Asianet News MalayalamAsianet News Malayalam

കൊവിഡ് വില്ലനായി; ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുമെന്ന് റെയിൽവെ ബോർഡ്

 2023 ഡിസംബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 2028 ഒക്ടോബർ വരെ പദ്ധതി നീണ്ടേക്കുമെന്നാണ് റെയിൽവെ ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.

Bullet train project risks delay due to land acquisition, Covid says Railways
Author
Delhi, First Published Sep 6, 2020, 4:25 PM IST

മുംബൈ: രാജ്യത്തെ ആദ്യ ബുള്ളറ്റ് ട്രെയിൻ പദ്ധതി വൈകുമെന്ന് റെയിൽവെ ബോർഡ് ചെയർമാന്‍. കൊവിഡ് വ്യാപനം മൂലം ഭൂമി ഏറ്റെടുക്കൽ നടപടികൾ വൈകിയതാണ് കാരണം. 2023 ഡിസംബറിൽ പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും 2028 ഒക്ടോബർ വരെ പദ്ധതി നീണ്ടേക്കുമെന്നാണ് റെയിൽവെ ബോർഡ് വ്യക്തമാക്കിയിരിക്കുന്നത്.

90 ശതമാനം ഭൂമി ഏറ്റെടുത്താലേ ടെണ്ടർ  ക്ഷണിക്കാനാവൂ.  എന്നാൽ എല്ലാ നടപടികളും കൊവിഡ് വ്യാപനം മൂലം വൈകി. ആറ് മാസത്തിനുള്ളിൽ ഭൂമി ഏറ്റെടുക്കൽ നടപടികളിൽ വ്യക്തത വരുത്താനാവും. ഇതിന് ശേഷമേ പദ്ധതി പൂർത്തീകരണത്തിന് കൃത്യമായ സമയം പറയാനാവൂ എന്ന് ബോർഡ് ചെയർമാനും സിഇഒയുമായ വിനോദ് കുമാർ യാദവ് പറഞ്ഞു.

പദ്ധതിക്ക് 1396 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. 885 ഹെക്ടർ ഏറ്റെടുത്തു. ഗുജറാത്തിൽ 82 ശതമാനം ഭൂമി ഏറ്റെടുക്കൽ പൂർത്തിയായി. മഹാരാഷ്ട്രയിൽ 23 ശതമാനം ഭൂമിയേ ഏറ്റെടുക്കാനായുള്ളൂ. ദാദ്ര നഗർ ഹവേലിയിൽ ഏറ്റെടുക്കേണ്ട ഒൻപത് ഹെക്ടറിൽ ഏഴ് ഹെക്ടറും ഏറ്റെടുത്തു. 

അടുത്ത മൂന്ന് മാസത്തിനുള്ളിൽ ഗുജറാത്തിൽ 95 ശതമാനം മുതൽ 100 ശതമാനം വരെ ഭൂമി ഏറ്റെടുക്കാനാവും. എന്നാൽ കൊവിഡ് മൂലം മഹാരാഷ്ട്രയിൽ പദ്ധതി നടത്തിപ്പ് താളം തെറ്റിയ നിലയിലാണ്. 

പദ്ധതിയുടെ ഭാഗമായ 21 കിലോമീറ്റർ ഭൂഗർഭ പാതയ്ക്ക് വേണ്ടി ടെണ്ടർ ക്ഷണിച്ചിരുന്നു. ഇതിൽ ഏഴ് കിലോമീറ്റർ കടലിനടിയിൽ കൂടിയുള്ള പാതയാണ്. എന്നാൽ ജപ്പാനിൽ  നിന്നുള്ള നിർമ്മാണ കമ്പനികൾ മുന്നോട്ട് വന്നില്ല. ഇത്തരം പദ്ധതികൾക്ക് ഒട്ടനേകം സർവേ നടത്തണം. കൊവിഡ് കാലത്ത് അന്താരാഷ്ട്ര യാത്ര തടസപ്പെട്ട സാഹചര്യത്തിലാണ് മേഖലയിൽ പ്രാവീണ്യമുള്ള ജപ്പാൻ കമ്പനികൾ പങ്കെടുക്കാതിരുന്നതെന്നും വിനോദ് കുമാർ യാദവ് പറഞ്ഞു.
 

Follow Us:
Download App:
  • android
  • ios