ദില്ലി: ഇന്ത്യൻ വിപണിയിൽ ബെന്നടൺ വാച്ചുകൾ ഡിസൈൻ ചെയ്ത് നിർമ്മിച്ച് വിൽക്കാനുള്ള ലൈസൻസ് കരാറിൽ ടൈമെക്സ് കമ്പനി ഒപ്പുവെച്ചു. രാജ്യത്തെ വാച്ച് വിപണിയിലേക്ക് ഇതിലൂടെ ബെന്നടെൺ കമ്പനിക്ക് കാലൂന്നാനാവും.

കരാറിനെ കുറിച്ച് ടൈമെക്സ് സെബിയിൽ സമർപ്പിച്ചിരിക്കുന്ന റെഗുലേറ്ററി ഫയലിങ്ങിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യൻ വിപണിയിലേക്ക് മാത്രമായാണ് കരാർ. ഇരു കമ്പനികൾക്കും ഇന്ത്യൻ വിപണിയിൽ അടിയുറച്ച് നിൽക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് ഈ കരാറിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്.

നടപ്പു സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ ഈ കരാറിലൂടെയുള്ള ഉൽപ്പന്നങ്ങൾ പുറത്തിറക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യൻ വാച്ച് വിപണിക്ക് നിലവിൽ 10100 കോടി രൂപയുടെ വലിപ്പമുണ്ട്. വരും വർഷങ്ങളിൽ ഈ വിപണി എട്ട് മുതൽ 10 ശതമാനം വരെ വളർച്ച നേടുമെന്ന് കരുതപ്പെടുന്നുണ്ട്.