ആദ്യമായി റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

പൊതുവേ വിജയപ്രദമായും വളരെ സുരക്ഷിതമായും ഇന്ത്യയില്‍ വിലയിരുത്തപ്പെടുന്ന നിക്ഷേപ മാര്‍ഗമാണ് റിയല്‍ എസ്റ്റേറ്റ്. ബഹുഭൂരിപക്ഷം തൊഴിലാളി/ ജീവനക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തില്‍ ഒരിക്കല്‍ മാത്രം സംഭവ്യമാകാവുന്ന നിക്ഷേപം കൂടിയാണിത്. നിരവധി ഘടകങ്ങള്‍ നിര്‍ണായകമായിട്ടുണ്ടെങ്കിലും കൃത്യമായ ആസൂത്രണവും ശ്രദ്ധയും തുടക്കത്തിലെ വിനിയോഗിച്ചാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയിലെ നിക്ഷേപത്തിലൂടെ വമ്പന്‍ നേട്ടങ്ങളും സ്വന്തമാക്കാനാകും. ഈയൊരു പശ്ചാത്തലത്തില്‍ ആദ്യമായി റിയല്‍ എസ്റ്റേറ്റ് പദ്ധതികളില്‍ നിക്ഷേപത്തിന് തയ്യാറെടുക്കുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങളാണ് ചുവടെ വിശദീകരിക്കുന്നത്.

ലൊക്കേഷന്‍

സ്ഥിരതാമസത്തിനും കൂടി ഉദ്ദേശിച്ചുള്ളതാണ് റിയല്‍ എസ്റ്റേറ്റ് നിക്ഷേപമെങ്കില്‍, അതിന്റെ ലൊക്കേഷനാണ് ഏറ്റവും നിര്‍ണായകമാകുന്നത്. പൊതു ഗതാഗത സൗകര്യം, സുരക്ഷിതത്തം, ഓഫീസ്/ സ്‌കൂള്‍ സാമീപ്യം, ആശുപത്രി, ഷോപ്പിങ്/ വിനോദ/ കായിക കേന്ദ്രങ്ങള്‍ എന്നിവ ചുറ്റുവട്ടത്തുള്ളതുമൊക്കെ നിക്ഷേപത്തിനായി പരഗണിക്കുന്ന ഘടകങ്ങളാകും. അതുപോലെ പുതിയ അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ ഉയര്‍ന്നു വരുന്ന നഗരങ്ങളുടെ സമീപ പ്രദേശങ്ങളും നിക്ഷേപകരുടെ താത്പര്യാര്‍ത്ഥം പരിഗണിക്കാവുന്നതാണ്. സ്വന്തം നിലയിലും പ്രദേശത്തിന്റെ അനുകൂലവും പ്രതികൂല ഘടകങ്ങളും ആഴത്തില്‍ വിലയിരുത്തുന്നതും ഗുണകരമാകും. ഫ്‌ലാറ്റുകളാണെങ്കില്‍ അവയുടെ ബ്ലൂപ്രിന്റില്‍ കാണിച്ചിരിക്കുന്നതും നിര്‍മിച്ചതിന്റേയും വലിപ്പവും താരതമ്യം ചെയ്തു നോക്കണം.

നിര്‍മാണ ഘട്ടത്തില്‍

കോവിഡ് മഹാമാരിയെ തുടര്‍ന്നാണ് സ്വന്തമായൊരു ഭവനം ഉണ്ടായിരിക്കേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യവും ഒരിക്കല്‍കൂടി വെളിപ്പെട്ടത്. ഇതിനോടൊപ്പം പുതിയതായി ഉരുത്തിരിയുന്ന 'വര്‍ക്ക് ഫ്രം ഹോം' തൊഴില്‍ രീതികളും നഗരത്തില്‍ നിന്നു വിദൂരത്തായാലും സ്വന്തമായൊരു വസതി കരസ്ഥമാക്കാന്‍ പ്രേരണയേകുന്നു. തന്മൂലം ഗ്രാമീണ മേഖലയിലെ പണി നടന്നുകൊണ്ടിരിക്കുന്ന ഭവന പദ്ധതികള്‍ക്കും ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്. ചെലവു ചുരുക്കാമെന്ന പ്രയോജനം, നിക്ഷേപത്തിന്മേലുള്ള ഉയര്‍ന്ന ആദായം, റെറ (RERA) നിയമം വന്നതിനെ തുടര്‍ന്ന് വ്യാപാര ഇടപാടുകള്‍ക്കുള്ള മികച്ച അന്തരീക്ഷവുമൊക്കെ നിര്‍മാണ ഘട്ടത്തിലുള്ള റിയല്‍ എസ്റ്റേറ്റ് പദ്ധതികളിലും മുതല്‍ മുടക്കാന്‍ നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നു. അതേസമയം പണി പൂര്‍ത്തിയാക്കിയ പദ്ധതികളാണെങ്കില്‍ ഉടനടി താമസം ആരംഭിക്കാമെന്ന സൗകര്യവും നികുതി നേട്ടങ്ങളും സമ്മാനിക്കും.

രേഖകള്‍ പരിശോധിക്കുക

വസ്തുവിന്മേലുള്ള ഉടമസ്ഥാവകാശം ഉറപ്പിക്കുന്നതിനും ഭാവി നിയമ നൂലാമാലകള്‍ ഒഴിവാക്കുന്നതിനും വിശദമായി രേഖകള്‍ പരിശോധിച്ച് ഉറപ്പുവരുത്തണം. ഇതിലൂടെ വ്യാപാര ഉടമ്പടി പൂര്‍ത്തിയാക്കുന്നതിനായി എത്രത്തോളം നിയമവശങ്ങള്‍ ആവശ്യമാകുമെന്നതു സംബന്ധിച്ച ധാരണയും ലഭിക്കും.

പുനര്‍ വില്‍പന മൂല്യം

ഏതൊരു റിയല്‍ എസ്റ്റേറ്റ് നിക്ഷേപത്തിനു മുമ്പും അവയുടെ പുനര്‍ വില്‍പന സാധ്യതകള്‍ മനസിലാക്കിയിരിക്കണം. ഭാവിയില്‍ വസ്തുവിന്റെ വില ഉയരേണ്ടത്, തുടക്കത്തിലെ നിക്ഷേപത്തിന്മേല്‍ ആരോഗ്യകരമായ ആദായം ഉറപ്പാക്കുന്നതിനും നിര്‍ണായകമാണ്. വീട് മേടിക്കുന്ന ഘട്ടത്തില്‍ ഭൂരിഭാഗം നിക്ഷേപകരും വിസ്മരിക്കുന്ന ഘടകമാണിത്. ബജറ്റിലൊതുങ്ങുന്ന പദ്ധതിയെന്നത് മാത്രമാണ് പരിഗണിക്കുന്നതെങ്കില്‍ പിന്നീട് തിരിച്ചടിയാകാനും സാധ്യതയുണ്ട്. നിലവില്‍ ആവശ്യപ്പെടുന്ന വിലയില്‍ ഭാവി സാധ്യതയുടെ മൂല്യം എത്രത്തോളം അടങ്ങിയിട്ടുണ്ടെന്നും വിലയിരുത്തുക.