Asianet News MalayalamAsianet News Malayalam

'ഹർത്താൽ ഭയന്നാണോ ബിഎംഡബ്ല്യു കേരളം വിട്ടത്?' പ്രചരിക്കുന്ന കഥയിലെ വാസ്തവം വെളിപ്പെടുത്തി വ്യവസായി, വീഡിയോ

'ബിഎംഡബ്ല്യു പ്രതിനിധികള്‍ കേരളത്തിലെത്തിയ ദിവസം ഹര്‍ത്താലുണ്ടായിരുന്നു എന്നത് വസ്തുത. എന്നാൽ സംഭവിച്ചത്...'

c balagopal says about fact behind bmw kerala harthal social media story joy
Author
First Published Oct 13, 2023, 11:55 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെത്തിയ ബിഎംഡബ്ല്യു കമ്പനി പ്രതിനിധികള്‍ ഹര്‍ത്താല്‍ കണ്ട് തിരിച്ചുപോയെന്ന പ്രചരണത്തിന്റെ വസ്തുത വെളിപ്പെടുത്തി പ്രമുഖ വ്യവസായി സി ബാലഗോപാല്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പത്തെ സംഭവത്തെ കുറിച്ച് ഇന്നും പ്രചരിക്കുന്നത് വ്യാജകഥയാണെന്ന് ബാലഗോപാല്‍ പറഞ്ഞു. ബിഎംഡബ്ല്യു പ്രതിനിധികള്‍ കേരളത്തിലെത്തിയ ദിവസം ഹര്‍ത്താലുണ്ടായിരുന്നെന്നും എന്നാല്‍ അവരെ പോലെയൊരു ആഗോള കമ്പനിക്ക് അതൊന്നും ഒരു പ്രശ്‌നമേ അല്ലായിരുന്നെന്ന് ബാലഗോപാല്‍ പറഞ്ഞു. വിഷയത്തില്‍ ബാലഗോപാല്‍ സംസാരിക്കുന്ന വീഡിയോ മന്ത്രി പി രാജീവാണ് പങ്കുവച്ചത്.

സി ബാലഗോപാല്‍ പറഞ്ഞത്: ''ബിഎംഡബ്ല്യു തിരുവനന്തപുരത്തെത്തിയ ദിവസം ഹര്‍ത്താലുണ്ടായിരുന്നു. അത് വസ്തുതയാണ്. പക്ഷെ ഹര്‍ത്താല്‍ കണ്ട് തിരിച്ചു പോയി എന്നാണ് കഥ. അവര്‍ വന്നു ചര്‍ച്ച നടന്നു. ശേഷം അവര്‍ക്ക് തിരുവനന്തപുരത്ത് നിന്ന് കൊച്ചിക്ക് റോഡ് മാര്‍ഗം പോകണമെന്ന ആഗ്രഹം പറഞ്ഞു. കൊച്ചിയിലെത്തിയ സംഘം കൊച്ചി ചേബര്‍ ഓഫ് കൊമേഴ്‌സ് അംഗങ്ങളുമായി കൂടിക്കാഴ്ചയും നടത്തി. ഇതിനിടെ കൊച്ചി ചേബര്‍ ഓഫ് കൊമേഴ്‌സ് പ്രതിനിധികള്‍, ബിഎംഡബബ്ല്യു കമ്പനിയോട് ഹര്‍ത്താലിനെ ഓര്‍ത്ത് ആശങ്കപ്പെടേണ്ടെന്ന് പറഞ്ഞു. അതിനോട് സംഘത്തിലെ വനിതാ ചിരിച്ചു കൊണ്ട് പറഞ്ഞു, ഞങ്ങള്‍ ബിഎംഡബ്ല്യുവാണ്. ആഗോള വ്യവസായ ഭീമന്‍. ഞങ്ങളുടെ യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന ചില രാജ്യങ്ങളുടെ അവസ്ഥ നിങ്ങള്‍ക്ക് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ല. ഫാക്ടറിയില്‍ നിന്ന് 50 ട്രക്ക് ലോഡ് തുറമുഖത്തേക്ക് വിട്ടാല്‍, അതില്‍ 45 എണ്ണം അവിടെ എത്തിയാല്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. കേരളത്തിലേക്ക് 50 ട്രക്ക് വിട്ടാല്‍ 50ഉം എത്തുമെന്ന സംശയമില്ല. തിരുവനന്തപുരത്ത് നിന്ന് കൊച്ചി വരെയുള്ള 200 കിലോ മീറ്റര്‍ യാത്രയില്‍ ഞങ്ങള്‍ ഒരു ഭിക്ഷക്കാരനെയും ചെരുപ്പിടാത്ത ഒരാളെയും കണ്ടിട്ടില്ല. രാജ്യത്തെ വേറെ ഏത് നഗരത്തിലും തെരുവിലും കാണാന്‍ സാധിക്കുന്ന ആ കാഴ്ച കേരളത്തിലെ യാത്രയില്‍ കണ്ടിട്ടില്ല.''

കേരളത്തില്‍ വന്ന ബിഎംഡബ്ല്യു കമ്പനി ഹര്‍ത്താല് കണ്ട് തിരിച്ചുപോയി എന്നത് പലയാവര്‍ത്തി കേട്ടവരാകും മലയാളികള്‍. ഈ വാര്‍ത്തയുടെ നിജസ്ഥിതി പറയുകയാണ് പ്രമുഖ വ്യവസായി സി ബാലഗോപാല്‍. ലോകം ചുറ്റിക്കഴിഞ്ഞ വ്യാജവാര്‍ത്തയാണെങ്കിലും സത്യമൊന്ന് ചെരുപ്പിട്ട് നടന്നുനോക്കട്ടെയെന്നാണ് വീഡിയോ പങ്കുവച്ച് മന്ത്രി രാജീവ് പറഞ്ഞത്. 
 

Follow Us:
Download App:
  • android
  • ios