കൊൽക്കത്ത: രണ്ട് ദിവസത്തെ രാജ്യവ്യാപക പണിമുടക്കിന് ബാങ്ക് യൂണിയനുകളുടെ ആഹ്വാനം. ജനുവരി 31 നും ഫെബ്രുവരി ഒന്നിനുമാണ് പണിമുടക്ക്. വേതന വർധനവ് ആവശ്യപ്പെട്ട് ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി തൊഴിലാളി സംഘടനകൾ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ജനുവരി എട്ടിന് രാജ്യവ്യാപകമായി തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത സമരത്തിൽ ബാങ്ക് ജീവനക്കാർ പങ്കെടുത്തിരുന്നു. ആഴ്ചകൾക്കുള്ളിലാണ് വീണ്ടും സമരം പ്രഖ്യാപിച്ചത്. 

അതേസമയം ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കുമെന്ന പ്രതീക്ഷ നിലനിൽക്കെയാണ്  സമരം പ്രഖ്യാപിച്ചിരിക്കുന്നത്. ബാങ്ക് ജീവനക്കാരുടെ ഒൻപതോളം സംഘടനകൾ ചേർന്നതാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ്. രാജ്യവ്യാപക സമരത്തിൽ തങ്ങളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നുണ്ടെങ്കിൽ മാർച്ച് 11 മുതൽ 13 വരെ മൂന്ന് ദിവസം തുടർച്ചയായി പണിമുടക്കാനും യൂണിയനുകൾ തീരുമാനിച്ചിട്ടുണ്ട്.

എന്നിട്ടും ആവശ്യം അംഗീകരിക്കുന്നില്ല എന്നുണ്ടെങ്കിൽ ഏപ്രിൽ ഒന്ന് മുതൽ അനിശ്ചിതകാല പണിമുടക്കും സംഘടനകൾ പ്രഖ്യാപിച്ചു. ജീവനക്കാരുടെ വേതനത്തിൽ ഏറ്റവും കുറഞ്ഞത് 15 ശതമാനം വർധനവെങ്കിലും
വേണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാൽ ഇന്ത്യൻ ബാങ്ക് അസോസിയേഷൻ 12.25 ശതമാനത്തിൽ ഉറച്ചുനിൽക്കുകയാണ്. ഇതംഗീകരിക്കാനാവില്ലെന്ന നിലപാടാണ് തൊഴിലാളി സംഘടനകൾക്ക്.