ശുദ്ധോര്‍ജ്ജം പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്.

തീരത്ത് നിന്നും അകലെയായി കടലില്‍ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിച്ച് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നതിനുള്ള പദ്ധതിക്ക് കേന്ദ്ര ബജറ്റില്‍ വയബിലിറ്റി ഗ്യാപ് ഫണ്ടിംഗ് അനുവദിച്ചേക്കുമെന്ന് സൂചന. ശുദ്ധോര്‍ജ്ജം പ്രോല്‍സാഹിപ്പിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനുമുള്ള കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായാണിത്. ഏതാണ്ട് 6000 കോടി രൂപ ഇതിനായി നീക്കി വച്ചേക്കും. ലാഭക്ഷമതയിൽ കുറവുള്ള അടിസ്ഥാന സൗകര്യ പദ്ധതികളെ പിന്തുണയ്ക്കുന്നതിനായി നൽകുന്ന ഒറ്റത്തവണ ഗ്രാന്റ് ആണ് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് (VGF). കടലിലെ കാറ്റിന്റെ ശക്തി ഉപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പുനരുപയോഗ ഊർജ ഉല്‍പാദനമാണ് ലക്ഷ്യമിടുന്നത്. കടലിനടിയിലെ കേബിളുകൾ വഴി വൈദ്യുതി ഗ്രിഡിലേക്കോ കടൽത്തീരത്തെ ശൃംഖലയിലേക്കോ വൈദ്യുതി കൈമാറ്റം ചെയ്യും.

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും ആഗോളതാപനം കുറയ്ക്കുന്നതിനുമുള്ള ഇന്ത്യയുടെ നീക്കത്തിന്റെ ഭാഗമായാണ് പദ്ധതി ആവിഷ്ക്കരിക്കുന്നത്. 2030 ഓടെ 500 GW പുനരുപയോഗ ഊർജ്ജം ഉൽപാദിപ്പിക്കുന്നതിനാണ് രാജ്യം ലക്ഷ്യമിടുന്നത്. ഇതിൽ ഏകദേശം 140 GW കാറ്റിൽ നിന്നുള്ള വൈദ്യുതിയായിരിക്കും. 7,600 കി.മീ കടൽത്തീരവും കാറ്റിൽ നിന്നുള്ള ഊർജ്ജം ഉൽപാദിപ്പിക്കുന്നതിനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും, ഇത്തരം പദ്ധതികൾ വികസിപ്പിക്കുന്നതിൽ ഇന്ത്യ പിന്നിലാണ്. നിലവിൽ, രാജ്യത്ത് പ്രവർത്തനക്ഷമമായ കടലിലെ കാറ്റാടി യന്ത്രങ്ങള്‍ വഴി വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന പദ്ധതികളൊന്നുമില്ല.

ആദ്യ ഘട്ടത്തിൽ കടൽത്തീരത്തെ കാറ്റിൽ നിന്നുള്ള ഊർജത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ ഭൂമി ലഭ്യതയുമായി ബന്ധപ്പെട്ട വെല്ലുവിളികളും നിയന്ത്രണങ്ങളും കാരണം ആണ് കടലിൽ കാറ്റാടി യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിനുള്ള ശ്രമം തുടങ്ങിയത്. തമിഴ്‌നാട്, ഗുജറാത്ത് തീരങ്ങളിൽ 70 ജിഗാവാട്ട് പദ്ധതി ആരംഭിക്കുന്നതിനുള്ള നീക്കം പുരോഗമിക്കുകയാണ്.