാക്ക് ചെയ്ത് തട്ടിയെടുത്ത 48 ലക്ഷം രൂപ തിരികെ കിട്ടി. നീണ്ട കാലത്തെ നിയമ പോരാട്ടത്തിന് ഒടുവിലാണ് ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ പ്രവാസി വ്യവസായിയായ വിജയകുമാരൻ രാഘവന് അനുകൂലമായി വിധി പറഞ്ഞത്.

ഖത്തറിൽ ബിസിനസുകാരനായ ഇദ്ദേഹത്തിന് നാട്ടിലെ ഒരു പൊതുമേഖലാ ബാങ്കിൽ മൂന്ന് എൻആർഇ അക്കൗണ്ടുകളുണ്ടായിരുന്നു. ഇവിടെ രജിസ്റ്റർ ചെയ്തിരുന്ന മെയിൽ ഐഡി 2012 ൽ ഹാക്ക് ചെയ്യപ്പെട്ടു. ഇമെയിൽ ഐഡി ഹാക്ക് ചെയ്തുവെന്ന് അറിഞ്ഞ ഉടൻ തന്നെ ഇദ്ദേഹം മറ്റൊരു ഇമെയിലിലൂടെ ബാങ്കിനെ വിവരം അറിയിച്ചു.

ഹാക്ക് ചെയ്യപ്പെട്ട ഐഡിയിൽ നിന്ന് വരുന്ന പണമിടപാടിനായുള്ള ഒരു അപേക്ഷയും അംഗീകരിക്കരുതെന്ന് വ്യക്തമായി ഈ കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ബാങ്ക് ഇതത്ര ഗൗരവമായെടുത്തില്ല. പിന്നാലെ രാഘവന്റെ അക്കൗണ്ടിൽ നിന്ന് 86,500 ഡോളർ പിൻവലിക്കപ്പെട്ടു. 48.25 ലക്ഷം രൂപയോളമാണ് നഷ്ടമായത്. രാഘവനെ അറിയിക്കാതെ തന്നെ ഹാക്ക് ചെയ്യപ്പെട്ട ഇമെയിൽ ഐഡിയിൽ നിന്ന് പണമിടപാടിനുള്ള അപേക്ഷ വന്നത് ബാങ്ക് ക്ലിയർ ചെയ്ത് വിട്ടു.

ഇതോടെയാണ് ഇദ്ദേഹത്തിന് പണം നഷ്ടമായത്. ഇതോടെ ബാങ്കിൽ നിന്ന് രാഘവൻ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ അറിവോടെ നടന്ന പണമിടപാടാണ് ഇതെന്ന വാദമായിരുന്നു ബാങ്കിന്. ഇതോടെ കേസ് കോടതി കയറി. 2012 ഏപ്രിൽ 27 നാണ് രാഘവൻ തന്റെ ഇമെയിൽ ഐഡി ഹാക്ക് ചെയ്യപ്പെട്ടെന്ന വിവരം ബാങ്കിനെ അറിയിച്ചത്.

എന്നിട്ടും ബാങ്ക് ഇക്കാര്യം അറിഞ്ഞില്ലെന്ന വാദവും കോടതിയിൽ ഉയർത്തി. ഹാക്ക് ചെയ്യപ്പെട്ട വിവരം അറിയിക്കാൻ രാഘവൻ ഉപയോഗിച്ച ഇമെയിൽ ഐഡി ബാങ്കിൽ രജിസ്റ്റർ ചെയ്തിരുന്നില്ലെന്നായിരുന്നു വാദം. എന്നാൽ ഈ ഇമെയിൽ ലഭിച്ചയുടൻ ബാങ്കിൽ നിന്ന് രാഘവനെ വിളിച്ച് പരാതി എഴുതി നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു.

ഇതിന് ശേഷമാണ് പണം നഷ്ടപ്പെട്ടത്. കേസ് ഉപഭോക്തൃ തർക്ക പരിഹാര ഫോറത്തിലെത്തിയപ്പോൾ ബാങ്കിന്റെ ഭാഗത്ത് അനാസ്ഥയുണ്ടായെന്ന് വ്യക്തമായി. പിന്നാലെ രാഘവന് നഷ്ടമായ പണം ബാങ്ക് നൽകണമെന്ന വിധിയും വന്നു. വിധിക്കെതിരെ ദേശീയ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ ബാങ്ക് സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. 48 ലക്ഷം രൂപ കൊടുത്തേ തീരൂ എന്ന് വിധി വന്നു.