ദില്ലി: പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നൊന്നായി വിൽക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തിനെതിരെ ആർഎസ്എസിന്റെ ട്രേഡ് യൂണിയൻ സംഘടനയായ ബിഎംഎസ്. ജൂൺ പത്തിന് ദേശവ്യാപക സമരം നടത്തും. പൊതുമേഖലയെ രക്ഷിക്കൂ, ഇന്ത്യയെ രക്ഷിക്കൂ എന്നതാണ് മുദ്രാവാക്യം.

രാജ്യത്തെ മുൻ കേന്ദ്ര സർക്കാരുകൾ സ്ഥാപിച്ച പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാൻ ഇപ്പോഴത്തെ കേന്ദ്രസർക്കാരിന് യാതൊരു അവകാശവുമില്ലെന്ന് ബിഎംഎസ് വ്യക്തമാക്കി.

കൽക്കരി, പ്രതിരോധം, റെയിൽവേ, പോസ്റ്റൽ വകുപ്പ്, ബാങ്കിങ്, ഇൻഷുറൻസ്, സ്റ്റീൽ, ടെലികോം, ഊർജ്ജ മേഖലകളിൽ നിന്നും എഫ്‌സിഐ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുമുള്ള ബിഎംഎസ് പ്രവർത്തകരുടെ ചൊവ്വാഴ്ച നടന്ന യോഗത്തിലാണ് സമരത്തിന് തീരുമാനമായത്.

കേന്ദ്രസർക്കാർ തങ്ങളുടെ നീതിരഹിതമായ തീരുമാനങ്ങൾ രാജ്യത്തെ തൊഴിലാളി വർഗത്തിന് മേൽ അടിച്ചേൽപ്പിക്കുകയാണെന്ന് യോഗം വിലയിരുത്തി. പൊതുമേഖലാ വിരുദ്ധവും തൊഴിലാളി വിരുദ്ധവുമായ കേന്ദ്രസർക്കാർ തീരുമാനങ്ങൾ പിൻവലിക്കുന്നത് വരെ ബിഎംഎസ് സമരവുമായി മുന്നോട്ട് പോകുമെന്ന് ദേശീയ ജനറൽ സെക്രട്ടറി വിർജേഷ് ഉപാധ്യായ പറഞ്ഞു.