Asianet News MalayalamAsianet News Malayalam

ടിക്കറ്റുണ്ടായിട്ടും നാസയിലേക്കുള്ള യാത്ര മുടങ്ങി; കൗമാരക്കാരന് ഇന്‍ഡിഗോ നൽകേണ്ടി വന്നത് 1.6 ലക്ഷം രൂപ

ഇന്‍ഡിഗോ വിമാനത്തിൽ ദില്ലിയിൽ എത്താനായില്ലെങ്കിൽ തനിക്ക് ബാൾട്ടിമോറിലേക്ക് പോകാനാവില്ലെന്ന് കെവിൻ കെഞ്ചിപ്പറഞ്ഞിട്ടും വിമാനക്കമ്പനി ജീവനക്കാർ കൈമടക്കി. 

Bengaluru teen sues IndiGo for missing trip to Nasa, wins  Rs 1.6 lakh relief
Author
Bengaluru, First Published May 31, 2021, 6:08 PM IST

ബെംഗളൂരു: നാസയിലേക്കുള്ള യാത്ര മുടങ്ങിയ ബെംഗളൂരുവിലെ വിദ്യാർത്ഥിക്ക് നഷ്ടപരിഹാരമായി ഇന്‍ഡിഗോ എയര്‍ലൈന്‍സ് നൽകേണ്ടത് 1.6 ലക്ഷം രൂപ. പ്രാദേശിക ഉപഭോക്തൃ ഫോറത്തിന്റേതാണ് വിധി. 2019 ഓഗസ്റ്റ് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കർണാടകയിലെ മുന്നേക്കൊലാല നിവാസിയായ കെവിൻ മാർട്ടിനാണ് നാസ സന്ദർശിക്കാനുള്ള അവസരം നഷ്ടപ്പെട്ടത്. ചെന്നൈ എയർപോർട്ടിൽ നിന്ന് രാവിലെ 6.30യ്ക്ക് ദില്ലിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിൽ യാത്ര ചെയ്യേണ്ടതായിരുന്നു. സാധുവായ ടിക്കറ്റ് ഉണ്ടായിട്ടും വിമാനത്തിൽ പരമാവധി യാത്രക്കാരായെന്ന് പറഞ്ഞ് ഇന്‍ഡിഗോയുടെ ജീവനക്കാർ കെവിനെ മടക്കി.

2019 ലെ കർണാടകയിലെ ജോയിന്റ് എൻട്രൻസ് എക്സാമിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു കെവിൻ. ദേശീയ തലത്തിൽ രണ്ടാമനായിരുന്നു ഈ മിടുക്കൻ. ഐഐടി ഗുവാഹത്തിയിൽ നടന്ന ടെക്നോത്തലോൺ മത്സരത്തിൽ വിജയിച്ചതിന് പിന്നാലെയാണ് കെവിനെ തേടി നാസ സന്ദർശനമെന്ന അപൂർവ അവസരം എത്തിയത്. ചെന്നൈയിൽ നിന്ന് ദില്ലിയിലേക്കും അവിടെ നിന്ന് വിർജിൻ അറ്റ്ലാന്റിക് വിമാനത്തിൽ അമേരിക്കയിലെ ബാൾട്ടിമോറിലേക്കുമാണ് യാത്ര ചെയ്യേണ്ടിയിരുന്നത്.

നാസയിലേക്കുള്ള ക്ഷണപത്രം അടക്കം കാണിച്ചിട്ടും വിമാനക്കമ്പനി കനിഞ്ഞില്ല. ഇന്‍ഡിഗോ വിമാനത്തിൽ ദില്ലിയിൽ എത്താനായില്ലെങ്കിൽ തനിക്ക് ബാൾട്ടിമോറിലേക്ക് പോകാനാവില്ലെന്ന് കെവിൻ കെഞ്ചിപ്പറഞ്ഞിട്ടും വിമാനക്കമ്പനി ജീവനക്കാർ കൈമടക്കി. പകരം മറ്റൊരു വിമാനത്തിൽ യാത്ര ചെയ്യാൻ അവസരം ഒരുക്കിയെങ്കിലും അമേരിക്കയിലേക്കുള്ള വിമാനത്തിൽ കയറാൻ കെവിന് സാധിക്കില്ലായിരുന്നു.

ബെംഗളൂരുവിൽ തിരിച്ചെത്തിയ കെവിൻ വിമാനക്കമ്പനിക്കെതിരെ പരാതിപ്പെട്ടു. ഇതിന് തൃപ്തികരമായ മറുപടി നൽകാൻ ഇന്‍ഡിഗോയ്ക്ക് സാധിച്ചില്ല. ബെംഗളൂരു ഒന്നാം ക്ലാസ് അഡീഷണൽ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലാണ് പരാതിയിൽ വാദം കേട്ടത്. 2019 ഡിസംബർ 17നായിരുന്നു ഇത്. കേസ് ഈ കോടതിക്ക് പരിഗണിക്കാനാവില്ലെന്ന നിലപാടായിരുന്നു വിമാനക്കമ്പനിയുടേത്. എന്നാൽ കെവിന്റെ പക്കൽ സാധുവായ ടിക്കറ്റ് ഉണ്ടായിരുന്നുവെന്നും എന്നാൽ വിമാനത്തിലെ യാത്രക്കാരാരും കെവിന് വേണ്ടി സീറ്റ് ഒഴിയാൻ തയ്യാറായില്ലെന്നും കമ്പനി അഭിഭാഷകൻ വാദിച്ചു. കെവിന് ബുക്ക് ചെയ്ത ടിക്കറ്റിന്റെ മുഴുവൻ തുകയും നഷ്ടപരിഹാരമായി 20000 രൂപയും നൽകിയെന്നും കൂടി കമ്പനി പറഞ്ഞു.

പിന്നീട് 16 മാസത്തോളം നീണ്ട നിയമനടപടികൾക്കൊടുവിൽ കമ്പനിക്കെതിരെ കോടതി വിധി പുറപ്പെടുവിച്ചു. ഇന്ത്യയിലെ ഏറ്റവും മികച്ച ഒരു വിദ്യാർത്ഥിയുടെ അവസരം മറ്റൊരു യാത്രക്കാരന്റെ സമ്മതം ഇല്ലാത്തത് കൊണ്ട് നിഷേധിച്ചുവെന്ന് പറയുന്നത് അങ്ങേയറ്റം നീതികേടാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 2021 ഏപ്രിൽ മൂന്നിനാണ് കോടതി വിധി പുറപ്പെടുവിച്ചത്. കെവിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരമായി നൽകേണ്ടത്. മാനസികമായി അനുഭവിച്ച കഷ്ടതകൾക്കുള്ള പരിഹാരമായി 50000 രൂപയും നൽകണം. കോടതി നടപടികളുടെ ചെലവായ പതിനായിരം രൂപയും കമ്പനി നൽകണം. ഇതിനെല്ലാം പുറമെ 8605 രൂപ പലിശയായും നൽകണമെന്ന് വിധിയിൽ പറയുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios