Asianet News MalayalamAsianet News Malayalam

ശക്തനായ എതിരാളിയെ വിലയ്ക്ക് വാങ്ങാനൊരുങ്ങി ബൈജൂസ്

സെയ്ഫ് പാർട്ണേർസ്, ഹെലിയോൺ വെഞ്ച്വേർസ് തുടങ്ങിയ കമ്പനികളുടെ പിന്തുണയോടെയാണ് ടോപറിന്റെ പ്രവർത്തനം. കൊവിഡ് കാലത്ത് എഡ്-ടെക് രംഗത്ത് വൻ കുതിപ്പുണ്ടാക്കിയ ബൈജൂസിന്റെ ഏറ്റവും പുതിയ ലക്ഷ്യമാണ് ഈ കമ്പനി. 

Byjus set to acquire edtech rival Toppr for $150 million Report
Author
Bengaluru, First Published Feb 16, 2021, 12:35 AM IST

ഇന്ത്യയിലെ ഏറ്റവും വലിയ ഇ-ലേണിങ് സ്റ്റാർട്ട്അപ്പ് കമ്പനിയായ ബൈജൂസ് പ്രമുഖ എതിരാളിയായ ടോപർ ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിനെ വിലയ്ക്ക് വാങ്ങുന്നു. 150 ദശലക്ഷം ഡോളറിന്റേതാണ് ഇടപാടെന്നാണ് വിവരം. അഞ്ച് മുതൽ 12 വരെ ക്ലാസുകളിലുള്ള വിദ്യാർത്ഥികൾക്ക് പഠനസഹായിയാണ് ടോപർ.

സെയ്ഫ് പാർട്ണേർസ്, ഹെലിയോൺ വെഞ്ച്വേർസ് തുടങ്ങിയ കമ്പനികളുടെ പിന്തുണയോടെയാണ് ടോപറിന്റെ പ്രവർത്തനം. കൊവിഡ് കാലത്ത് എഡ്-ടെക് രംഗത്ത് വൻ കുതിപ്പുണ്ടാക്കിയ ബൈജൂസിന്റെ ഏറ്റവും പുതിയ ലക്ഷ്യമാണ് ഈ കമ്പനി. അതിവേഗം വികാസം ലക്ഷ്യമിട്ടാണ് ബൈജൂസിന്റെ മുന്നോട്ട് പോക്ക്. കഴിഞ്ഞ മാസമാണ് ആകാശ് എജുക്കേഷണൽ സർവീസസ് ലിമിറ്റഡിനെ ഒരു ബില്യൺ ഡോളറിന് വാങ്ങാൻ ബൈജൂസ് തീരുമാനിച്ചത്.

ഈ വിൽപ്പനയെ കുറിച്ച് ബൈജൂസോ ടോപറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2011 ൽ ബെംഗളൂരുവിൽ ജന്മമെടുത്ത ബൈജൂസ് ഇന്ന് ലോകരാജ്യങ്ങളിൽ അറിയപ്പെടുന്ന കമ്പനിയായി വളർന്നുകഴിഞ്ഞു. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയാണ് ടോപർ. വീഡിയോ ക്ലാസ്, മോക് ടെസ്റ്റ്, റിവിഷൻ കാർഡ്, ഇൻസ്റ്റഗ്രാം സ്റ്റോറീസ്, ലൈവ് സപ്പോർട്ട് തുടങ്ങി സാധ്യമായ എല്ലാ വഴികളിലൂടെയും വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കുകയാണ് ഇവർ ചെയ്യുന്നത്.

അന്താരാഷ്ട്ര തലത്തിൽ പ്രവർത്തനം വ്യാപിപ്പിച്ച ടോപറിനൊപ്പം 16 ദശലക്ഷം വിദ്യാർത്ഥികളുണ്ട്. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ അന്തിമ ഘട്ടത്തിലാണെങ്കിലും അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

 

Follow Us:
Download App:
  • android
  • ios