ദില്ലി: കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും നാല് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിലും ബിജെപി 1,264 കോടി രൂപ ചെലവഴിച്ചതായി റിപ്പോര്‍ട്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മാത്രം 714 കോടിയാണ് ബിജെപി ചെലവഴിച്ചത്. അതേസമയം കോണ്‍ഗ്രസിന്‌റെ ചെലവ് 820 കോടിയാണ്.

തെരഞ്ഞെടുപ്പ് കമ്മിഷന് സമര്‍പ്പിച്ച വരവ് ചെലവ് കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‌റെ വെബ്‌സൈറ്റില്‍ ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാനാര്‍ത്ഥികള്‍ക്കായി 186.5 കോടി ചെലവഴിച്ചു. പൊതുസമ്മേളനങ്ങള്‍, റാലികള്‍ എന്നിവയ്ക്കായി ആകെ 9.9 കോടി രൂപയാണ് ചെലവായത്. പ്രധാന നേതാക്കളുടെ പരിപാടികള്‍ക്ക് മാത്രം 175.6 കോടി രൂപയും മാധ്യമങ്ങളില്‍ നല്‍കിയ പരസ്യങ്ങള്‍ക്ക് 325 കോടി രൂപയും ചെലവായി.

കോണ്‍ഗ്രസ് ചെലവാക്കിയ 820 കോടിയില്‍ 196 കോടി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി ചെലവഴിച്ച തുകയാണ്. അതേസമയം പാര്‍ട്ടിയുടെ ജനറല്‍ അജണ്ടയ്ക്ക് വേണ്ടി മാത്രം 626.36 കോടി രൂപ ചെലവാക്കി.