Asianet News MalayalamAsianet News Malayalam

കൊച്ചിന്‍ റിഫൈനറിയും ഭാരത് പെട്രോളിയവും വിറ്റഴിക്കുമെന്ന് ധനമന്ത്രി; കേന്ദ്ര മന്ത്രിസഭയില്‍ നിര്‍ണായ തീരുമാനങ്ങള്‍

രാജ്യത്തെ പ്രധാന ഇന്ധനവിതരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ഇതോടൊപ്പം ബിപിസിഎല്ലിന്‍റെ നടത്തിപ്പ് അടക്കമുള്ള ചുമതലകളും സര്‍ക്കാര്‍ ഒഴിയും.

cabinet approved the plan for disinvestment in BPCL and Cochin Refinery
Author
Delhi, First Published Nov 20, 2019, 10:14 PM IST

ദില്ലി:കൊച്ചിന്‍ റിഫൈനറിയും ബിപിസിഎല്ലുമടക്കം പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങള്‍ വിറ്റഴിക്കുമെന്ന് പ്രഖ്യാപിച്ച് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. പൊതുമേഖലസ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിക്കുന്ന കാര്യം ഇന്ന് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം വിശദമായി ചര്‍ച്ച ചെയ്തതെന്നും ഭാരത് പെട്രോളിയമടക്കം പ്രധാനപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റൊഴിയാനുള്ള പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയതായും നിര്‍മലാ സീതാരാമന്‍ അറിയിച്ചു. 

രാജ്യത്തെ പ്രധാന ഇന്ധനവിതരണ കമ്പനിയായ ഭാരത് പെട്രോളിയത്തിന്‍റെ 53.29 ശതമാനം ഓഹരികളും സര്‍ക്കാര്‍ വില്‍ക്കും. ഇതോടൊപ്പം ബിപിസിഎല്ലിന്‍റെ നടത്തിപ്പ് അടക്കമുള്ള ചുമതലകളും സര്‍ക്കാര്‍ ഒഴിയും. ബിപിസിഎല്ലിന് കീഴിലെ കൊച്ചിയിലെ റിഫൈനറി വിറ്റൊഴിയും. അതേസമയം അസമിലെ റിഫൈനറി സര്‍ക്കാരിന് കീഴില്‍ തുടരും. ഷിപ്പിംഗ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികളും സര്‍ക്കാര്‍ വില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കണ്ടയ്നര്‍ കോര്‍പറേഷന്‍റെ ഓഹരിയും വില്‍പനയ്ക്ക് എത്തും.  

ഇന്ന് രാവിലെ ആറരയ്ക്ക് ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് നിര്‍ണായകമായ ഈ തീരുമാനങ്ങളുണ്ടായിരുന്നത്. രണ്ട് മണിക്കൂറോളം നീണ്ട മന്ത്രിസഭായോഗത്തില്‍ ആറ് പൊതുമേഖലാ സ്ഥാപനങ്ങളുടെ നടത്തിപ്പ് അവകാശം അടക്കം വിറ്റൊഴിയാന്‍ തീരുമാനിച്ചു. കൊച്ചിന്‍, മുംബൈ റിഫൈനറികള്‍ അടക്കം ഇതോടെ സ്വകാര്യ മേഖലയ്ക്ക് തുറന്നു കിട്ടും. ഇതു കൂടാതെ നിരവധി പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരികള്‍ വിറ്റൊഴിയാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഈ കമ്പനികളിലെ കേന്ദ്രസര്‍ക്കാരിന്‍റെ ഓഹരി പങ്കാളിത്തം 51 ശതമാനമായി കുറയ്ക്കാനാണ് തീരുമാനം. 

സെപ്ക്ട്രം ലേലത്തുകയായി 94000 കോടി അടയ്ക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതിനെ തുടര്‍ന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ മൊബൈല്‍ കമ്പനികള്‍ക്കും മന്ത്രിസഭായോഗം ഇളവ് നല്‍കി. കുടിശ്ശിക രണ്ട് വര്‍ഷം കൊണ്ട് അടച്ചു തീര്‍ക്കാന്‍ സര്‍ക്കാര്‍ കമ്പനികള്‍ക്ക് സമയം നല്‍കും. വിപണിയിലെ ഉള്ളിക്ഷാമം പരിഹരിക്കാന്‍ 1.20 ലക്ഷം മെട്രിക് ടണ്‍ ഉള്ളി വിദേശത്ത് നിന്നും ഇറക്കുമതി ചെയ്യാനും കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. 
 

Follow Us:
Download App:
  • android
  • ios