Asianet News MalayalamAsianet News Malayalam

Fuel Price Hike| ബസ് ചാർജിനൊപ്പം ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന് ആവശ്യം, പോക്കറ്റ് കീറും!

ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപയാക്കിയാണ് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും പൊള്ളുന്ന നിരക്കിൽ വില കൂടി.

Bus Auto Taxi Rates Should Be Hiked As Petrol Diesel Prices Surges High Demands Associations
Author
Thiruvananthapuram, First Published Nov 20, 2021, 10:46 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് ചാർജ് നിരക്ക് കൂട്ടുന്ന കാര്യത്തിൽ ഗതാഗതമന്ത്രി ആന്‍റണി രാജു സ്വകാര്യ ബസ്സുടമകളുമായി ഇന്ന് ചർച്ച നടത്താനിരിക്കെ, ഓട്ടോ, ടാക്സി നിരക്കും കൂട്ടണമെന്ന ആവശ്യവുമായി ഓട്ടോ- ടാക്സി അസോസിയേഷൻ രംഗത്ത്. ഓട്ടോ മിനിമം ചാർജ് നിലവിലുള്ളതിനേക്കാൾ 5 രൂപയെങ്കിലും കൂട്ടി 30 രൂപയാക്കണമെന്നാണാവശ്യം. നിലവിൽത്തന്നെ ടൂറിസ്റ്റ് വാഹനങ്ങൾ നിരക്ക് കൂട്ടി ഓടിത്തുടങ്ങിയെന്ന് ഞങ്ങളുടെ വിവിധ ബ്യൂറോകൾ റിപ്പോർട്ട് ചെയ്യുന്നു. 

നിലവിൽ ഓട്ടോ മിനിമം നിരക്ക് 25 രൂപയാണ്. കിലോമീറ്ററിന് പിന്നീടുള്ള നിരക്ക് 12 രൂപയും. ഇപ്പോഴത്തെ ടാക്സി മിനിമം നിരക്ക് 175 രൂപയാണ്. പിന്നീടുള്ള ദൂരത്തിന് കിലോമീറ്ററിന് 15 രൂപയാണ് നിരക്ക്. നാല് ചക്രഓട്ടോറിക്ഷയ്ക്ക് മിനിമം നിരക്ക് 30 രൂപയാണ്. 

ഇതിന് മുമ്പ് ഓട്ടോ, ടാക്സി നിരക്ക് സംസ്ഥാനത്ത് ഏറ്റവുമൊടുവിൽ കൂട്ടിയത് 2018 ഡിസംബറിലാണ്. മിനിമം നിരക്ക് ഓട്ടോയ്ക്ക് 25 രൂപയാക്കിയാണ് കൂട്ടിയത്. അതിന് ശേഷം പല തവണ പെട്രോളിനും ഡീസലിനും പൊള്ളുന്ന നിരക്കിൽ വില കൂടി. 2018 ഡിസംബറിൽ ഡീസൽ വില 72 രൂപയാണ്. പെട്രോൾ വില 76 രൂപയും. ഇന്നത് പെട്രോളിന് നൂറ് കടന്ന് ഇന്നത്തെ വില 105 രൂപയോളമായി, ഡീസലിന് 92 രൂപയോളവും. രണ്ടിനും വില നൂറ് കടന്നതും, ദീപാവലിക്ക് മുമ്പായി ടാക്സ് കുത്തനെ കുറച്ചതുകൊണ്ട് വില കുറഞ്ഞതും നമ്മൾ കണ്ടു. കഴിഞ്ഞ വർഷം ജൂലൈയിലാണ് ഇതിന് മുമ്പ് ബസ് ചാർജ് കൂട്ടിയത്. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിലനിര്‍ത്തി ഒരു കിലോമീറ്ററിന് 70 പൈസയില്‍ നിന്ന് 90 ആക്കുകയാണ് അന്ന് ചെയ്തത്. എട്ട് രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം 5 കിലോമീറ്ററില്‍ നിന്നും രണ്ടരയും ആക്കിയിരുന്നു. 

പച്ചക്കറിക്കും പലചരക്കുകൾക്കും സംസ്ഥാനത്ത് വില കുതിച്ചുയരുന്നതിനിടെ, ബസ് ചാർജും കൂടാൻ പോവുകയാണെന്ന് വ്യക്തമാണ്. ബസ്സുടമകളുമായുള്ള ഇന്നത്തെ ചർച്ചയിൽ മിനിമം ചാർജ് പത്ത് രൂപയാക്കാനാണ് സാധ്യത. 

രൂക്ഷമായ വിലക്കയറ്റത്തിൽ നട്ടം തിരിയുകയാണ് ജനം. ഇന്ധന വിലക്കയറ്റം ഉണ്ടാക്കുന്ന ബാധ്യതയ്ക്ക് പുറമെ, വെള്ളം - വൈദ്യുതി നിരക്കുകളും ഉയരാൻ പോകുകയാണെന്ന പ്രഖ്യാപനങ്ങൾ നേരത്തേ തന്നെ വന്നിരുന്നു. അതിനിടെയാണ് ബസ് ചാർജ് വർദ്ധന. ഇന്ന് വൈകീട്ടാണ് ബസ്സുടമകളുമായി ഗതാഗതന്ത്രി ആന്‍റണി രാജുവിന്‍റെ ചർച്ച. മിനിമം നിരക്ക് 10 രൂപയാക്കാമെന്ന ഉറപ്പ് നേരത്തെ നൽകിയതാണ്. വിദ്യാർത്ഥികളുടെ നിരക്ക് വർധന എങ്ങനെ വേണമെന്നതിലാണ് ഇപ്പോഴും തർക്കം നിലനിൽക്കുന്നത്.

ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷന്‍റെ ശുപാര്‍ശ അനുസരിച്ചാണ് ബസ് നിരക്ക് വർദ്ധിപ്പിക്കുന്നത്. രണ്ടര കിലോമീറ്ററിന് മിനിമം നിരക്ക് എട്ടില്‍ നിന്ന് പത്താക്കണമെന്ന ശുപാർശയാണ് കമ്മീഷൻ മുന്നോട്ട് വെച്ചത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കമ്മീഷൻ റിപ്പോര്‍ട്ട്  നല്‍കിയത്. കൊവിഡ് പ്രതിസന്ധി കാരണം ഇത് നടപ്പാക്കാൻ വൈകിയെന്ന് മാത്രം. സ്വകാര്യ ബസ് ഉടമകള്‍ സമരത്തില്‍ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിലപാട് മാറ്റുന്നത്. 

വിദ്യാര്‍ത്ഥികള്‍ക്ക് മിനിമം അഞ്ച് രൂപയോ അല്ലെങ്കില്‍ ടിക്കറ്റിന്‍റെ അൻപത് ശതമാനമോ കൂട്ടാം എന്നും ശുപാര്‍ശയുണ്ട്. വൻ പ്രതിഷധം ഉണ്ടാകാൻ സാധ്യതയുള്ളതിനാല്‍ പക്ഷേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ ആലോചിച്ചേ തീരുമാനമെടുക്കൂ. കണ്‍സഷൻ നിരക്കും നേരിയ തോതില്‍ വർദ്ധിക്കുമെന്നുറപ്പാണ്. മിനിമം ചാര്‍ജ് 12 രൂപയായി ഉയര്‍ത്തുക, വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ മിനിമം ആറ് രൂപയാക്കുക തുടങ്ങിയവയായിരുന്നു ബസ് ഉടമകള്‍ മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങള്‍.

Follow Us:
Download App:
  • android
  • ios