മുംബൈ: റിപ്പോ നിരക്കുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ബാങ്ക് വായ്പയുടെ പലിശ നിര്‍ണ്ണയിക്കുന്ന പുതിയ രീതി ഏപ്രില്‍ ഒന്ന് മുതല്‍ നിലവില്‍ വരാനിരിക്കെ മിക്ക ബാങ്കുകള്‍ക്കും പുതിയ രീതിയിലേക്ക് മാറാന്‍ തല്‍പര്യമില്ല. മിക്ക ബാങ്കുകളും ഇതിനായുളള പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും തുടങ്ങിയിട്ടില്ല. 

ഇത് സംബന്ധിച്ച് ഒരു പുതിയ തീരുമാനവും ബാങ്ക് എടുത്തിട്ടില്ലെന്നാണ് പഞ്ചാബ് നാഷണല്‍ ബാങ്ക് നല്‍കിയ മറുപടി. എന്നാല്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പുതിയ പലിശ നിര്‍ണയ രീതിയിലേക്ക് മാറാനുളള നടപടികള്‍ പൂര്‍ത്തിയാക്കി. റിപ്പോ നിരക്കിന് അനുസരിച്ച് വായ്പയുടെ പലിശ നിരക്കുകള്‍ താഴ്ത്തേണ്ടി വരുമെന്ന് ബാങ്കുകള്‍ സമ്മതിക്കുന്നുണ്ടെങ്കിലും ഇതിന് സമയക്രമം നിശ്ചയിക്കാനാകില്ലെന്നാണ് മിക്കവരുടെയും നിലപാട്. 

റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളോട് പലിശ നിര്‍ണയത്തെ ബന്ധിപ്പിക്കാനുളള ബാങ്കുകളുടെ മെല്ലെപ്പോക്ക് നയത്തോട് ഇതുവരെ പ്രതികരണത്തിന് തയ്യാറായിട്ടില്ല. എന്നാല്‍, റിസര്‍വ് ബാങ്ക് എത്രയും പെട്ടെന്ന് പ്രശ്നത്തില്‍ കര്‍ശന നിലപാട് കൈക്കൊളളണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം. കഴിഞ്ഞ മാസം റിസര്‍വ് ബാങ്ക് റിപ്പോ നിരക്കുകളില്‍ 25 അടിസ്ഥാന പോയിന്‍റുകള്‍ കുറച്ചിരുന്നു. നിലവില്‍ 6.25 ശതമാനമാണ് റിപ്പോ നിരക്ക്.