പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ദില്ലി: ജനപ്രിയ പദ്ധതി പ്രഖ്യാപനങ്ങളില്ലാതെ രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ്. ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കപ്പെട്ട ആദായ നികുതി പരിധിയില്‍ ഒരു മാറ്റവും നിർദ്ദേശിച്ചിക്കാതെയാണ് നിർമ്മല സീതാരാമൻ ബജറ്റ് അവതരിപ്പിച്ചത്. പ്രത്യക്ഷ പരോക്ഷ നികുതി നിരക്കുകളിൽ മാറ്റമില്ല. ടാക്സ് സ്ലാബുകളിൽ മാറ്റമില്ലെന്നും നിർമ്മല സീതാരാമൻ അറിയിച്ചു. ആദായ നികുതി റീ ഫണ്ട് ഇപ്പോള്‍ പത്ത് ദിവസത്തിനുള്ളില്‍ നല്‍കാനാവുന്നുവെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു. നേട്ടങ്ങള്‍ എണ്ണമിട്ട ധനമന്ത്രി സര്‍ക്കാര്‍ തുടരുമെന്ന പ്രതീക്ഷ മുന്‍പോട്ട് വച്ചാണ് ബജറ്റവതരണം പൂര്‍ത്തിയാക്കിയത്.

58 മിനിട്ടുകൊണ്ട് അവസാനിപ്പിച്ച ബജറ്റില്‍ പറഞ്ഞതിലേറെയും കഴിഞ്ഞ പത്ത് വര്‍ഷത്തെ നേട്ടങ്ങളാണ്. 2047 ഓടെ വികസിത ഭാരതം ലക്ഷ്യമിടുന്നു. തെരഞ്ഞെടുപ്പ് മുന്‍പിലുണ്ടെങ്കിലും ആദായ നികുതിയില്‍ മാറ്റം വരുത്താന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. നിലവിലെ നിരക്കുകള്‍ തുടരും. കോര്‍പ്പറേറ്റ് നികുതിയിലും മാറ്റം വരുത്തില്ല. ധനക്കമ്മി കൂടുന്നുവെന്ന ആശങ്കകള്‍ക്കിടെ ഈ വര്‍ഷം 5.8 ശതമാനാണ് ധനക്കമ്മിയെന്ന് ധനമന്ത്രി പറഞ്ഞു. അടുത്ത സാമ്പത്തിക 5.1 ആയി കുറക്കാനാകുമെന്നും ധനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കാര്‍ഷിക മേഖലകളിലും വലിയ പ്രഖ്യാപനങ്ങളില്ല. കര്‍ഷകര്‍ക്കുള്ള വാര്‍ഷിക സാമ്പത്തിക സഹായം കൂട്ടുമെന്ന അഭ്യൂഹം ശക്തമായിരുന്നെങ്കിലും പ്രഖ്യാപനങ്ങളിലുണ്ടായില്ല. കൂടുതല്‍ മെഡിക്കല്‍ കോളേജുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന ഒഴുക്കന്‍ പ്രഖ്യാപനം ആരോഗ്യമേഖലയില്‍ നടത്തിയത്. സംസ്ഥാനങ്ങള്‍ക്ക് പ്രത്യേകമായി പ്രഖ്യാപനങ്ങളുമില്ല. 

മറ്റ് പ്രഖ്യാപനങ്ങൾ

  • ക്ഷീര കർഷകരുടെ ക്ഷേമത്തിന് കൂടുതൽ പദ്ധതികൾ യാഥാർത്ഥ്യമാക്കും
  • സമുദ്ര ഉൽപന്നങ്ങളുടെ കയറ്റുമതി കൂട്ടും
  • മത്സ്യസമ്പദ് പദ്ധതി വിപുലമാക്കും
  • കൂടുതൽ മെഡിക്കൽ കോളേജുകൾ യാഥാർത്ഥ്യമാക്കും
  • ഒരു കോടി വീടുകളിൽ കൂടി സോളാർ പദ്ധതി
  • കിഴക്കൻ മേഖലയെ കൂടുതൽ ശാക്തീകരിക്കും
  • 5 ഇൻ്റഗ്രേറ്റഡ് മത്സ്യ പാർക്കുകൾ യാഥാർത്ഥ്യമാക്കും
  • രാഷ്ടീയ ഗോകുൽ മിഷൻ വഴി പാലുൽപാദനം കൂട്ടും
  • പുതിയ റെയിൽവേ ഇടനാഴി
  • സുരക്ഷിത യാത്രക്കായി നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും
  • മൂന്ന് റെയില്‍വെ ഇടനാഴിക്ക് രൂപം നല്‍കും
  • വിമാനത്താവള വികസനം തുടരും
  • വൻ നഗരങ്ങളിലെ മെട്രോ വികസനം തുടരും
  • വ്യോമഗതാഗത മേഖലയും വിപുലീകരിക്കും
  • കൂടുതൽ വിമാനത്താവളങ്ങൾ യഥാർത്ഥ്യമാക്കും
  • ഇ -വാഹനരംഗ മേഖല വിപുലമാക്കും
  • കൂടുതൽ എയർപോർട്ടുകൾ നവീകരിക്കും
  • വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപം
  • സ്വകാര്യ മേഖലയെ പ്രോത്സാഹിപ്പിക്കും
  • 50 വർഷത്തിൻ്റെ പരിധി സംസ്ഥാനങ്ങൾക്ക് വായ്പ
  • പലിശരഹിത വായ്പ 
  • ജനസംഖ്യ വർധന പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കും