Asianet News MalayalamAsianet News Malayalam

ഇന്ത്യൻ ബാങ്കുകൾ റിപ്പോർട്ട് ചെയ്തത് അഞ്ച് ലക്ഷം കോടിയുടെ വായ്പാ തട്ടിപ്പ്

രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി 90 സ്ഥാപനങ്ങൾ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 45,613 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. 

Banks in India report loan fraud worth five trillion rupee
Author
new delhi, First Published May 25, 2021, 3:40 PM IST

ദില്ലി: രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകൾ 4.92 ലക്ഷം കോടി രൂപയുടെ വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്തു. 2021 മാർച്ച് 31 ലെ കണക്കാണിത്. ബാങ്കുകളുടെ ആകെ വായ്പാ ശേഷിയുടെ 4.5 ശതമാനം വരുമിത്. വിവരാവകാശ നിയമ പ്രകാരം റിസർവ് ബാങ്കിൽ നിന്ന് സൗരഭ് പന്ഥാരെയാണ് ഈ കണക്കുകൾ ശേഖരിച്ചത്.

രാജ്യത്ത് പ്രവർത്തിക്കുന്ന ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളുമായി 90 സ്ഥാപനങ്ങൾ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട 45,613 കേസുകൾ റിപ്പോർട്ട് ചെയ്തതായാണ് കണക്ക്. ഏറ്റവും കൂടുതൽ വായ്പാ തട്ടിപ്പ് റിപ്പോർട്ട് ചെയ്തിരിക്കുന്നത് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയാണ്. 78072 കോടി രൂപയുടേതാണ് തട്ടിപ്പ്. പഞ്ചാബ് നാഷണൽ ബാങ്കിൽ 39733 കോടി രൂപയുടെ തട്ടിപ്പും ബാങ്ക് ഓഫ് ഇന്ത്യ 32,224 കോടി രൂപയുടെ തട്ടിപ്പും യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയിൽ 29,572 കോടി രൂപയുടെ തട്ടിപ്പും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

പട്ടികയിലെ ആദ്യ അഞ്ച് ബാങ്കുകളിൽ നിന്ന് മാത്രം 42.1 ശതമാനത്തിന്റെ തട്ടിപ്പ് നടന്നു. 206941 കോടി രൂപയുടെ തട്ടിപ്പാണ് നടന്നത്. സ്വകാര്യ ബാങ്കുകളിൽ വായ്പാ തട്ടിപ്പ് ഏറെയും നടന്നത് ഐസിഐസിഐ ബാങ്കിലാണ്, 5.3 ശതമാനം. 4.02 ശതമാനം യെസ് ബാങ്കിലും 2.54 ശതമാനം ആക്സിസ് ബാങ്കിലുമാണ്. ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് റിപ്പോർട്ട് ചെയ്ത കേസുകൾ 0.55 ശതമാനമാണ്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios