ലഖ്നൗ: ഉത്തര്‍പ്രദേശിന്‍റെ തലസ്ഥാനമായ ലഖ്നൗവില്‍ നടക്കുന്ന കുറ്റകൃത്യങ്ങള്‍ക്ക് കാരണം പൊലീസിന്‍റെ മോശം സമീപനമാണെന്ന വിമര്‍ശനവുമായി ബിജെപി എംപി കൗശല്‍ കിഷോര്‍. പൊലീസിന്‍റെ മോശം സമീപനം കാരണം ലഖ്നൗവില്‍ നിയന്ത്രിക്കാനാകാത്ത കുറ്റകൃത്യങ്ങളുണ്ടാകുന്നു. കൊലപാതകവും കവര്‍ച്ചയും തുടര്‍ക്കഥയാകുന്നു-എംപി പറഞ്ഞു. പിടിച്ചുപറിയാണ് പൊലീസിന്‍റെ പണിയെങ്കില്‍ അവരോടുള്ള ഭയവും ബഹുമാനവും ഇല്ലാതാകും. ജനപ്രതിനിധികളെ അവര്‍ കേള്‍ക്കുന്നേയില്ല. സംസ്ഥാന സര്‍ക്കാറിന്‍റെ പ്രതിച്ഛായക്ക് കോട്ടം വരുത്തുന്ന രീതിയിലാണ് പൊലീസിന്‍റെ പ്രവര്‍ത്തനമെന്നും അദ്ദേഹം വിമര്‍ശിച്ചു. 

ഉത്തര്‍പ്രദേശ് പൊലീസിനെതിരെ നേരത്തെയും കൗശല്‍ കിഷോര്‍ വിമര്‍ശനമുന്നയിച്ചിരുന്നു. സീതാപുര്‍ ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥര്‍ തോന്നിയപോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരന് ഉപദ്രവമാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും ഉത്തര്‍പ്രദേശ് പൊലീസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ക്ക് ഇറങ്ങി നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും പ്രിയങ്ക വിമര്‍ശിച്ചിരുന്നു.