വധുവിന്‍റെ കുടുംബം വരന്‍റെ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ചു, വിവാഹം മുടങ്ങി
വരന്‍റെ സാമ്പത്തികനില അറിയുന്നതിന് ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ച് വിവാഹം തന്നെ വേണ്ടെന്നുവെച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വാര്‍ത്ത

വിവാഹത്തോളം എത്തിയ പല ബന്ധങ്ങളും പല കാരണങ്ങള്‍ തകര്‍ന്നുപോകുന്ന വാര്‍ത്തകള്‍ പലപ്പോഴും നാം കേള്‍ക്കാറുണ്ട്. വ്യക്തിപരമായ പല വിഷയങ്ങളും ആയിരിക്കും ഇതിനെല്ലാം കാരണം. വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിന് മുന്‍പ് പലപ്പോഴും വരന്‍റെ സാമ്പത്തിക ഭദ്രത കൂടി വധുവിന്‍റെ കുടുംബം പരിശോധിക്കറുണ്ട്. കുടുംബം പോറ്റാനുള്ള സാമ്പത്തികമായ കഴിവ് വരനുണ്ടോ എന്നുള്ളതാണ് പലപ്പോഴും വധുവിന്‍റെ കുടുംബം അന്വേഷിക്കുക. എന്നാല്‍ വരന്‍റെ സാമ്പത്തികനില അറിയുന്നതിന് ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ച് വിവാഹം തന്നെ വേണ്ടെന്നുവെച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന്‍റെ വാര്‍ത്തയാണ് മഹാരാഷ്ട്രയില്‍ നിന്നും വരുന്നത്.
മഹാരാഷ്ട്രയിലെ വിദര്‍ഭയില്‍ ആണ് സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹം അടുക്കാറായപ്പോഴാണ് പെണ്‍കുട്ടിയുടെ കുടുംബം വരന്‍റെ ക്രെഡിറ്റ് സ്കോര്‍ പരിശോധിച്ചത്. വളരെ മോശം സ്കോറാണ് വരന്‍റേത് എന്ന് മനസ്സിലാക്കിയതോടെ പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറി. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ യുവാവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ആണെന്നും വധുവിന്‍റെ കുടുംബത്തിന് മനസ്സിലായി. വധുവിന്‍റെ അമ്മാവനാണ് വരന്‍റെ ക്രെഡിറ്റ് സ്കോര്‍ പരിശോധിക്കണമെന്ന് നിര്‍ദ്ദേശിച്ചത്. വരന് ഒന്നില്‍ കൂടുതല്‍ വായ്പകള്‍ ഉണ്ടെന്നും കടുത്ത കടബാധ്യതകള്‍ ഉണ്ടെന്നും ഇതോടെ വധുവിന്‍റെ കുടുംബത്തിന് മനസ്സിലായി. നേരത്തെയുള്ള വായ്പകള്‍ അടച്ചു തീര്‍ക്കാത്തതാണ് ക്രെഡിറ്റ് സ്കോര്‍ കുറയാന്‍ കാരണമായിരുന്നത്.
എന്താണ് ക്രെഡിറ്റ് സ്കോര്‍
ക്രെഡിറ്റ് സ്കോര്‍ എന്നത് ഒരു വ്യക്തിക്ക് വായ്പ ലഭിക്കുന്നതിനുള്ള യോഗ്യതയുടെ സൂചകമാണ്, അല്ലെങ്കില്‍ കടം തിരിച്ചടക്കാനുള്ള അവരുടെ കഴിവിനെ അത് പ്രതിഫലിപ്പിക്കുന്നു. ഇന്ത്യയില്‍, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ലൈസന്‍സുള്ള നാല് ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ കമ്പനികളുണ്ട്. ക്രെഡിറ്റ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ (ഇന്ത്യ) ലിമിറ്റഡ് (സിബില്‍), എക്സ്പീരിയന്‍, ഇക്വിഫാക്സ്, ഹൈമാര്‍ക്ക് എന്നിവയാണവ. ഇന്ത്യയില്‍ ഏറ്റവും പ്രചാരമുള്ള ക്രെഡിറ്റ് സ്കോര്‍ സിബില്‍ റേറ്റിംഗ് ആണ്. സിബില്‍ ക്രെഡിറ്റ് സ്കോര്‍ മൂന്നക്ക സംഖ്യയാണ്, അത് 300 മുതല്‍ 900 വരെയാണ്, 900 ആണ് മികച്ച സ്കോര്‍. നിങ്ങള്‍ വായ്പക്ക് യോഗ്യനാണോ എന്ന് വിലയിരുത്താന്‍ ബാങ്കുകളും വായ്പ നല്‍കുന്ന സ്ഥാപനങ്ങളും ക്രെഡിറ്റ് സ്കോറുകള്‍ ഉപയോഗിക്കുന്നു. ക്രെഡിറ്റ് സ്കോര്‍ എത്രത്തോളം മെച്ചപ്പെടുന്നുവോ അത്രത്തോളം ലോണ്‍ അംഗീകരിക്കപ്പെടാനുള്ള സാധ്യതയും കൂടുതലാണ്. കുറഞ്ഞ പലിശ നിരക്കുകള്‍, ലളിതമായ തിരിച്ചടവ് നിബന്ധനകള്‍, വേഗത്തിലുള്ള ലോണ്‍ അപ്രൂവല്‍ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങളും ലഭിക്കാന്‍ സാധ്യതയുണ്ട്.
