Asianet News MalayalamAsianet News Malayalam

സ്വകാര്യവത്കരണത്തിന് വേഗം നൽകി ബജറ്റ്, സർക്കാരിന് കടമെടുക്കാതെ മുന്നോട്ട് പോകാനാവാത്ത അവസ്ഥ

ആകെ ചിലവ് നടപ്പ് വര്‍ഷം പ്രതീക്ഷിച്ച 30.42 ലക്ഷം കോടിയിൽ നിന്ന് 34.50 ലക്ഷം കോടിയായി ഉയര്‍ന്നു. ധനകമ്മി നടപ്പുവര്‍ഷം ഒമ്പതര ശതമാനമാണ്. അടുത്ത വര്‍ഷം 6.8 ശതമാനമായി ഇത് കുറക്കാനാണ് ശ്രമം. 

Budget given importance for privatization of psu
Author
Delhi, First Published Feb 1, 2021, 4:28 PM IST

ദില്ലി: സ്വകാര്യ വത്കരണത്തിന് വൻ ഊന്നൽ നൽകുന്നതാണ് ധനമന്ത്രിയുടെ ബജറ്റ്. ഇൻഷുറൻസ് രംഗത്തെ വിദേശ നിക്ഷേപം 74 ശതമാനമായി ഉയര്‍ത്തിയതും ബിപിസിഎൽ ഉൾപ്പടെയുള്ള സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടരുമെന്ന പ്രഖ്യാപനവും ഇതിന് ഉദാഹരമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തെ ധനകമ്മി ഒമ്പതര ശതമാനമായി ഉയര്‍ന്നുവെന്ന് വ്യക്തമാക്കിയ ബജറ്റിൽ അടുത്ത സാമ്പത്തിക വര്‍ഷം വിപണിയിൽ നിന്ന് 12 ലക്ഷം കോടി രൂപ കടമെടുക്കാനുള്ള തീരുമാനവും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇൻഷുറൻസ് മേഖലയിൽ വൻ നിക്ഷേപം ലക്ഷ്യമാക്കിയുള്ള പ്രഖ്യാപനങ്ങളാണ് ധനമന്ത്രി ബജറ്റിൽ നടത്തിയത്. ഇതിനായി നിയമ ഭേദഗതി പാര്‍ലമെന്‍റിൽ അവതരിപ്പിക്കുമെന്നും ബജറ്റിൽ പറയുന്നു. ഇൻഷുറൻസ് കമ്പനികളുടെ നേതൃത്വം രാജ്യത്തെ സ്ഥിരതാമസക്കാരായ പൗരന്മാര്‍ക്കാകണം എന്ന നിര്‍ദ്ദേശം പുതിയ ബില്ലിൽ മുന്നോട്ടു വയ്ക്കും. എൽഐസിയുടെ ഓഹരി വിൽക്കാനുള്ള നീക്കം തുടരും. 

രണ്ട് പൊതുമേഖല ബാങ്കുകളുടെയും ഒരു ജനറൽ ഇൻഷ്വറൻസ് കമ്പനിയുടെയും ഓഹരി വിൽക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. ബിപിസിഎൽ ഏയര്‍ ഇന്ത്യ ഐ.ഡി.ബി.ഐ തുടങ്ങി നേരത്തെ പ്രഖ്യാപിച്ച സ്വകാര്യവത്കരണ നടപടികൾ തുടരും. നിക്ഷേപത്തിലൂടെയും സ്വകാര്യവത്കരണത്തിലൂടെയും മാത്രം വൻ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനാകില്ലെന്ന് ബജറ്റ് സൂചിപ്പിക്കുന്നു. 

ആകെ ചിലവ് നടപ്പ് വര്‍ഷം പ്രതീക്ഷിച്ച 30.42 ലക്ഷം കോടിയിൽ നിന്ന് 34.50 ലക്ഷം കോടിയായി ഉയര്‍ന്നു. ധനകമ്മി നടപ്പുവര്‍ഷം ഒമ്പതര ശതമാനമാണ്. അടുത്ത വര്‍ഷം 6.8 ശതമാനമായി ഇത് കുറക്കാനാണ് ശ്രമം. സംസ്ഥാനങ്ങൾക്ക് കടമെടുക്കാനുള്ള പരിധി നാല് ശതമാനമായിരിക്കും. പതിനഞ്ചാം ധനകാര്യ കമ്മീഷൻ റിപ്പോര്‍ട്ട് അംഗീകരിച്ച സര്‍ക്കാര്‍ സംസ്ഥാനങ്ങൾക്ക് നൽകുന്ന വിഹിതം 42 ശതമാനത്തിൽ നിന്ന് 41 ശതമാനമായികുറച്ചു. 

ഒരു ശതമാനം ജമ്മുകശ്മീരിനും ലഡാക്കിനും നൽകണമെന്ന നിര്‍ദ്ദേശം അംഗീകരിച്ചാണ് ഇത്. കടമെടുക്കാതെ മുന്നോട്ടുപോകാനാകില്ല എന്ന വ്യക്തമായ സൂചനയാണ് ധനമന്ത്രി ഇന്ന് നൽകിയത്. അടുത്ത സാമ്പത്തിക വര്‍ഷം 12 ലക്ഷം കോടി രൂപ കടമെടുത്താവും ആരോഗ്യ-അടിസ്ഥാന സൗകര്യ വികസന മേഖലകളിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കുക.

Follow Us:
Download App:
  • android
  • ios